നേതാക്കളെ പുറത്താക്കണം; കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ പോസ്റ്റര്‍

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ  നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നില്‍ പോസ്റ്റര്‍. ഇന്ന് രാഷ്ട്രീയ കാര്യസമിതി യോഗം ചേരാനിരിക്കെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

    ഇന്ദിരാഭവന് പുറമെ തിരുവനന്തപുരത്ത് പലയിടത്തും കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു. നഗരസഭാ സീറ്റ് വിറ്റെന്നാണ് പോസ്റ്ററിലെ പ്രധാന ആരോപണം. മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരെ പുറത്താക്കണമെന്ന് പോസ്റ്ററില്‍ ആവ്യപ്പെടുന്നു.

    തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ച തരത്തിലല്ലെന്ന് വ്യക്തമായതോടെ യു.ഡി.എഫ്. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിത്തറയ്ക്ക് ഒന്നും സംഭവിച്ചില്ലെന്നാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിശദീകരണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015ലെ തെരഞ്ഞടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ യു.ഡി.എഫിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി അവകാശപ്പെടുന്നു.

    തോല്‍വിയുടെ പ്രധാനകാരണം യു.ഡി.എഫിന്റെ സംഘടനാ ദൌര്‍ബല്യമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ പ്രതികരണം. സര്‍ക്കാരിന്റെ അഴിമതി ജനങ്ങളിലേക്ക് എത്തിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ലെന്നും അതേ സമയം കോണ്‍ഗ്രസ് പുനഃസംഘടന പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ മുല്ലപ്പള്ളി പറയുന്ന അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന്റെതല്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.