ട്വന്റി ട്വന്റി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

    കിഴക്കമ്പലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി മത്സരിക്കും. കിഴക്കമ്പലം പഞ്ചായത്തിന് പുറമേ ഐക്കരനാട് പഞ്ചായത്തിലും വന്‍ വിജയം നേടി. മുഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളും പിടിച്ചെടുത്തിരുന്നു. വെങ്ങോലയില്‍ 23 സീറ്റില്‍ പത്ത് സീറ്റുകളിലും വിജയിച്ചു. എട്ട് വര്‍ഷത്തിനിടെയാണ് ട്വന്റി ട്വന്റി വലിയ വിജയം നേടിയത്. സാബു ജേക്കബ് എന്നയാളാണ് ട്വന്റി ട്വന്റിയുടെ ചെയര്‍മാന്‍. കിഴക്കമ്പലം പഞ്ചായത്തില്‍ 13 കോടി രൂപ മിച്ചംപിടിച്ചാണ് ട്വന്റി ട്വന്റി മാതൃകയായത്.

    അതത് വാര്‍ഡുകളിലെ ജനസമ്മതരും വിദ്യാഭ്യാസം ഉള്ളവരെയും ജനങ്ങള്‍ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തുക എന്നതാണ് ട്വന്റി ട്വന്റി ചെയ്യുന്നത്. സംഘടന വിപുലീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സാബു ജേക്കബ് പറഞ്ഞു.

    രാഷ്ട്രീയ പാര്‍ട്ടികളുടെ അക്രമ ശൈലിയോടും അഴിമതിയോടും ജനങ്ങള്‍ക്ക് വെറുപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ അടുത്തിടെ ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമമാണ് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.