81 കോണ്‍ഗ്രസ് സീറ്റുകളില്‍ ധാരണയായി; എംപിമാര്‍ മത്സരിക്കില്ലെന്ന് നേതാക്കൾ

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് 91 സീറ്റുകളില്‍ മത്സരിക്കും. ഇതില്‍ 81 സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. പത്തെണ്ണത്തില്‍ തീരുമാനമെടുക്കാന്‍ ബാക്കിയുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. എംപിമാര്‍ മത്സരിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

    സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്നകേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷമാണ് സീറ്റുകളുടെ കാര്യം നേതാക്കള്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങള്‍ ഞായറാഴ്ച ഡെല്‍ഹിയില്‍ വെച്ച് പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. നേമം ഉള്‍പ്പെടെ 10 സീറ്റുകള്‍ സംബന്ധിച്ച് തീരുമാനം ഉണ്ടാകേണ്ടതുണ്ട്. അക്കാര്യത്തില്‍ക്കൂടി തീരുമാനം ഉണ്ടായശേഷം പട്ടിക പ്രഖ്യാപനം ഉണ്ടാകും.

    മുസ്ലിം ലീഗിന് 27 സീറ്റുകള്‍ നല്‍കി. കേരള കോണ്‍ഗ്രസിന് 10 സീറ്റുകള്‍ നല്‍കും. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി,  ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട് തിരുവല്ല, തൃക്കരിപ്പൂര്‍ എന്നിവയാണിത്.