അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടപടിക്രമം

അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലത്തെ നിർണയിക്കുന്നത് പത്തിൽ താഴെ സംസ്ഥാനങ്ങളാണെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. അവയാണ് പോരാട്ട സംസ്ഥാനങ്ങൾ അഥവാ ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റ്സ് എന്ന് അറിയപ്പെടുന്നത്. വോട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ തന്നെ സുരക്ഷിത സംസ്ഥാനങ്ങളും ചാഞ്ചാട്ട സംസ്ഥാനങ്ങളുമുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളിലും ഏതെങ്കിലും ഒരു പാർട്ടിയെ തന്നെ പിന്തുണക്കുന്ന സംസ്ഥാനങ്ങളാണ് സുരക്ഷിത സംസ്ഥാനങ്ങൾ അഥവാ സേഫ് സ്റ്റേറ്റ്സ്. ഇവയെ ബ്ലൂ സ്റ്റേറ്റ്സ് എന്നും റെഡ് സ്റ്റേറ്റ്സ് എന്നു വിളിക്കുന്നു. ട്രഡീഷനലായി ഡെമോക്രാറ്റ് സംസ്ഥാനങ്ങളാണ് ബ്ലൂ സ്റ്റേറ്റ്സ്. റിപ്പബ്ലിക്കൻ കോട്ടകളെ റെഡ് സ്റ്റേറ്റ്സ് എന്നും വിളിക്കുന്നു. കാലിഫോർണിയ, ന്യൂയോർക്, കണക്ടിക്കട്ട്  തുടങ്ങിയ സംസ്ഥാനങ്ങൾ ഡെമോക്രാറ്റുകളെ എപ്പോഴും പിന്തുണക്കുമ്പോൾ മിസൗറിയടക്കം പല മധ്യ അമേരിക്കൻ സംസ്ഥാനങ്ങളും അലബാമ, വെസ്റ്റ് വിർജീനിയ തുടങ്ങി മറ്റു ചില സംസ്ഥാനങ്ങളും  റിപ്പബ്ലിക്കന്മാരെ പിന്തുണക്കുന്നു. ഏതെങ്കിലും ഒരു പാർട്ടിയെ എപ്പോഴും പിന്തുണക്കുന്ന സംസ്ഥാനങ്ങളിൽ സ്ഥാനാർഥികൾ പ്രചാരണത്തിനായി അധികം സമയമോ പണമോ ചെലവിടില്ല.  അതേസമയം ചാഞ്ചാട്ട സംസ്ഥാനങ്ങൾ, അഥവാ സ്വംഗ് സ്റ്റേറ്റ്സ്  ആണ് സ്ഥാനാർഥികളെ സംബന്ധിച്ച് പോരാട്ടമുഖങ്ങൾ. ഇവയെ പർപ്പിൾ സ്റ്റേറ്റ്സ് എന്നാണ് വിളിക്കുക.   ഈ സംസ്ഥാനങ്ങൾ ഓരോ തെരഞ്ഞെടുപ്പിലും ഓരോ പാർട്ടിയെ ആണ് പിന്തുണക്കുക. അതുകൊണ്ട് തന്നെ സ്ഥാനാർഥികൾ ഏറ്റവും കൂടുതൽ പ്രചാരണം നടത്തുന്നതും ഇവിടങ്ങളിലാണ്. അമേരിക്കൻ പ്രസിഡന്റ് ആരാകും എന്ന് നിശ്ചയിക്കുന്നത് ഈ സംസ്ഥാനങ്ങളാണെന്നു വേണമെങ്കിൽ പറയാം. അരിസോണ, ജോർജിയ,  കോളറാഡോ, ഫ്ലോറിഡ, അയോവ, മിഷിഗൺ, മിന്നസോട്ട, നെവാദ, ന്യൂ ഹാംഷയർ, നോർത്ത് കരോലീന, ഒഹായോ, പെൻസിൽവേനിയ, വിസ്കോൻസിൻ എന്നിവയാണ് പൊതുവെ പോരാട്ട സംസ്ഥാനങ്ങൾ. ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ടെക്സാസിലും നല്ല പോരാട്ടം നടക്കുമെന്നാണ് കരുതുന്നത്.  . എന്തായാലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഈ സംസ്ഥാനങ്ങൾ അമേരിക്കൻ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് അതി പ്രധാനമാണ് . ഇരുനൂറ്റിയെഴുപത് എന്ന മാജിക് നമ്പറിലേക്ക് എത്താൻ സ്ഥാനാർഥികൾക്ക് നിർണായകമാകുന്നത്  ഈ സംസ്ഥാനങ്ങളിലെ ഇലക്ട്രൽ വോട്ടുകളാണ്.  അതുകൊണ്ട് തന്നെയാണ് ഇവരെ ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റ്സ് എന്നു വിളിക്കുന്നത്.

ആർക്കാണ് വോട്ടവകാശം? എന്താണ് തെരഞ്ഞെടുപ്പ് നടപടിക്രമം?

പതിനെട്ടു വയസു തികഞ്ഞ രാജ്യത്തെ പൗരന്മാർക്കാണ് അമേരിക്കയിൽ വോട്ടവകാശമുള്ളത്. ക്രിമിനൽ കുറ്റം നേരിടുന്നവർക്കും ജയിൽവാസം അനുഭവിക്കുന്നവർക്കും പരോളിലുള്ളവർക്കും പ്രൊബേഷനിലുള്ളവർക്കും പല സംസ്ഥാനങ്ങളിലും വോട്ടു ചെയ്യാനുള്ള അവകാശം ഇല്ലാതാകുന്നു. തെരഞ്ഞെടുപ്പ് ദിവസം ക്യൂ നിന്നാണ് ഭൂരിഭാഗം അമേരിക്കക്കാരും വോട്ട് രേഖപ്പെടുത്തുന്നത്. അതേസമയം കഴിഞ്ഞ ഏതാനും വർഷങ്ങളായി പോസ്റ്റൽ വോട്ടുകളുടെ പ്രചാരവും കൂടിവരുന്നു. കോവിഡ് സാഹചര്യത്തിൽ റെക്കോഡ് ആളുകളാണ് രണ്ടായിരത്തി ഇരുപതിൽ ഏർലി വോട്ടിങ്ങിൽ പങ്കെടുത്തത്. രണ്ടായിരത്തി പതിനാറിലെ തെരഞ്ഞെടുപ്പിൽ ആകെ വോട്ടർമാരുടെ ഇരുപത്തിയൊന്ന് ശതമാനവും പോസ്റ്റൽ വോട്ടാണ് രേഖപ്പെടുത്തിയതെങ്കിൽ ഇത്തവണ ഇത് ഇതിലും എത്രയോ അധികമായിരിക്കും. ഡെമോക്രാറ്റ് നേതാക്കളടക്കം പലരും കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ മെയിൽ ഇൻ വോട്ടിങ്ങിനെ പ്രോൽസാഹിപ്പിക്കുന്നുണ്ടെങ്കിലും ഈ രീതി കൂടുതൽ വോട്ടർ ഫ്രോഡിന് ഇടയാക്കുമെന്ന നിലപാടാണ് പ്രസിന്റ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്.

ഫലമെപ്പോൾ അറിയാം

മെയിൽ ഇൻ വോട്ടുകളും കണക്കുകൂട്ടുമ്പോൾ  വോട്ടെണ്ണൽ പൂർത്തിയാകാൻ ദിവസങ്ങളെടുക്കുമെങ്കിലും സാധാരണ നിലയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന രാത്രിയിൽ തന്നെ ആര് വിജയിക്കുമെന്ന് പറയാനാകും. രണ്ടായിരത്തി പതിനാറിൽ തെരഞ്ഞെടുപ്പിന് പിറ്റേന്ന് പുലർച്ചേ മൂന്നു മണിക്കാണ് ഡോണാൾഡ് ട്രംപ് വിജയപ്രസംഗം നടത്തിയത്. എന്നാൽ ഇത്തവണ സാധാരണയിലും വൈകാനാണ് സാധ്യത. സാധാരണയേക്കാളേറെ മെയിൽ ഇൻ വോട്ടുകളാണ് ഇത്തവണ നടന്നിട്ടുള്ളത്. അത് എണ്ണിത്തിട്ടപ്പെടുത്തി ഒരു ഫല സൂചന കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നേക്കാം. ആഴ്ചകളെടുത്താലും അൽഭുതപ്പെടേണ്ടതില്ലെന്നാണ് പല കേന്ദ്രങ്ങളും പറയുന്നത്. രണ്ടായിരത്തിൽ ഫ്ലോറിഡയിലെ വോട്ടെണ്ണലിൽ വന്ന തർക്കത്തേയും നിയമപ്രശ്നത്തേയും തുടർന്ന് ഒരു മാസത്തോളം വൈകിയാണ് വിജയിയെ പ്രഖ്യാപിച്ചത്. പല സംസ്ഥാനങ്ങളും പല സമയത്താണ്  വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതും വോട്ടെണ്ണൽ തുടങ്ങുന്നതും. ഓരോ ഘട്ടത്തിലും പോരാട്ടസംസ്ഥാനങ്ങളും വരുന്നതിനാൽ ഫലമറിയാനും ഫല സൂചന കിട്ടാനും കുറച്ചു സമയം കാത്തിരിക്കേണ്ടിവരും.  പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് പുതിയ നിയമനങ്ങൾ നടത്താനും പഴയ സർക്കാരിൽ നിന്ന് വിവരങ്ങൾ കൈപ്പറ്റാനും ആഴ്ചകളോളം എടുക്കും. ജനുവരി ഇരുപതിനാണ് അമേരിക്കയിൽ നാലുവർഷം കൂടുമ്പോൾ പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.വാഷിങ്ങ്ടൺ ഡിസിയിലെ കാപ്പിറ്റോൾ ബിൽഡിങ്ങിന്റെ പടികളിൽ നിന്നുകൊണ്ടാ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രീതിയെക്കുറിച്ച് സംസാരിക്കുമ്പോൾ മറ്റു രാജ്യങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന വാക്കാണ് ഇലക്ടൽ കോളജ്. എന്താണ് ഇലക്ട്രൽ കോളജ് എന്നറിയാതെ അമേരിക്കൻ തെരഞ്ഞെടുപ്പ് പൂർണമായി മനസിലാക്കാനാകില്ല തന്നെ.

പ്രസിഡന്റിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കാൻ ഓരോ സംസ്ഥാനവും നിയമിക്കുന്ന ഒരു കൂട്ടം വ്യക്തികളടങ്ങുന്ന സംവിധാനമാണ് ഇലക്ട്രൽ കോളേജ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ജയിക്കുന്ന സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രസിഡന്റാക്കാനായി ഓരോ സംസ്ഥാനവും നിയമിക്കുന്ന പ്രതിനിധികളാണ് ഇലക്ട്രർമാർ. ഈ ഇലക്ടർമാരടങ്ങുന്ന ബോഡിയാണ് ഇലക്ട്രൽ കോളേജ്. അമേരിക്കൻ ഭരണഘടനയുടെ ആർട്ടിക്കിൾ രണ്ട് , സെക്ഷൻ ഒന്ന്, ക്ലോസ് രണ്ടിൽ ഓരോ സംസ്ഥാനത്തിലും എത്ര ഇലക്ട്രൽ വോട്ടുകളുണ്ടെന്ന് നിഷ്കർഷിച്ചിരിക്കുന്നു. 1964 മുതൽ രാജ്യം മുഴുവൻ 538 ഇലക്ടർമാരാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി നിയോഗിക്കപ്പെടുന്നത്. അമേരിക്കൻ കോൺഗ്രസിലെ വോട്ടിങ്ങ് അംഗസംഖ്യക്ക് തുല്യമായ പ്രതിനിധകിളാണ് ഇലക്ട്രൽ കോളജിലുള്ളത്. ജനപ്രതിനിധി സഭയിൽ നാനൂറ്റിമുപ്പത്തിയഞ്ച് അംഗങ്ങളും സെനറ്റിൽ നൂറ് അംഗങ്ങളും വാഷിങ്ങ്ടൺ ഡിസിയുടെ മൂന്നു പ്രതിനിധികളും ചേർന്നാണ് അഞ്ഞൂറ്റിമുപ്പത്തിയെട്ട് ആകുന്നത്. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും ഇരുനൂറ്റി എഴുപത് ഇലക്ടർമാരെയെങ്കിലും തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇരുനൂറ്റിയെഴുപത് ഇലക്ടർമാരെ കിട്ടുന്ന പാർട്ടിക്കായിരിക്കും വിജയം. അതത് സംസ്ഥാനങ്ങളിലെ ജനസംഖ്യയനുസരിച്ചാണ് ഇലക്ടർമാർ നിയോഗിക്കപ്പെടുന്നത്. അങ്ങനെ നോക്കുമ്പോൾ ഏറ്റവുമധികം ജനസംഖ്യയുള്ള കാലിഫോർണിയയിൽ തന്നെയാണ് ഏറ്റവും കൂടുതൽ ഇലക്ടർമാരുണ്ടാവുക. അമ്പത്തിയഞ്ചാണ് കാലിഫോർണിയയിലെ ഇലക്ട്രൽ കോളജ് വോട്ടുകൾ. കാലിഫോർണിയയിൽ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാർഥിക്ക് ഈ അമ്പത്തിയഞ്ച് ഇലക്ട്രൽ കോളേജ് വോട്ടുകളും ലഭിക്കും. സംസ്ഥാനത്ത് ഒരു വോട്ടിന്റെ ഭൂരിപക്ഷമാണെങ്കിൽ പോലും മുഴുവൻ ഇലകട്രൽ കോളേജ് വോട്ടുകളും വിജയിക്കു തന്നെ ലഭിക്കും. വിന്നർ ടേക്സ് ഓൾ എന്ന രീതിയാണ് ഭൂരിഭാഗം സംസ്ഥാനങ്ങളും സ്വീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ടെക്സാസും ന്യൂയോർക്കും ഫ്ലോറിഡയും വിജയിച്ചാൽ തൊണ്ണൂറ്റിയാറ് ഇലക്ട്രൽ കോളേജ് വോട്ടുകൾ ലഭിക്കും. ആ സ്ഥലങ്ങളിലെ ജനസംഖ്യയനുസരിച്ച് ഇലക്ടർമാരുടെ എണ്ണം കൂടുതലായതിനാലാണ് അത്. അതേസമയം സൗത്ത് ദക്കോത്ത, നോർത്ത് ദക്കോത്ത, മോൺടാന, വയോമിങ്ങ് , വേർമോണ്ട്, ന്യൂ ഹാംഷയർ, കണക്ടിക്കട്ട്, വെസ്റ്റ് വിർജീനിയ തുടങ്ങി എട്ടു സംസ്ഥാനങ്ങലിലും ഭൂരിപക്ഷം നേടിയാലും ജനസംഖ്യാനുപാതികമായി മുപ്പത്തിയൊന്ന് ഇലക്ട്രൽ വോട്ടുകളേ ലഭിക്കൂ. അതുകൊണ്ടാണ് പൊതുവേ സ്ഥാനാർഥികൾ ഇരുവശത്തേക്കും മാറി മാറി വോട്ടു ചെയ്യുന്ന കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നിയുള്ള പ്രചാരണം നടത്തുന്നത്. ഈ ഇലകട്രൽ കോളേജ് രീതി നിലനിൽക്കുന്നതുകൊണ്ടാണ് പോപ്പുലർ വോട്ട് നേടുന്ന സ്ഥാനാർഥി ചിലപ്പോൾ വിജയിക്കാതെ പോകുന്നത്. ഈ രീതിക്ക് വലിയ വിമർശനവുമുണ്ടെങ്കിലും ഇപ്പോഴും രണ്ടൊഴികെ എല്ലാ സംസ്ഥാനങ്ങളും ഇത് തന്നെയാണ് പിന്തുടരുന്നത്. ജനസംഖ്യ കൂടിയ സംസ്ഥാനങ്ങൾക്ക് ആവശ്യത്തിലുമധികം പ്രാധാന്യം കിട്ടുന്നുവെന്നാണ് ഒരു വിമർശനം. അതേസമയം ചെറു സംസ്ഥാനങ്ങളിലെ ഇലക്ട്രൽ വോട്ടുകളും വിജയത്തിന് നിർണായകമാണെന്നതാണ് മറുവാദം. ഇലക്ട്രൽ കോളേജിന്റെ എണ്ണം ഓരോ സംസ്ഥാനത്തും വ്യത്യസ്തമായതു കൊണ്ടും ചില സംസ്ഥാനങ്ങൾ പതിവായി ഏതെങ്കിലും ഒരു പാർട്ടിയെ തന്നെ പിന്തുണക്കുന്നതുകൊണ്ടും ഇരുവശത്തേക്കും മാറി മറിയുന്ന ചുരുക്കം ചില സംസ്ഥാനങ്ങളാണ് അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തെ നിർണിയിക്കുന്നത്. ഇവയാണ് ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റ്സ് അഥവാ പോരാട്ട സംസ്ഥാനങ്ങൾ എന്ന് അറിയപ്പെടുന്നത്.