ഹത്രാസില്‍ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന് ഉള്‍പ്പെടെ പണം നല്‍കിയത് റൗഫ്; ബാങ്ക് അക്കൗണ്ടില്‍ 2 കോടി എത്തിയത് സംശയകരമെന്ന് ഇ.ഡി

    കൊച്ചി: വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ (ബിഒഐ) അറസ്റ്റ് ചെയ്ത ക്യാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി കൊല്ലം അഞ്ചല്‍ സ്വദേശി കെ.എ.റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടില്‍ 2 കോടിയിലധികം രൂപയുടെ സംശയകരമായ ഇടപാടു നടന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. യുപിയിലെ ഹത്രാസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ മലയാളികള്‍ക്ക് പണം കൈമാറിയതും റൗഫ് ആണെന്ന നിഗമനത്തിലാണ് ഇ.ഡി. ഹത്രാസിലേക്ക് പോകുന്നതിനിടെ ക്യാംപസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതീഖ്വര്‍ റഹ്മാന്‍, മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍, മസൂദ് അഹമ്മദ്, ആലം പെഹല്‍വാന്‍ എന്നിവരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

    റൗഫിന്റെ പേരില്‍ മൂന്ന്  അക്കൗണ്ടുകളാണുള്ളത്. സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത ക്യാംപസ് ഫ്രണ്ട് സംഘടനയ്ക്കു വേണ്ടിയുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഈ 3 അക്കൗണ്ടുകള്‍ വഴിയാണെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ലോക്ഡൗണ്‍ കാലത്തും റൗഫിന്റെ അക്കൗണ്ടിലേക്ക് ഒരു കോടിയിലേറെ രൂപ യാണ് എത്തിയത്. ഒമാനില്‍ ജോലി ചെയ്തിരുന്ന റൗഫ് ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷമാണു പണം നിക്ഷേപിക്കപ്പെട്ടത്. ഇത്  സംശയകരമാണന്ന് ഇഡിയുടെ ന്യൂഡല്‍ഹി യൂണിറ്റിലെ അസി.ഡയറക്ടര്‍ വിനയ്കുമാര്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

    എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റൗഫിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) 14 ദിവസം റിമാന്‍ഡ് ചെയ്തു.

    നേരത്തെ മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും റൗഫ് ഹാജരായില്ല. അമ്മയ്ക്കും സഹോദരനും കോവിഡ് ബാധിച്ചെന്നും ഭാര്യ ഗര്‍ഭിണിയാണെന്നും ചൂണ്ടിക്കാട്ടി രണ്ടു തവണ ഒഴിഞ്ഞുമാറി. മൂന്നാം തവണ താന്‍ ചികിത്സയിലാണെന്നും ഇമെയില്‍ വഴി അന്വേഷണ സംഘത്തെ അറിയിച്ചു. എന്നാല്‍ ഇതിനിടയില്‍ രഹസ്യമായി വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് റൗഫ് വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്.