61 സീറ്റ് നേടി തിരുവനന്തപുരം നഗരസഭ ബിജെപി പിടിക്കുമെന്ന് കെ സുരേന്ദ്രന്‍

    തിരുവനന്തപുരം നഗരസഭ ബിജെപി പിടിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 61 സീറ്റ് നേടി ഭരണം പിടിക്കുമെന്നാണ് സുരേന്ദ്രന്‍റെ അവകാശവാദം. അതില്‍ കൂടുതല്‍ സീറ്റ് ലഭിക്കാനും സാധ്യതയുണ്ട്. കോഴിക്കോട്, കൊച്ചി, കൊല്ലം എന്നിങ്ങനെ അഞ്ചു കോര്‍പ്പറേഷനുകളിലും ബിജെപി മുന്നേറ്റം നടത്തും. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിസ്മയകരമായ രീതിയില്‍ അക്കൗണ്ട് തുറക്കും. തിരുവനന്തപുരത്തെക്കുറിച്ചുള്ള തന്‍റെ അവകാശവാദം കണക്കുകളുടെ അടിസ്ഥാനത്തിലാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വോട്ടെണ്ണല്‍ ദിവസം ഉച്ചകഴിഞ്ഞ് കാണാമെന്നും കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

    സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറുമടക്കം ആരോപണവിധേയരായിട്ടും മുഖ്യമന്ത്രി മൗന വ്രതത്തിലാണെന്ന് സുരേന്ദ്രൻ  ആരോപിച്ചു.  സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം ഉണ്ടെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. അതിനിപ്പോള്‍ ജയില്‍ വകുപ്പും കുടപിടിക്കുകയാണെന്ന് സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. സ്വപ്‌നയുടെ ജീവന് ഭീഷണിയുണ്ടായ സംഭവത്തില്‍ ജയില്‍ ഡിഐജി വിഷയം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. കസ്റ്റംസിന്റെ അനുമതിയില്ലാതെ ജയിലില്‍ സ്വപ്നയെ സന്ദര്‍ശിച്ച ഉന്നത ഉദ്യോഗസ്ഥന്‍ ആരാണെന്ന് അന്വേഷിക്കണം. ജയില്‍ ഡിഐജിയില്‍ നിന്ന് മൊഴിയെടുക്കണം. സ്വര്‍ണ കള്ളക്കടത്ത് കേസിലെ സുപ്രധാന മൊഴികള്‍ തിരുത്തിക്കാനും അതുവഴി കേസ് അട്ടിമറിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ജയില്‍ വകുപ്പിനെ ദുരുപയോഗപ്പെടുത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി മറുപടി പറയാന്‍ തയ്യാറാവുന്നില്ല. പിണറായി വിജയന്‍ രാഷ്ട്രീയ വനവാസത്തിലാണോ അതോ മൗനവ്രതത്തിലാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
    ധര്‍മടത്തിരുന്ന് കൊണ്ട് മുഖ്യന്ത്രി സര്‍ക്കാരിന്റെ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് പരിശോധിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.