സംഘപരിവാറില്‍ നിന്ന് വധഭീഷണി, പൊലീസ് സംരക്ഷണം നല്‍കുന്നില്ലെന്ന് ബിന്ദു അമ്മിണി

കൊച്ചി: സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണിയുണ്ടെന്നും എന്നാല്‍ പൊലീസ് നടപടി എടുക്കുന്നില്ലെന്നും ബിന്ദു അമ്മിണി. വധ ഭീഷണി നടത്തിയ ആളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അടുത്ത ശനിയാഴ്ച കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ സത്യഗ്രഹം ആരംഭിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമലയില്‍ ഇനി പോകില്ലെന്നും പോയത് സംഘപരിവാര്‍ അഴിഞ്ഞാട്ടത്തിന് മറുപടി നല്‍കാനാണെന്നും ബിന്ദു പറഞ്ഞു. പോയതില്‍ പശ്ചാത്താപം ഇല്ലെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.

18ന് രാത്രി ഫോണിലൂടെ ദിലീപ് വേണുഗോപാല്‍ ഭീഷണിപ്പെടുത്തി. കത്തിച്ചു കളയും എന്നാണ് ഭീഷണി. ഡിജിപിക്ക് പരാതി നല്‍കിയിട്ട് നടപടിയൊന്നുമുണ്ടായില്ല. പ്രതിയുടെ ഫോണ്‍ പിടിച്ചെടുക്കുന്നില്ല. എന്നാല്‍ പൊലീസ് തന്റെ ഫോണ്‍ നല്‍കാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണെന്നും ബിന്ദു പറഞ്ഞു.ദളിതരുടെ പരാതി സ്വീകരിക്കാത്ത അവസ്ഥയാണെന്നും സുപ്രിംകോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും സംരക്ഷണം ഇല്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു. കൊയിലാണ്ടി പൊലീസ് സംരക്ഷണം തരാത്തതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ