വക്താവ് സ്ഥാനമില്ലാത്ത ഉണ്ണിത്താന്‍ ഇനി സുധീരന്റെ മൈക്ക്

വിശ്വസ്തനായ പോരാളിക്ക് പുതിയ സങ്കേതമൊരുക്കാന്‍ സുധീരന്‍ രംഗത്ത്

സുധീരനെ കെട്ടുക്കെട്ടിക്കാന്‍ പ്രതിഞ്ജയെടുത്ത് എ ഗ്രൂപ്പും

പോരാളികള്‍ നഷ്ടമായി ഒറ്റപ്പെട്ട ചെന്നിത്തലയുടെ നിശബ്ദ പിന്തുണയും എ ഗ്രൂപ്പിന്

കോണ്‍ഗ്രസില്‍ സംഭവിക്കുന്നത് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമുള്ള പൊരിഞ്ഞ ഗ്രൂപ്പുപോര്

-എസ്. ശ്രീജിത്ത്-

കോട്ടയം: കോണ്‍ഗ്രസിലെ നിലവിലെ ഗ്രൂപ്പുപോരിന്റെ പ്രധാന ലക്ഷ്യം വി.എം സുധീരനെ കെ.പി.സി.സി അധ്യക്ഷ കസേരയില്‍ നിന്നും താഴെയിറക്കുക എന്നത് തന്നെ. അതിന്റെ ഭാഗമായി ഡി.സി.സി അധ്യക്ഷ പുനസംഘടനയിലെ അതൃപ്തി ഒരു പ്രധാന പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരികയും തുടര്‍ന്ന് പാര്‍ട്ടിയില്‍ ഉണ്ടാകുന്ന കലാപങ്ങള്‍ക്ക് സുധീരനെ ഉത്തരവാദിയാക്കുക എന്നതുമാണ് എ ഗ്രൂപ്പ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇതിനായി ഐ ഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന നേതാക്കളെ കൂടെയെത്തിക്കാനും എ ഗ്രൂപ്പിന് കഴിഞ്ഞു.

കെ. സുധാകരന്‍, കെ. മുരളീധരന്‍, കെ.സി വേണുഗോപാല്‍ തുടങ്ങിയ രണ്ടാംനിരയിലെ പ്രധാന നേതാക്കളെല്ലാം ഉമ്മന്‍ചാണ്ടിക്ക് ഒപ്പമായതോടെ എ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുകയേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ. പ്രതിപക്ഷത്തിന്റെ പ്രകടനത്തെ സംബന്ധിച്ച കെ. മുരളീധരന്റെ വിമര്‍ശനത്തെപോലും എതിര്‍ക്കാന്‍ കഴിയാത്തവിധം ദുര്‍ബലനായി കഴിഞ്ഞു ചെന്നിത്തലയിപ്പോള്‍.

വി.എം. സുധീരന്റെ എല്ലാ നീക്കങ്ങള്‍ക്കും തടയിടുക എന്നതാണ് എ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ നിലപാട്. അതുകൊണ്ടുതന്നെ പാര്‍ട്ടി പ്രവര്‍ത്തനം നിശ്ചലമാണ്. കെ.പി.സി.സി നടത്തുന്ന ഒരു പരിപാടികള്‍ക്കും ആളെ കിട്ടാത്ത അവസ്ഥയാണ്. പ്രസിഡന്റാകട്ടെ നാലുനേരം പ്രസ്താവനയിറക്കിയും കത്തയച്ചും നടക്കുന്നു. ഇതു രണ്ടുമല്ലാതെ വേറെ ഒരു പ്രവര്‍ത്തനവും കെ.പി.സി.സിയിലില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പട തുടങ്ങിയാല്‍ വിജയിക്കും എന്നതു തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ കണക്കുകൂട്ടല്‍.

അതിന്റെ ഭാഗമായാണ് തന്റെ എതിര്‍ചേരിയിലുണ്ടായിരുന്ന മുരളീധരനെക്കൊണ്ടുതന്നെ പാര്‍ട്ടിക്കെതിരെ പറയിപ്പിച്ചതും, അതിന് എല്ലാ പിന്തുണയും എ ഗ്രൂപ്പ് നല്‍കിയതും. മുരളീധരന്‍ ഉന്നയിച്ച എല്ലാ വിമര്‍ശനവും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യവും. അതിനിടെ മുരളീധരനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താനെ കളത്തിലിറക്കി ഒരു തടയിടല്‍ ശ്രമം വി.എം. സുധീരന്‍ നടത്തിയെങ്കിലും പാളിയതായാണ് വിലയിരുത്തല്‍. വക്താവ് സ്ഥാനം നഷ്ടപ്പെട്ട ഉണ്ണിത്താന്റെ വരും ദിവസ നിലപാടുകള്‍ വി.എം സുധീരന്റെ വക്താവ് എന്ന നിലയിലാകും. ഇതിനായി ചില കരുക്കള്‍ സുധീരന്‍ നടത്തിയെന്നാണ് അറിവ്. ഒരു ഗ്രൂപ്പിലുമില്ലാത്ത ശശി തരൂര്‍ വഴി ഇതിനുള്ള ശ്രമങ്ങള്‍ നടന്നിട്ടുള്ളത്.

എ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ താഴെത്തട്ടില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാണ്. വി.എം സുധീരനെ മാറ്റിയാല്‍ താല്‍ക്കാലിക സംവീധാനമെന്ന നിലയില്‍ കെ. മുരളീധരനെയോ, സുധീരനെയോ ആ സ്ഥാനത്തേക്ക് കൊണ്ടുവരാമെന്നും പിന്നീട് സംധടനാ തെരഞ്ഞെടുപ്പിലൂടെ ഉമ്മന്‍ചാണ്ടിയെ ആ സ്ഥാനത്തേക്ക് അവരോധിക്കാമെന്നുമാണ് എ യുടെ കണക്കുക്കൂട്ടല്‍. ഇതിനിടെ ഐ ഗ്രൂപ്പിലെ പ്രധാന നേതാക്കള്‍ കയ്യൊഴിഞ്ഞ രമേശ് ചെന്നിത്തലയാവട്ടെ എ ഗ്രൂപ്പിനെ പിന്തുണയ്ക്കുക എന്ന നിലപാടില്‍ തന്നെയാണ്. നിലവില്‍ രമേശിന്റെ കൂടെ വളരെ കുറച്ചു നേതാക്കള്‍ മാത്രമാണുള്ളത് എന്നതും രമേശിനെ സുധീരനെതിരായ നീക്കത്തിന് പിന്തുണയ്ക്കാന്‍ പ്രേരിപ്പിക്കുന്നു.