നസീറും ജയനും മധുവും ജയിച്ചു; മോഹന്‍ലാലും രജനീകാന്തും തോറ്റു

    ആലപ്പുഴ: പേരുകൊണ്ടുതന്നെ താരങ്ങളായവരും ഇക്കുറി മത്സരത്തിനുണ്ടായിരുന്നു. ആലപ്പുഴ നഗരസഭയിലേക്ക് മത്സരിച്ച നസീറും ജയനും മധുവും വിജയിച്ചപ്പോള്‍ മാവേലിക്കരയില്‍ മോഹന്‍ലാല്‍ തോറ്റു. സിപിഐ അമ്പലപ്പുഴ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബി.നസീര്‍ (വലിയകുളം), എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി ഡി.പി.മധു (ആറാട്ടുവഴി), എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റും സിപിഐ ആശ്രമം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ കെ.എസ്.ജയന്‍ (ചാത്തനാട്) എന്നിവരാണു വിജയിച്ചത്. ബി.നസീര്‍ 109 വോട്ടിനാണു വിജയിച്ചത്. ആറാട്ടുവഴിയില്‍ ഡി.പി.മധുവിന് 141 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.

    ചാത്തനാട് മത്സരിച്ച കെ.എസ്.ജയന് 57 വോട്ടിന്റെ ഭൂരിപക്ഷമാണ്. അതേസമയം, മാവേലിക്കര നഗരസഭ 27-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയി മത്സരിച്ച ഡിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍.മോഹന്‍ലാല്‍  251 വോട്ടുകള്‍ക്കു പരാജയപ്പെട്ടു. ഇവിടെ സിറ്റിങ് ബിജെപി കൗണ്‍സിലര്‍ ഉമയമ്മ വിജയകുമാര്‍ ആണ്  വിജയിച്ചത്. ഹരിപ്പാട് നഗരസഭ കെഎസ്ആര്‍ടിസി 25-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു രജനീകാന്ത് സി. കണ്ണന്താനവും പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥി പി.എസ്.നോബിളാണ് ഇവിടെ വിജയിച്ചത്.