പോര്‍ക്കളത്തില്‍ സൂപ്പര്‍ പോരാട്ടം..വീഴുന്നത് ആര് ?

ധികാരം ലഭിക്കുമെന്ന് ഒരുറപ്പും ഇല്ലെങ്കിലും യു.ഡി.എഫില്‍ അധികാര വടംവലിക്ക് ഒരു കുറവുമില്ല. കോണ്‍ഗ്രസ്സിലും മുസ്ലീം ലീഗിലുമാണ് തര്‍ക്കം മുറുകുന്നത്. ഇത് പൊട്ടിത്തെറിയില്‍ കലാശിച്ചാല്‍ യു.ഡി.എഫ് ടൈറ്റാനിക്ക് പോലെ മുങ്ങി താഴും. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് തന്ത്രപരമായ നീക്കങ്ങളാണ് ഉമ്മന്‍ചാണ്ടി നടത്തി വരുന്നത്. കെ.മുരളീധരനെ രംഗത്തിറക്കാനും ഉമ്മന്‍ ചാണ്ടിക്ക് നീക്കമുണ്ട്. അധികാരം കിട്ടിയാല്‍ ആദ്യ രണ്ട് വര്‍ഷം ഉമ്മന്‍ ചാണ്ടി പിന്നെ രമേശ് ചെന്നിത്തല എന്ന നിര്‍ദ്ദേശവും അണിയറയില്‍ സജീവമാണ്. എന്നാല്‍ മുരളിയെ ഇറക്കി ഐ ഗ്രൂപ്പിനെ പിളര്‍ത്താനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്. മുഖ്യമന്ത്രി കസേര പോയിട്ട് ആഭ്യന്തര വകുപ്പ് പോലും ഭരണം ലഭിച്ചാല്‍ ചെന്നിത്തലയ്ക്ക് നല്‍കില്ലെന്നതാണ് ഉമ്മന്‍ ചാണ്ടി വിഭാഗത്തിന്റെ നിലപാട്.

കോണ്‍ഗ്രസ്സില്‍ ‘എ’ വിഭാഗം ശക്തരായതിനാല്‍ ഈ പിടിവാശി ‘ആക്ഷനിലേക്ക്’ കടന്നാല്‍ വലിയ പ്രത്യാഘാതം തന്നെയാണുണ്ടാകുക. കാലുവാരലിനെ എ- ഐ വിഭാഗങ്ങള്‍ ഒരു പോലെയാണ് ഭയക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചവറ, കുട്ടനാട് മണ്ഡലങ്ങളിലും പാരവെയ്പ്പിന് സാധ്യത കൂടുതലാണ്. ഈ രണ്ട് മണ്ഡലങ്ങളില്‍ ഒന്നില്‍ വിജയിച്ചാല്‍ പോലും അത് ചെന്നിത്തലയുടെ നേട്ടമായി ചിത്രീകരിക്കാനാണ് ഐ വിഭാഗത്തിന്റെ നീക്കം. മറിച്ചായാല്‍ ‘എ’ വിഭാഗത്തിനാണ് തോല്‍വി ഗുണം ചെയ്യുക. ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റണമെന്നു വരെ എ വിഭാഗം അപ്പോള്‍ ആവശ്യപ്പെടും. ലീഗും ഈ നിലപാടിനെ പിന്തുണയ്ക്കാനാണ് സാധ്യത. മുഖ്യമന്ത്രി കസേര നോട്ടമിടുന്ന മുല്ലപ്പള്ളി രാമചന്ദ്രനും ആഗ്രഹിക്കുന്നത് കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തന്നെയാണ്. എ.കെ ആന്റണിയും ‘തര്‍ക്കം’ മുതലെടുക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്.മുഖ്യമന്ത്രി കസേര മോഹികള്‍ ഇതാണെങ്കില്‍ മന്ത്രി മോഹികള്‍ ഇതിലും ഇരട്ടിയാണ്. എം.പി സ്ഥാനം രാജിവച്ച് മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഒട്ടുമിക്ക നേതാക്കളും ഉണ്ട്. കെ.സുധാകരന്‍, കെ.മുരളീധരന്‍, ബെന്നി ബഹന്നാന്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ ഈ ലിസ്റ്റില്‍പ്പെടും. ഇവരില്‍ പലരും ഗ്രൂപ്പ് നേതാക്കള്‍ കൂടി ആയതിനാല്‍ മടങ്ങി വരുന്നതിനോട് സ്വന്തം ഗ്രൂപ്പുകാര്‍ക്ക് തന്നെ യോജിപ്പില്ലെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. തങ്ങളുടെ അവസരം നഷ്ടപ്പെടുമോയെന്നതാണ് ഇവരുടെ ഭയം. എം.പിമാരുടെ മന്ത്രി മോഹം പുറത്തായത് യു.ഡി.എഫിനിപ്പോള്‍ ശരിക്കും തിരിച്ചടിയായിട്ടുണ്ട്. ഇടതുപക്ഷം വ്യാപകമായാണ് അധികാരത്തോടുള്ള ഈ ‘ആര്‍ത്തി’ പ്രചരണമാക്കിയിരിക്കുന്നത്. മത്സരിക്കാന്‍ ഒരു എം.പിക്ക് അനുമതി കൊടുത്താല്‍ പോലും ഹൈക്കമാന്റാണ് വെട്ടിലാകുക. പിന്നീട് മറ്റുള്ളവര്‍ക്കും ഹൈക്കമാന്റ് അനുമതി നല്‍കേണ്ടി വരും. ഉള്ള ലോകസഭ സീറ്റുകള്‍ നഷ്ടപ്പെടാനാണ് ഇത്തരമൊരു നീക്കം അവസരം സൃഷ്ടിക്കുക. പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.

സംസ്ഥാന ഭരണം കിട്ടുമെന്ന് പോലും ഉറപ്പില്ലാത്തപ്പോഴാണ് കിട്ടിയ സ്ഥാനം കളയാന്‍ നേതാക്കള്‍ ശ്രമിക്കുന്നതെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. മുസ്ലീം ലീഗിലെയും സ്ഥിതി വ്യത്യസ്തമല്ല. കുഞ്ഞാലിക്കുട്ടി തിരിച്ചു വരുന്നതിനെ ശക്തമായാണ് മുനീര്‍ വിഭാഗം എതിര്‍ക്കുന്നത്. കെ.എം.ഷാജി, പി.കെ ഫിറോസ് തുടങ്ങിയ യുവ നേതാക്കളും പാണക്കാട് മുനവറലി തങ്ങളുമെല്ലാം മുനീറിനെ അനുകൂലിക്കുന്നവരാണ്. മുസ്ലീം ലീഗ് അദ്ധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പച്ചക്കൊടി കാട്ടിയതോടെയാണ് കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ നിന്നും മടങ്ങുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കും. ഉപമുഖ്യമന്ത്രി പദമാണ് പ്രധാന ലക്ഷ്യം. ഇതോടെ മലപ്പുറം ലോകസഭ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് അനിവാര്യമാകും.

കുഞ്ഞാലിക്കുട്ടിയുടെ ‘വഴി മുടക്കാന്‍’ അബ്ദുള്‍ വഹാബ് എം.പി ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയിട്ടില്ല. ഇദ്ദേഹവും മന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന നേതാവാണ്. മുനീര്‍ പക്ഷത്തോടൊപ്പം നില്‍ക്കാനാണ് നിലവില്‍ വഹാബും താല്‍പ്പര്യപ്പെടുന്നത്. തലമുറ മാറ്റം വേണമെന്ന നിലപാടാണ് യൂത്ത് ലീഗും ഉയര്‍ത്തിയിരിക്കുന്നത്. ഇതും ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തലവേദനയാകും. ചുരുക്കി പറഞ്ഞാല്‍ വരുന്ന തിരഞ്ഞെടുപ്പ് യു.ഡി.എഫിലെ കക്ഷികളിലാണ് പോരാട്ടത്തിന് കളമൊരുക്കുന്നത്. പാര്‍ട്ടിയില്‍ പരാജയപ്പെടുന്നവര്‍ ‘പണി’ കൊടുക്കാന്‍ ഇറങ്ങിയാല്‍ സിറ്റിംഗ് സീറ്റുകള്‍ പോലും നഷ്ടമാകുന്ന സാഹചര്യമാണുണ്ടാകുക. മുതിര്‍ന്ന യു.ഡി.എഫ് നേതാക്കളെ ആശങ്കപ്പെടുത്തുന്നതും ഈ യാഥാര്‍ത്ഥ്യമാണ്.

ഇടതുപക്ഷമാകട്ടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴി തുടര്‍ ഭരണമാണിപ്പോള്‍ ലക്ഷ്യമിടുന്നത്. കേരള കോണ്‍ഗ്രസ്സിലെ ജോസ്.കെ മാണി വിഭാഗം കൂടി എത്തുന്നതോടെ ഇടതുപക്ഷമാണ് കൂടുതല്‍ കരുത്തരാകുക. തെക്കന്‍ കേരളത്തില്‍ ജോസ് പക്ഷം നിര്‍ണ്ണായക ഘടകമാണ്. കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ജോസഫ് വിഭാഗം യു.ഡി.എഫിനും വലിയ ബാധ്യതയായി മാറും. അധികാര മോഹികളാല്‍ നിറഞ്ഞ യു.ഡി.എഫ് കപ്പല്‍ ടൈറ്റാനിക്കിന്റെ അവസ്ഥയിലേക്കാണിപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത്തവണ കരയ്ക്കടുത്തില്ലെങ്കില്‍ ഇനിയൊരിക്കലും കരകാണുകയുമില്ല എന്നതാണ് നിലവിലെ അവസ്ഥ.