മുഖ്യമന്ത്രിയുടെ മാറിയ മുഖം കണ്ട് ഞെട്ടി അന്വേഷണ സംഘം

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ മാറിയ മുഖം കണ്ട് ഞെട്ടി അന്വേഷണ സംഘം. പ്രത്യേക ‘അജണ്ട’ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ അതിന് അനുവദിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് പിണറായി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അതായത് കടുത്ത നിലപാട് തന്നെ സ്വീകരിക്കുമെന്ന് വ്യക്തം. മുഖ്യമന്ത്രിയുടെ ഈ നിലപാടോടെ സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ നിലപാടും ഇനി മാറും. കേന്ദ്ര ഏജന്‍സികള്‍ക്ക് അവരുടെ അന്വേഷണ പരിധിയില്‍ വരുന്ന ഫയലുകള്‍ മാത്രമേ കൈമാറുകയുള്ളൂ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. ‘ന്യായമായ അന്വേഷണത്തോടു സഹകരിക്കും, പക്ഷേ സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു മേല്‍ കടന്നു കയറിയാല്‍ നിയമ വ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഇടപെടല്‍ നടത്തുമെന്നാണ് ‘ മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

പിണറായി പറഞ്ഞ ഈ ‘ഇടപെടല്‍’ ഏത് രൂപത്തിലുള്ളതായിരിക്കുമെന്നതാണ് അന്വേഷണ സംഘത്തെയും കുഴയ്ക്കുന്നത്. മുന്‍പ് മമത ബാനര്‍ജിയുടെ ബംഗാളില്‍ നടന്ന സംഭവ വികാസങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കുമോ എന്ന കാര്യത്തിലും കേന്ദ്ര ഏജന്‍സികള്‍ക്കിടയില്‍ ആശങ്കയുണ്ട്. ശാരദ ചിട്ടി കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മിഷണറെ ചോദ്യം ചെയ്യാന്‍ എത്തിയ സി.ബി.ഐ സംഘത്തെയാണ് മമതയുടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു അത്. 40 അംഗ സി.ബി.ഐ സംഘത്തെ കമ്മിഷണറുടെ പാര്‍ക്ക് സ്ട്രീറ്റിലെ ഔദ്യോഗിക വസതിക്കു മുന്നില്‍ കാവല്‍ച്ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ തടയുകയായിരുന്നു.

കമ്മിഷണറെ കാണണമെന്നു ശഠിച്ച സി.ബി.ഐ ഉദ്യോഗസ്ഥരെ പിന്നീട് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇവരെ ആദ്യം പാര്‍ക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് ഷേക്‌സ്പിയര്‍ സരണി പൊലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയിരുന്നത്. സി.ജി.ഒ. കോംപ്ലക്‌സിലെ സി.ബി.ഐ ഓഫീസും സംസ്ഥാന പൊലീസ് വളയുകയുണ്ടായി. വിവരമറിഞ്ഞയുടന്‍ സ്ഥലത്ത് കുതിച്ചെത്തിയ ബംഗാള്‍ മുഖ്യമന്ത്രി സത്യാഗ്രഹമിരുന്നതും ദേശീയ തലത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടി കൊടുത്ത സംഭവമാണ്. അര്‍ദ്ധരാത്രി കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ പിന്നീട് പൊലീസ് വിട്ടയച്ചെങ്കിലും കേന്ദ്രത്തെ സംബന്ധിച്ച് ഈ നടപടി വലിയ ‘ഷോക്ക്’ തന്നെയായിരുന്നു. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന വാദമാണ് അന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നത്.

ഇന്ന് പിണറായി ഓര്‍മ്മപ്പെടുത്തുന്നതും ഫെഡറല്‍ സംവിധാനത്തെ കുറിച്ച് തന്നെയാണ്. കേന്ദ്ര സര്‍ക്കാറിന്റെയും ബി.ജെ.പിയുടെയും ‘കണ്ണിലെ കരടായ’ സര്‍ക്കാറുകളാണ് മമതയുടെ ബംഗാളും പിണറായി ഭരിക്കുന്ന കേരളവും. മമതയുടെ കയ്യിലിരിപ്പ് കൊണ്ട് ബി.ജെ.പിക്ക് വളരാനുള്ള സാഹചര്യമാണ് ബംഗാളിലുള്ളത്. എന്നാല്‍ കേരളത്തിലെ സ്ഥിതി അതല്ല, ഇവിടെ ബി.ജെ.പിയെ സംബന്ധിച്ച് ഇപ്പോഴും വളക്കൂറുള്ള മണ്ണല്ല. എത്ര സീറ്റുകളില്‍ വിജയിക്കുമെന്ന ഉറപ്പ് ബി.ജെ.പി നേതാക്കള്‍ക്ക് പോലും കേരളത്തിലില്ല. ഇതിന് ഒരു പ്രധാന കാരണം ഇടതുപക്ഷത്തിന്റെ പ്രതിരോധം തന്നെയാണ്. ബംഗാളില്‍ ഇടതുപക്ഷം ഭരിച്ച എല്ലാ കാലത്തും കാവിരാഷ്ട്രീയം പടിക്ക് പുറത്ത് തന്നെയായിരുന്നു. മമതയുടെ തൃണമൂല്‍ ഭരണം പിടിച്ച ശേഷമാണ് അവിടെ ബി.ജെ.പി നേട്ടമുണ്ടാക്കിയിരിക്കുന്നത്.

ത്രിപുരയിലെയും സ്ഥിതി വ്യത്യസ്തമല്ല, കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വമൊന്നാകെ കാവിയണിഞ്ഞതോടെയാണ് ഈ സംസ്ഥാനത്തും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നത്. കാവി പടയുടെ അടുത്ത ലക്ഷ്യം കേരളമാണ്. അതിന് ആദ്യം യു.ഡി.എഫ് അധികാരത്തില്‍ വരേണ്ടത് അവരുടെ കൂടി ആവശ്യമാണ്. ഇടതുപക്ഷ സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തിയാല്‍ മാത്രമേ അതും സാധ്യമാകുകയുള്ളൂ. സ്വര്‍ണ്ണക്കടത്ത് കേസും ലൈഫ് മിഷനും അതിനു വേണ്ടിയാണ് ബി.ജെ.പി ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്. കേന്ദ്ര സഹമന്ത്രി വി മുരളീധരനാണ് ഇതിനെല്ലാം പിന്നിലെന്നാണ് സി.പി.എം ആരോപിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. വിദേശ രാജ്യവുമായി ബന്ധപ്പെട്ട കേസില്‍ മറ്റൊരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല.

എന്നാല്‍ ഇത് ആയുധമാക്കി സര്‍ക്കാറിന്റെ മറ്റു പദ്ധതികളെയും വിവാദമാക്കാനാണ് ബി.ജെ.പി ഇപ്പോള്‍ ശ്രമിക്കുന്നത്. ബി.ജെ.പി നേതാക്കള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത് പിന്നീട് കേന്ദ്ര ഏജന്‍സികള്‍ പിന്തുടരുന്ന രീതിയാണ് മുഖ്യമന്ത്രിയെയും ചൊടിപ്പിച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ ശിവശങ്കറിന്റെ അറസ്റ്റ് ഏശുന്നില്ലന്ന് കണ്ടാണ് മറ്റ് പദ്ധതികളിലേക്കും അന്വേഷണം നീട്ടുന്നതെന്നാണ് ആരോപണം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ നടന്ന പദ്ധതികളെ വിവാദത്തിലാക്കാന്‍ ഇത് ശിവശങ്കറിന്റെ സ്വകാര്യ പദ്ധതിയല്ലെന്നും ഏത് ഉദ്യോഗസ്ഥന്‍ ആ സ്ഥാനത്ത് ഇരുന്നാലും നടപ്പാക്കുന്ന പദ്ധതികള്‍ തന്നെയാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ അമിതാവേശത്തിന് തടയിടുന്നതാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ നിലപാട്.

സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ കെ. ഫോണ്‍ ഉള്‍പ്പെടെയുള്ളവയിലേക്ക് അന്വേഷണം നീണ്ടതാണ് പിണറായിയെ ചൊടുപ്പിച്ചിരിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും സംസ്ഥാനത്ത് കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഈ പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ശക്തമായ മുന്നറിയിപ്പാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്‍മയുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സികളിലൂടെ ഇത്തരത്തിലുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ തന്നെയാണ് സര്‍ക്കാറിന്റെ തീരുമാനം. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങളാണ് ഉദ്യോഗസ്ഥര്‍ക്കും നിലവില്‍ നല്‍കിയിരിക്കുന്നത്.

ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളും അതിന്റെ അന്തസ്സത്തയും ക്രമാതീതമായി ലംഘിക്കപ്പെടുമ്പോള്‍ നോക്കി നില്‍ക്കാന്‍ പറ്റില്ലെന്നതാണ് സി.പി.എമ്മിന്റെയും നിലപാട്. ഇക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണയാണ് ഇടതുപക്ഷവും മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ മാനദണ്ഡങ്ങള്‍ അട്ടിമറിക്കുകയും ചിലര്‍ ആഗ്രഹിക്കുന്ന വഴികളിലൂടെ നീങ്ങുകയും ചെയ്യുന്നതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സ്വര്‍ണക്കടത്തില്‍ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കിയ കാര്യവും മുഖ്യമന്ത്രി കേന്ദ്ര സംഘത്തെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. മൊഴികളിലെയും മറ്റും ഭാഗങ്ങള്‍ സെലക്ടീവായി ചോര്‍ന്ന് മാധ്യമങ്ങള്‍ക്കു കിട്ടുന്നതിനെയും സംശയത്തോടെയാണ് സര്‍ക്കാര്‍ വീക്ഷിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ നയപരിപാടികള്‍ നടപ്പാക്കുമ്പോള്‍ ഇത്തരം അന്വേഷണം ഉണ്ടാകുന്നുവെന്നുവന്നാല്‍ നേതൃത്വമേറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുമെന്ന കാര്യവും മുഖ്യമന്ത്രി തുറന്ന് പറഞ്ഞിട്ടുണ്ട്. അന്വേഷണ ഏജന്‍സികളുടെ പരിധിയും പരിമിതിയും ലംഘിക്കുന്ന നടപടിയായാണ് ഇതിനെയെല്ലാം പിണറായി വിശേഷിപ്പിച്ചിരിക്കുന്നത്. കേന്ദ്രത്തെപ്പോലെത്തന്നെ തുല്യ ഉത്തരവാദിത്വം പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം കേന്ദ്ര സര്‍ക്കാറിനുള്ള ചുട്ട മറുപടി കൂടിയാണ്. ഭരണഘടനാപരമായ അവകാശമാണിതെന്നും സംസ്ഥാനം കീഴാളരല്ലെന്നും മോദി സര്‍ക്കാറിനെ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

സാമ്പത്തിക അസമത്വങ്ങള്‍ ലഘൂകരിക്കാനും പുരോഗമനപരമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരുകളെ പ്രതിജ്ഞാബദ്ധമാക്കുന്ന ലക്ഷ്യത്തോടെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ചിലരെ പ്രതിസ്ഥാനത്തു നിര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെ ഒരു പ്രക്രിയ നടന്നാല്‍ അതിനെ അന്വേഷണം എന്നു പറയാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. കേരളത്തില്‍ നേട്ടങ്ങളുണ്ടാക്കുന്ന പദ്ധതികളെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യം രാഷ്ട്രീയ പ്രതിയോഗികള്‍ക്കാകാം, അന്വേഷണ ഏജന്‍സികള്‍ക്കാകാമോ എന്ന ചോദ്യവും മുഖ്യമന്ത്രി ഉയര്‍ത്തി കഴിഞ്ഞിട്ടുണ്ട്.

സര്‍ക്കാറിനെ കരിവാരിത്തേക്കുന്ന ഇത്തരം നടപടികളെ എതിര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം എവിടെ ചെന്നെത്തുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. കേന്ദ്ര സംഘത്തിന് ഇനി സെക്രട്ടറിയേറ്റില്‍ വിഹരിക്കുക എളുപ്പമാകില്ല. സംസ്ഥാന ഉദ്യോഗസ്ഥരുടെ ഭാവവും വല്ലാതെ മാറും. വാശിയിലേക്ക് കേന്ദ്ര ഏജന്‍സികളും എത്തിയാല്‍ അത് കടുപ്പമേറിയ നടപടിയിലാണ് കലാശിക്കുക. കൊല്‍ക്കത്തയുടെ ‘തനിയാവര്‍ത്തനം’ കേരളത്തിലും സംഭവിച്ചാല്‍ അതിന്റെ രാഷ്ട്രീയപരമായി നേട്ടവും ഇടതുപക്ഷത്തിനാണുണ്ടാവുക. ബി.ജെ.പിയേക്കാള്‍ യു.ഡി.എഫിനെയാണ് ഇത് വെട്ടിലാക്കുക.