മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായി

    ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി.

    നാല് തവണ നോട്ടീസ് അയച്ച ശേഷമാണ് ഇന്ന് ഹാജരായത്. നോട്ടീസ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്. താന്‍ ഒരു കേസിലും പ്രതിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ തവണ നോട്ടീസ് നല്‍കിയതിന് പിന്നാലെ രവീന്ദ്രന് കോവിഡ് പോസിറ്റീവായിരുന്നു.

    പിന്നീട് വീണ്ടും ഇ.ഡി നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡാനന്തര ചികിത്സയ്ക്കായി അദ്ദേഹം മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് സി.പി.എം ഇടപെടുകയും രവീന്ദ്രന്‍ ഡിസ്ചാര്‍ജ്ജ് ആവുകയും ചെയ്തു.

    മൂന്നാംതവണ നോട്ടീസ് അയച്ചപ്പോള്‍ അദ്ദേഹം വീണ്ടും മെഡിക്കല്‍കോളജില്‍ അഡ്മിറ്റായി. തലവേദനയും കഴുത്തുവേദനയും ഉണ്ടെന്നാണ് പറഞ്ഞത്. ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് സഹിതം ഇ.ഡിക്ക് മെയിലും അയച്ചിരുന്നു. രണ്ടാഴ്ചത്തെ വിശ്രമം വേണമെന്നും അതിന് ശേഷം ഹാജരാകാമെന്നും മെയിലില്‍ പറഞ്ഞിരുന്നു.