32 C
Kochi
Friday, April 19, 2024
വെഞ്ഞാറമൂടിലുണ്ടായ ഇരട്ട കൊലപാതകം, വെട്ടിലായത് യു.ഡി.എഫ് നേതൃത്വം

വെഞ്ഞാറമൂടിലുണ്ടായ ഇരട്ട കൊലപാതകം, വെട്ടിലായത് യു.ഡി.എഫ് നേതൃത്വം

തിരുവനന്തപുരം: വെഞ്ഞാറമൂടിലുണ്ടായ ഇരട്ട കൊലപാതകത്തോടെ പ്രതിരോധത്തിലായത് യു.ഡി.എഫ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 20-ല്‍ 19 സീറ്റും നേടുന്നതിന് കാസര്‍ഗോട്ടെ ഇരട്ട കൊലപാതകവും ഒരു ഘടകമായിരുന്നു. പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയായ കാസര്‍ഗോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കാന്‍ കാരണം തന്നെ ഈ ഇരട്ട കൊലപാതകത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പായിരുന്നു.

സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം ഉള്‍പ്പെടെയാണ് പെരിയ ഇരട്ടക്കൊല കേസില്‍ അറസ്റ്റിലായിരുന്നത്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കൃപേഷും ശരത്ത് ലാലും സജീവ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായിരുന്നു. ഈ കേസിപ്പോള്‍ സി.ബി.ഐയാണ് അന്വേഷിക്കുന്നത്. പെരിയ കൊലപാതകത്തില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ്സ് ഇപ്പോഴും ആരോപിക്കുന്നത്. ഈ ഇരട്ട കൊലപാതക കേസിന് സമാനമായ കൊലപാതകമാണിപ്പോള്‍ വെഞ്ഞാറമൂടിലും നടന്നിരിക്കുന്നത്. പെരിയയിലെ പോലെ തന്നെ ആസൂത്രിതമായാണ് ഈ കൊലപാതകങ്ങളും നടത്തിയിരിക്കുന്നത്. ഇവിടെ കൊല്ലപ്പെട്ടിരിക്കുന്നത് സജീവ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഫ്‌ഐ കല്ലിങ്ങിന്‍മുഖം യൂണിറ്റ് പ്രസിഡന്റും സിപിഎം കല്ലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് ഞായറാഴ്ച അര്‍ദ്ധരാത്രി 12.30ഓടെ ഗുണ്ടാസംഘം വടിവാള്‍ ഉപയോഗിച്ച് വെട്ടികൊല്ലപ്പെടുത്തിയത്. കോണ്‍ഗ്രസ്സ് ഗുണ്ടാസംഘമാണിത്.

തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കില്‍ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടില്‍ വെച്ച് ഇവരെ ഗുണ്ടാസംഘം തടഞ്ഞ് നിര്‍ത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയാണുണ്ടായത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഡിവൈഎഫ്ഐ നേതാവായ ഫൈസലിനെയും തേമ്പാംമൂട് വെച്ചും ഗുണ്ടാസംഘം വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസ്സ് തീറ്റി പോറ്റുന്ന ഗുണ്ടാസംഘത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടില്‍ ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നതും പൊലീസ് ഇപ്പോള്‍ അന്വേഷിച്ചു വരികയാണ്.

പെരിയ ഉയര്‍ത്തി പ്രക്ഷോഭം ഉയര്‍ത്തിയ യു.ഡി.എഫിന്, തലസ്ഥാന ജില്ലയിലെ ഇരട്ട കൊലപാതകമിപ്പോള്‍ രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാന വ്യാപകമായി പ്രതിഷേധ തീ ഉയര്‍ത്തി കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിക്കാനാണ് ഡി.വൈ.എഫ്.ഐയും ആഹ്വാനം ചെയ്തിരിക്കുന്നത്. തദ്ദേശ – നിയമസഭ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ജനവികാരം എതിരാകുമെന്ന ആശങ്ക കോണ്‍ഗ്രസ്സ് നേതൃത്വത്തിലും വ്യാപകമാണ്.

പെരിയ ആയുധമാക്കി ഡി.വൈ.എഫ്.ഐക്കും സി.പി.എമ്മിനും എതിരെ നിരന്തരം പ്രചരണം അഴിച്ചുവിടുന്ന യൂത്ത് കോണ്‍ഗ്രസ്സും വെഞ്ഞാറമൂടിലെ കൊലപാതകത്തോടെ വെട്ടിലായിട്ടുണ്ട്