അനുശ്രീയും രക്ഷിച്ചില്ല’; തിരഞ്ഞെടുപ്പിലെ താര സ്ഥാനാര്‍ഥികള്‍ക്കും തോല്‍വി

    താര സ്ഥാനാര്‍ഥികളായിരുന്ന നെല്‍സണ്‍ ഐപ്പും റിനോയ് വര്‍ഗീസും തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയപ്പെട്ടു. മമ്മൂട്ടി ചിത്രം മധുരരാജയുടെ നിര്‍മാതാവായിരുന്നു നെല്‍സണ്‍ ഐപ്പ്.കുന്നംകുളം നഗരസഭയിലെ അഞ്ചാം വാര്‍ഡായ വൈശേരിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച നെല്‍സണ്‍ ഐപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയോടാണ് പരാജയപ്പെട്ടത്.

    എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിഎംസുരേഷ് 218 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സുരേഷ് 426 വോട്ടുകള്‍ നേടിയപ്പോള്‍ നെല്‍സണ്‍ ഐപ്പ് 208 വോട്ടുകള്‍ മാത്രമാണ് നേടിയത്.

    നടി അനുശ്രീ പ്രചരണത്തിനിറങ്ങി വോട്ട് ചോദിച്ച് ശ്രദ്ധേയനായ സ്ഥാനാര്‍ഥിയാണ് റിനോയ്. ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയത്.

    റിനോയ് വര്‍ഗീസിന് വെറും 132 വോട്ടുകള്‍ മാത്രമാണ് നേടാനായത്. സിപിഎമ്മിന്റെ എം.ആര്‍. മധുവാണ് ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ വിജയിച്ചത്. 411 വോട്ടുകളാണ് നേടിയാണ് മധു വിജയം സ്വന്തമാക്കിയത്. സ്വതന്ത്രനായി മത്സരിച്ച രഞ്ജന്‍ പുത്തന്‍പുരയ്ക്കല്‍ 400 വോട്ടുകള്‍ നേടി രണ്ടാമതായി.

    ചെന്നീര്‍ക്കര പഞ്ചായത്ത് 12-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന്റെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെയും പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് അനുശ്രീ പങ്കെടുത്തിരുന്നത്. റിനോയ് വര്‍ഗ്ഗീസുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് അനുശ്രീ പ്രചരണത്തിനെത്തിയത്.