ഹൈപ്പർ സോണിക് മിസൈൽ സ്വന്തമാക്കി ഇന്ത്യയും

ഇനി ലോകത്തെ ഹൈപ്പർ സോണിക് മിസൈൽ സാങ്കേതിക വിദ്യയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെയാണ് ഹൈപ്പർ സോണിക് മിസൈലുകൾ സ്വന്തമായുള്ള ക്ലബ്ബിൽ ഇന്ത്യ സ്ഥാനം നേടിയത്. ഹൈപ്പർ സോണിക് മിസൈൽ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. തിങ്കളാഴ്ച രാവിലെ 11.03 ഓടെയാണ് ഡിആർഡിഒ വികസിപ്പിച്ച ഹൈപ്പർ സോണിക് ടെസ്റ്റ് ഡെമോൺസ്‌ട്രേറ്റർ വെഹിക്കിൾ അഗ്നി മിസൈൽ ബൂസ്റ്റർ ഉഫയോഗിച്ച് പരീക്ഷിച്ചത്.

ഒഡീഷയിലെ ബലോസോറിലെ എപിജെ അബ്ദുൾ കലാം ടെസ്റ്റിങ് റേഞ്ചിൽ വെച്ചാണ് ഇന്ത്യ പരീക്ഷണം പൂർത്തിയാക്കിയത്. ഡിആർഡിഒ തലവൻ സതീഷ് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. സെക്കന്റിൽ രണ്ട് കിലോ മീറ്ററിലധികം ദൂരം പിന്നിടാൻ ഹൈപ്പർ സോണിക് മിസൈലുകൾക്ക് സാധിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഡിആർഡിഒയ്ക്ക് ഹൈപ്പർ സോണിക് മിസൈലുകൾ വികസിപ്പിക്കാനുള്ള ശേഷിയാണ് ഇതിലൂടെ നേടിയെടുത്തതെന്ന് ഡിആർഡിഒ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

പരീക്ഷണത്തിന് നേതൃത്വം നൽകിയ ഡിആർഡിഒ ശാസ്ത്രജ്ഞരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ‘ആത്മനിർഭർ ഭാരത്’ പൂർത്തീകരിക്കുന്നതിൽ ഏറ്റവും നാഴികകല്ലായ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ