കാലഹരണപ്പെട്ട നേതൃത്വം; അരോചകമായ വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെപിസിസി എന്തുചെയ്തു?’ ആഞ്ഞടിച്ച് നേതാക്കള്‍

    തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കള്‍. കുത്തഴിഞ്ഞ സംഘടനാ സംവിധാനമാണു തദ്ദേശ തോല്‍വിക്കു  കാരണമെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ നേതൃത്വത്തിനെതിരെ കടന്നാക്രമണം. ഇതു കാലഹരണപ്പെട്ട നേതൃത്വമാണെന്നു വി.ഡി.സതീശന്‍ ആഞ്ഞടിച്ചു. 2015ലെ കണക്കു നിരത്തി പരാജയം മറച്ചു വച്ചിട്ടു കാര്യമില്ലെന്ന കൂട്ടായ വികാരം യോഗത്തില്‍ ഉയര്‍ന്നു. ഈ കണക്കുമായി വന്നു തങ്ങളെ വിഡ്ഢികളാക്കാന്‍ നോക്കേണ്ടെന്നു  ചിലര്‍ തുറന്നു പറഞ്ഞു. പി.സി.ചാക്കോ, കെ.മുരളീധരന്‍, കെ.സുധാകരന്‍, പി.ജെ.കുര്യന്‍, ഷാനിമോള്‍ ഉസ്മാന്‍, ബെന്നി ബഹനാന്‍, പി.സി.വിഷ്ണുനാഥ് തുടങ്ങിയവരും രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചു. പാര്‍ട്ടി സംഘടനയ്ക്കു സ്ഥാനാര്‍ഥികളെ സഹായിക്കാന്‍ കഴിഞ്ഞില്ല എന്ന കാര്യത്തില്‍ എല്ലാവരും യോജിച്ചു. കെപിസിസി ഭാരവാഹികള്‍ക്ക് എന്തു ചുമതലയാണു നല്‍കിയതെന്ന ചോദ്യവും ഉയര്‍ന്നു.

    വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരെ കൂട്ടായ വികാരമാണ് ഉണ്ടായത്. താന്‍ കോവിഡ് മൂലം ഒരു മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഒരു തവണയെങ്കിലും  കെപിസിസി പ്രസിഡന്റ് അന്വേഷിച്ചോ എന്നു  ഷാനിമോള്‍ ഉസ്മാന്‍ വികാരപരമായി ചോദിച്ചു. ഗ്രൂപ്പ് വീതംവയ്പുകള്‍ക്കിടയില്‍ സംഘടനയുടെ കാര്യം നേതാക്കള്‍  മറന്നു. അരോചകമായ വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെപിസിസി എന്തുചെയ്തു. നേതാക്കള്‍ പരസ്പരം പുകഴ്ത്തിക്കോളൂ എന്നാല്‍ പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല. ജനം ചോദ്യം ചെയ്യുന്ന സാഹചര്യം വന്നേക്കാമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ഇത്തരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനമെങ്കില്‍ ആറ് മാസം കഴിയുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരാജയം ചര്‍ച്ച ചെയ്യാന്‍ ഇതുപോലെ യോഗം ചെയ്യാമെന്നാണ് വി.ഡി സതീശന്‍ പരിഹസിച്ചത്. എല്ലാ ദിവസവും പത്രസമ്മേളനം നടത്തിയതു കൊണ്ടു വോട്ടു കിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.  കണക്കും ന്യായീകരണങ്ങളും നിരത്തുന്ന നേതൃത്വത്തിനു കെപിസിസി ആസ്ഥാനമിരിക്കുന്ന മണ്ഡലം കമ്മിറ്റിയില്‍ എങ്കിലും അതു  പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുമോ? തോറ്റെന്നു സമ്മതിക്കാന്‍ എങ്കിലും തയാറാകുമോ?  കിറ്റ് കൊടുത്തതു കൊണ്ടാണ് യുഡിഎഫ് തോറ്റതെങ്കില്‍ ചില ജില്ലകളില്‍ മാത്രം ജയിക്കുമോ? ബിജെപിയും സിപിഎമ്മും സമൂഹമാധ്യമങ്ങളെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസ് എന്തു ചെയ്തു എന്നു വിഷ്ണുനാഥ് ചോദിച്ചു. സ്ഥാനാര്‍ഥികളെ സാമ്പത്തികമായി സഹായിക്കാന്‍ കഴിഞ്ഞോ? പോസ്റ്റര്‍ അടിച്ചു കൊടുക്കാനെങ്കിലും പറ്റിയോ? തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്ത് പഞ്ചായത്തുകള്‍ കൂടുതല്‍ കിട്ടിയെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തിന് ‘അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പത്ത് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ മതിയോ’ എന്നായിരുന്നു പിസി വിഷ്ണുനാഥിന്റെ പ്രതികരണം.

    താഴെത്തട്ടു മുതല്‍ അഴിച്ചുപണി കൂടിയേ തീരൂവെന്നു കെ.സുധാകരന്‍ പറഞ്ഞു. പ്രവര്‍ത്തിക്കാത്ത എല്ലാവരെയും നീക്കണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പേരില്‍ നടന്നത് ഗ്രൂപ്പ് കളി മാത്രമാണെന്നു പി.ജെ.കുര്യന്‍ ആരോപിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം പാളി എന്ന അഭിപ്രായം എല്ലാവരും  പങ്കിട്ടു. വിജയസാധ്യത മാനദണ്ഡമാക്കണം എന്ന  തീരുമാനം കാര്യത്തോട് അടുത്തപ്പോള്‍ ഫലിച്ചില്ല, ഈ പാര്‍ട്ടിയില്‍ മതിയായ ചര്‍ച്ചകളും തീരുമാനങ്ങളും നടക്കുന്നുണ്ടോയെന്നു പി.സി.ചാക്കോ ചോദിച്ചു. എം.പി.വീരേന്ദ്ര കുമാറിനും ജോസ് കെ.മാണിക്കും രാജ്യസഭാസീറ്റ് നല്‍കിയതു പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടാണോ? ഈ രണ്ടു പാര്‍ട്ടികളും യുഡിഎഫ് തന്നെ വിട്ടു പോയില്ലേ?
    ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിലേക്കും ഭൂരിപക്ഷ വോട്ടുകള്‍ ബിജെപിയിലേക്കും പോവുന്നത് തടയണം. ശക്തികേന്ദ്രങ്ങളിലെ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ നടപടിയുണ്ടാവണമെന്നും യോഗത്തില്‍ ചര്‍ച്ചയുയര്‍ന്നു. മധ്യകേരളത്തിലും മധ്യതിരുവിതാകൂറിലും കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും പരമ്പരാഗത വോട്ടില്‍ അതിശക്തമായ ചോര്‍ച്ചയുണ്ടായത് ഗുരുതരമാണ്. ക്രിസ്ത്യന്‍ വോട്ടുകളില്‍ മാറ്റുണ്ടായി. അത് ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശം കൊണ്ടുമാത്രമല്ല. ന്യൂനപക്ഷ മേഖലകളിലും വോട്ട് ഗതിയില്‍ മാറ്റമുണ്ടായതായാണ് വിലയിരുത്തല്‍. തിരുത്തല്‍ നടപടികള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടത്തണമെന്നും യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. വന്‍തിരിച്ചടി ഉണ്ടായിട്ടില്ലെന്നും തിരിച്ചുവരാന്‍ യുഡിഎഫിനു കഴിയും എന്നു നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചൂണ്ടിക്കാട്ടി.
    അതേസമയം രാഷ്ട്രിയകാര്യ സമിതിയിലെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്ന് കെപിസിസി നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചു. വിമര്‍ശനങ്ങളാണ് പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നത്.

    പാര്‍ട്ടിയിലെ പരാജയ കാര്യങ്ങള്‍ അടുത്ത രാഷ്ട്രീയ കാര്യ സമിതിയില്‍ വിശദമായി ചര്‍ച്ച ചെയ്യും. അതിനു ശേഷം ഭാവി പരിപാടികള്‍ നിശ്ചയിക്കും. എല്ലാം നല്ല രീതിയില്‍ തന്നെ അവസാനിക്കും. തനിക്കെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.