പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം ഒരു ശതമാനത്തിനും താഴെ

അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം ഒരു ശതമാനത്തിനും താഴെ. മിഷിഗൺ, പെൻസിൽവേനിയ തുടങ്ങിയ പോരാട്ട സംസ്ഥാനങ്ങളിലുള്ള ഇന്ത്യൻ വംശജരുടെ വോട്ടുകൾ നിർണ്ണായകമാണ്. അമേരിക്കയിലെ മറ്റെല്ലാ വിഭാഗങ്ങളേക്കാളും ധനികരായ ഇന്ത്യൻ വംശജരുടെ പിന്തുണ റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക്‌ പാർട്ടിയും ഒരു പോലെ ആഗ്രഹിക്കുന്നുണ്ട്.ഒരു വശത്തു ജോ ബൈഡൻ ചരിത്രത്തിലാദ്യമായി, കമല ദേവി ഹാരിസ് എന്ന ഇന്ത്യൻ വേരുകളുള്ള വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായി മത്സരിക്കുന്നു. മറു വശത്തു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്ത്യയുടെയും ഉറ്റ സുഹൃത്താണ് പ്രസിഡന്റ് ഡോണൽഡ് ട്രംപ് എന്ന രീതിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രചാരണം നടത്തുന്നു. ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ സമൂഹത്തിൽ നിന്ന് വോട്ടുകൾ കൂടുതലും ഡെമോക്രാറ്റിക്‌ സ്ഥാനാർഥികൾക്കാണ് കിട്ടിയിട്ടുള്ളത്. ഇത്തവണയും അങ്ങനെയാകാനാണ് സാധ്യത എന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നുമെത്തി അമേരിക്കൻ പൗരത്വം സ്വീകരിച്ചവരിൽ കൂടുതൽപേരും യാഥാസ്ഥിതിക മനോഭാവമുള്ളവരും അമേരിക്കയിൽ തന്നെ ജനിച്ചു വളർന്ന യുവതലമുറ കൂടുതലും ലിബറൽ ചിന്താഗതിക്കാരുമാണ്. രാജ്യത്തൊട്ടാകെ വോട്ട് ചെയ്യുന്ന യുവാക്കളുടെ എണ്ണം മുൻകാലങ്ങളെക്കാൾ കൂടുതലാണ് എന്നതും ശ്രദ്ധേയമാണ്.

പ്രതിരോധ മേഖലയിലെ ഉഭയകക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന്‍ എഗ്രിമെന്റ് (BECA) കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായക ചുവടുവെയ്‌പ്പാണെന്നും, ചൈനയെ പ്രതിരോധിക്കുന്നതിൽ ട്രംപ് ഭരണകൂടം ഇന്ത്യക്കൊപ്പമാണെന്നും റിപ്പബ്ലിക്കൻ പാർട്ടി അവകാശപ്പെടുന്നു. വൻ ജനപങ്കാളിത്തത്തോടെ നടന്ന “ഹൗഡി മോദി” “നമസ്തേ ട്രംപ്” പരിപാടികളിൽ കണ്ട ട്രംപ്-മോദി സൗഹൃദം വലതുപക്ഷക്കാരായ ഇന്ത്യൻ വംശജരെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ നിന്നുള്ള കോവിഡ് കണക്കുകൾ വിശ്വസിക്കാൻ കൊള്ളില്ലെന്നും, ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്നും ഡിബേറ്റുകളിൽ ട്രംപ് പരാമർശിച്ചത് എന്തിനാണ് എന്ന ചോദ്യം ഉയരുന്നുണ്ട് .കമല ഹാരിസിന്റെ ചരിത്രപ്രധാനമായ സ്ഥാനാർഥിത്വം ഒരു വിഭാഗം ഇന്ത്യക്കാരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. തന്റെ കീഴിൽ ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളവും ദൃഢവുമാകുമെന്ന് ജോ ബൈഡൻ പറയുന്നു. എച്ച്‌ 1 ബി തൊഴിൽ വിസയിൽ ട്രംപ് ഭരണകൂടം കൊണ്ടുവന്ന മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുള്ള ബുദ്ധിമുട്ടുകളും അമേരിക്കയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന ഗ്രീൻ കാർഡ് ലഭിക്കാൻ ഇന്ത്യക്കാർ നേരിടുന്ന കാലതാമസവും താൻ അധികാരത്തിൽ വന്നാൽ പരിഹരിക്കുമെന്നും ജോ ബൈഡൻ വാഗ്ദാനം ചെയ്യുന്നു. രാജ്യങ്ങളുടെ അടിസ്ഥാനത്തിൽ നിശ്ചിത അളവിൽ മാത്രം ഗ്രീൻ കാർഡ് നൽകുന്ന കോട്ട സമ്പ്രദായം നിലവിലുള്ളതിനാല്‍ ഇന്ത്യയിൽ നിന്നുള്ള അനേകായിരങ്ങൾ ഗ്രീന്‍ കാര്‍ഡിനായി ഊഴം കാത്തിരിക്കുകയാണ്. ഈ സമ്പ്രദായം മാറ്റാനുള്ള നിയമനിർമ്മാണത്തിനായി മുന്നിട്ടിറങ്ങിയ സെനറ്റർമാരിൽ പ്രധാനി കമല ഹാരിസ് ആയിരുന്നു.അതേസമയം കാശ്മീരിലെ മനുഷ്യാവകാശം, സിറ്റിസൺഷിപ് അമെൻഡ്മെന്റ് ആക്ട് തുടങ്ങിയ വിഷയങ്ങളിൽ ജോ ബൈഡനും കമല ഹാരിസും ഇന്ത്യയെ വിമർശിച്ചിരുന്നു. മോദിയേയും ട്രംപിനേയും അനുകൂലിക്കുന്ന ഇന്ത്യക്കാരെ ഇത് ചൊടിപ്പിച്ചിട്ടുണ്ട്. ചൈനയോടും പാകിസ്താനോടുമുള്ള സമീപനത്തിൽ ഡെമോക്രാറ്റ് നേതാക്കാൾ മോദി സർക്കാരിന്റെ ഒപ്പം നിൽക്കുമോ എന്നതും വ്യക്തമല്ല.ഇന്ത്യ-അമേരിക്ക ബന്ധം എന്നതിലുപരി, അമേരിക്കയിൽ ജീവിക്കുമ്പോൾ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കാണ് ഭൂരിഭാഗം ഇന്ത്യൻ വംശജരും മുൻ‌തൂക്കം നൽകുന്നത് എന്ന് സർവേകൾ സൂചിപ്പിക്കുന്നു. കോവിഡ് മഹാമാരി ആരോഗ്യ, സാമ്പത്തിക മേഖലകളിൽ ഉണ്ടാക്കിയ ചലനങ്ങളും, പരിസ്ഥിതി, വിദ്യാഭ്യാസം, കുടിയേറ്റം എന്നിങ്ങനെയുള്ള മറ്റു വിഷയങ്ങളും ഇന്ത്യൻ വോട്ടർമാരെ സ്വാധീനിക്കുന്നുണ്ട്. ഇതിന്റെയൊക്കെ പ്രതിഫലനങ്ങളായിരിക്കും ഇന്ത്യൻ വോട്ടുകളിൽ ഉണ്ടാകാൻ സാധ്യത.