ചെമ്പൂച്ചിറ സ്‌കൂള്‍ നിര്‍മ്മാണത്തിലെ ക്രമക്കേട്; വിദ്യാഭ്യാസ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ചെമ്പൂച്ചിറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. സ്‌കൂളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് ഷാജഹാന്‍ ഐഎഎസിനോട് നിര്‍ദ്ദേശിച്ചു.

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലമായ പുതുക്കാട് ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന കെട്ടിടത്തിന്റെ നിര്‍മാണത്തിലാണ് വ്യാപകമായ അപാകത കണ്ടെത്തിയത്. കെട്ടിടത്തിന്റെ പല ഭാഗത്തും ചുമരിലെയും മേല്‍ക്കൂരയിലെയും സിമന്റ് അടര്‍ന്നുവീഴുകയാണ്.കിഫ്ബിയുടെ 3 കോടി രൂപയും എംഎല്‍എ ഫണ്ടില്‍ നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ച് നിര്‍മ്മിച്ച, ഉദ്ഘാടനത്തിന് തയ്യാറായ സ്‌കൂള്‍ കെട്ടിടമാണിത്. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരനോട് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുയാണ് സ്‌കൂള്‍ അധികൃതര്‍.