കള്ളപ്പണ കേസിൽ ക്യാമ്പസ് ഫ്രണ്ട് നേതാവ് പിടിയിൽ; കൊല്ലം സ്വദേശിയെ ഇ.ഡി കസ്റ്റഡിയിലെടുത്തത് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും

    തിരുവനന്തപുരം: കള്ളപ്പണ വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് നേതാവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടി. കൊല്ലം സ്വദേശിയായ റൗഫ് ഷെരീഫിനെയാണ് ഇ.ഡി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. ഇയാൾ ക്യാമ്പസ് ഫ്രണ്ട് ജനറൽ സെക്രട്ടറിയാണ്.

    കള്ളപ്പണം വെളുപ്പിക്കൽ കേസിൽ  ഇഡിയും ഹത്രാസ് കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പൊലീസും റൗഫിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    2020 ൽ ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നും റൗഫിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ ലഭിച്ചിരുന്നു. ഈ പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

    ഹാജരാകൻ നേരത്തെ എൻഫോഴ്സമെന്റ് നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് ചൂണ്ടിക്കാട്ടി റൗഫ് അതിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

    പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ  കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം ഒൻപത് സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് പോപ്പുലർ ഫ്രണ്ടിന് വിദേശത്ത് നിന്നും പണം ലഭിച്ചതെന്ന് സംശയിക്കുന്നതായി ഇ.ഡിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

    1992 ൽ കേരളത്തിൽ പ്രവർത്തനം ആരംഭിച്ച പോപ്പുലർ ഫ്രണ്ട് ബാബറി  മസ്ജിദ് പൊളിച്ചുമാറ്റിയതിനുശേഷം മൂന്ന് മുസ്ലീം സംഘടനകളെ ലയിപ്പിച്ചാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആയത്.  22 സംസ്ഥാനങ്ങളിൽ തങ്ങൾക്ക് യൂണിറ്റുകൾ ഉണ്ടെന്നാണ് പിഎഫ്ഐയുടെ അവകാശവാദം. നിരോധിക്കപ്പെട്ട സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) അംഗങ്ങളാണ് കേരളത്തിലെ ഭൂരിഭാഗം പി‌എഫ്‌ഐ നേതാക്കളും.