മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇ.ഡി ഓഫീസില്‍; രണ്ടാം ദിവസവും ചോദ്യം ചെയ്യല്‍ തുടങ്ങി

    കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലാണ് ഹാജരായത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ പതിനാല് മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.രവീന്ദ്രന്റെ മൊഴി വിശദമായി വിലയിരുത്തിയ ശേഷമായിരിക്കും എന്‍ഫോഴ്സ്മെന്റ് തുടര്‍നടപടികള്‍ സ്വീകരിക്കുക. സ്വര്‍ണക്കടത്തിന് പിന്നിലെ കളളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. കേസിലെ പ്രതികള്‍ നല്‍കിയ മൊഴികളുടേയും അന്വേഷണ വേളയില്‍ കണ്ടെടുത്ത തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍,നിക്ഷേപകര്‍, ഊരാളുങ്കലിന് നല്‍കിയ വിവിധ കരാറുകള്‍ , ലൈഫ് മിഷന്‍ ഇടപാട് എന്നിവ സംബന്ധിച്ചെല്ലാം എന്‍ഫോഴ്സ്മെന്റ് വിശദമായി രവീന്ദ്രനോട് ചോദിക്കുന്നുണ്ട്. ഇന്നലെ ചോദ്യം ചെയ്യല്‍ കഴിഞ്ഞിറങ്ങിയ രവീന്ദ്രനോട് മാദ്ധ്യമങ്ങള്‍ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി.അതേസമയം, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രവീന്ദ്രന്‍ കൈമാറിയ രേഖകള്‍ ഇ ഡി വിശദമായി പരിശോധിക്കും. കഴിഞ്ഞ മൂന്ന് തവണയും ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറിയ രവീന്ദ്രന്‍ നാലാം തവണ നോട്ടീസ് നല്‍കിയ ശേഷമാണ് ഇ ഡിക്ക് മുന്നില്‍ ഹാജരായത്.