ജയ്ശ്രീറാം ബാനര്‍ വിവാദം ; പൊലീസ് കേസെടുത്തു

    പാലക്കാട്: പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ജയ്ശ്രീറാം ബാനര്‍ തൂക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തത്. ബിജെപിയുടെ ആഹ്ളാദ പ്രകടനത്തിനിടെയായിരുന്നു സംഭവം. സ്ഥാനാര്‍ഥികളുടെ പ്രതിനിധികളായി എത്തിയവരാണ് വോട്ടെണ്ണല്‍ കേന്ദ്രമായ നഗരസഭാ കെട്ടിട്ടത്തില്‍ ബാനര്‍ സ്ഥാപിച്ചത്.ബുധനാഴ്ച ഉച്ചയോടെയാണ് പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ബാനര്‍ ഉയര്‍ത്തിയത്. രണ്ട് ബാനറുകളിലൊന്നില്‍ ശിവാജിയുടെ ചിത്രത്തിനൊപ്പം ജയ് ശ്രീറാം എന്നെഴുതിയിരുന്നു. ഉടന്‍തന്നെ പൊലീസ് ഇടപെട്ട് ബാനര്‍ നീക്കം ചെയ്തു. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.