മയക്കുമരുന്ന് ഉപയോഗം; കങ്കണയ്‌ക്കെതിരെ അന്വേഷണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ നടി കങ്കണ റണൗത്തിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട്‌ മഹാരാഷ്ട്ര സര്‍ക്കാര്‍. കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചുവെന്ന നടന്‍ അധ്യയന്‍ സുമന്റെ പഴയ വെളിപ്പെടുത്തലാണ് ഇപ്പോൾ പോലീസ് അന്വേഷിക്കുക. നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ടു കങ്കണയ്‌ക്കെതിരെ മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ ലഹരിക്കേസില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

കങ്കണ തന്നോടു ലഹരിമരുന്ന് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്ന നടിയുടെ മുന്‍ കാമുകന്‍ അധ്യായന്‍ സുമന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.അഭിമുഖത്തിന്റെ പകര്‍പ്പു ശിവസേന നേതാക്കളായ സുനില്‍ പ്രഭു, പ്രതാപ് സര്‍നായിക് എന്നിവര്‍ സര്‍ക്കാരിനു കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവസേന എം.എല്‍.എമാര്‍ നല്‍കിയ പരാതിയിലാണ് സർക്കാർ‌ അന്വേഷണത്തിന് ഉത്തരവിട്ടത്. കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചുവെന്നും മറ്റൊരാളെ ലഹരിമരുന്ന് ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമുള്ള വെളിപ്പെടുത്തലുകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ശിവസേന എം.എല്‍.എമാരുടെ പരാതി.