കണ്ണൂര്‍: തദ്ദേശ തിരഞ്ഞൈടുപ്പിൽ എൽ.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടാകുമെന്നും അതായിരിക്കും ജനവിധിയെന്നും സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിക്കുന്ന അംഗീകാരമായിരിക്കും തെരഞ്ഞെടുപ്പ് ഫലം. ബി.ജെ.പിയുടെ വളര്‍ച്ച കേരളത്തില്‍ പടവലങ്ങ പോലെ കീഴോട്ടാണെന്നും കോടിയേരി പറഞ്ഞു. കോടിയേരി ബേസിക്ക് യു.പി.സ്‌കൂളില്‍ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.
“കോവിഡ് കാലത്ത് പട്ടിണിയില്ലാതെ കേരളത്തിലെ ജനങ്ങളെ രക്ഷിച്ച സര്‍ക്കാരിനല്ലാതെ ആര്‍ക്കാണ് ജനം വോട്ട് ചെയ്യുക? 600 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ 1400 ആക്കിയ സര്‍ക്കാരിനല്ലാതെ വീണ്ടും 600 ആക്കണമെന്ന് പറയുന്ന സര്‍ക്കാരിനാരെങ്കിലും വോട്ട് ചെയ്യുമോ? അതായിരിക്കും ഈ തിരഞ്ഞെടുപ്പിന്റെ ജനവിധി. കഴിഞ്ഞ തവണ ഏഴു ജില്ലാകളിലായിരുന്നു ഇടത് മുന്നേറ്റമെങ്കിൽ ഇത്തവണ 14 ജില്ലകളിൽ 13 ലും എൽ.ഡി.എഫ് മുന്നേറും” കോടിയേരി പറഞ്ഞു.
സ്വര്‍ണ്ണക്കടത്തിനെ തുടർന്നുണ്ടായ ആരോപണങ്ങൾ കള്ള പ്രചാരണമാണെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. വൈകുന്നേരത്തെ അന്തിച്ചര്‍ച്ചകളില്‍ മാത്രമാണ് അതൊരു വിഷയം. തെരഞ്ഞെടുപ്പില്‍ അത് വിഷയമല്ലെന്നും കോടിയേരി പറഞ്ഞു. തെഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫില്‍ പൊട്ടിത്തെറിയുണ്ടാകും. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുപിടിച്ച കോണ്‍ഗ്രസ് നയത്തെ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മറ്റിക്ക് പോലും അംഗീകരിക്കാനായിട്ടില്ലെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.
ബി.ജെ.പി. ഇതര സര്‍ക്കാരുകളെ അട്ടിമറിക്കാനും എം.എല്‍.എമാരെ കാലു മാറ്റാനും ഉപയോഗിക്കുന്നത് കേന്ദ്ര ഏജന്‍സികളെയാണ്. ഇവിടുത്തെ സര്‍ക്കാരിനെ തകര്‍ക്കാന്‍ പറ്റുന്നില്ല. എം.എല്‍.എമാരെ മാറ്റാന്‍ പറ്റുന്നില്ല. രാഷ്ട്രീയ നേതാക്കളെ മാറ്റാന്‍ പറ്റുന്നില്ല. അതിനാല്‍ മറ്റുപല കുതന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
 
            


























 
				
















