അമ്മയും മകളും ഒരേ വേദിയിൽ ഒരേ സമയത്ത് വിവാഹിതരായി. ഉത്തർപ്രദേശിലാണ് 53 കാരിയായ മാതാവും 27 വയസുള്ള മകളുമാണ് ഒരേ വേദിയിൽ വിവാഹിതരായത്. മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിയുടെ ഭാഗമായി വ്യാഴാഴ്ച ഗൊരഖ്പൂർ ജില്ലയിലെ പിപ്രൗലി ബ്ലോക്കിലാണ് കൗതുകകരമായ സംഭവം അറങ്ങേറിയത്. വ്യാഴാഴ്ച നടന്ന സമൂഹ വിവാഹ ചടങ്ങിൽ 63 ദമ്പതികളാണ് വിവാഹിതരായത്. അമ്മയും മകളും ഒരേ വേദിയിൽ വിവാഹിതരായ അപൂർവമായ സംഭവം സമൂഹമാധ്യമങ്ങളിലും ഇതിനോടകം വൈറലായിട്ടുണ്ട്. 53 കാരിയായ ബേലയുടെ ഭർത്താവ് ഹരിഹാർ 25 വർഷം മുൻപ് മരിച്ചു. എന്നാൽ മറ്റൊരാളെ വിവാഹം കഴിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചെങ്കിലും അതിനു സമയമായിട്ടില്ലെന്നായിരുന്നു ബേലയുടെ മറുപടി. ആദ്യ വിവാഹത്തിൽ മൂന്ന് പെൺമക്കളും രണ്ട് ആൺമക്കളുമാണ് ബേലയ്ക്ക്. അൻപത്തിയഞ്ചാം വയസിൽ, അതും മകളുടെ വിവാഹവേദിയിൽ ഭർത്താവിന്റെ ഇളയ സഹോദരനായ ജഗദീഷിനെയാണ് ബേല വിവാഹം ചെയ്തത്. അതേ വേദിയിൽ ബേലയുടെ മൂന്നാമത്തെ മകൾ ഇന്ദുവാണ് വിവാഹിതയായത്.“എന്റെ മക്കളുടെ സമ്മതത്തോടെയാണ് ഞാൻ വിവാഹിതയായത്. . മക്കളും ഞാൻ വിവാഹം കഴിച്ചതിൽ സന്തുഷ്ടരാണ്, ”- ബേല മാധ്യമങ്ങളോട് പറഞ്ഞു. ഏറെക്കാലത്തിനു ശേഷമാണെങ്കിലും അമ്മയ്ക്കും ഒരു കൂട്ട് ലഭിച്ചതിലുള്ള സന്തോഷം മകൾ ഇന്ദുവും പങ്കുവച്ചു. “എന്റെ അമ്മയും അമ്മാവനും എല്ലായ്പ്പോഴും ഞങ്ങളെ നോക്കിയിരുന്നു. ഇപ്പോൾ അവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ട്” ഇന്ദു പറഞ്ഞു.











































