ടെക്സസ് സ്കൂള്‍ നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു

കെയ്റ്റി, ടെക്സസ്: കെയ്റ്റി (KATY) വിദ്യാഭ്യാസ ജില്ലയിലെ മോര്‍ട്ടന്‍ റാഞ്ച് ഹൈസ്കൂളില്‍ കഴിഞ്ഞ 22 വര്‍ഷമായി നഴ്സായി പ്രവര്‍ത്തിക്കുന്ന കെല്ലി ബാള്‍സര്‍ കോവിഡ് ബാധിച്ചു മരിച്ചു.

സെപ്റ്റംബര്‍ 4 നു സ്കൂള്‍ പ്രിന്‍സിപ്പല്‍ ജൂലി ഹിന്‍സനാണ് സഹപ്രവര്‍ത്തകയുടെ മരണം അറിയിച്ചത്. ഓഗസ്റ്റ് 8 ന് കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയ കെല്ലി, ഒരു മാസത്തോളം രോഗവുമായി പടപൊരുതിയെങ്കിലും മരണത്തെ കീഴ്പ്പെടുത്താനായില്ല.

ഇതേ സ്കൂളിലെ അധ്യാപകനും റസ‌്‌ലിംഗ് കോച്ചുമാണ് മാര്‍ക്കാണ് ഭര്‍ത്താവ്. മകന്‍ യു.ടി.സാന്‍ അന്‍റോണിയൊ വിദ്യാര്‍ഥിയാണ്.

വാരാന്ത്യം നീണ്ട അവധി കഴിഞ്ഞു വിദ്യാലയത്തില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗിനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്ന് പ്രധാനാധ്യാപിക പറഞ്ഞു. ഇവരുടെ പേരില്‍ ഗൊ ഫണ്ട് മീ (Go fund me.com) എന്ന വെബ്പേജ് ആരംഭിച്ചിട്ടുണ്ട്. മോര്‍ട്ടന്‍ റാഞ്ച് കമ്യൂണിറ്റി കെല്ലിയുടെ മരണ വാര്‍ത്ത ഒരു ഞെട്ടലോടെയാണ് കേട്ടതെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍