കൊടുവള്ളിയിലെ ഇടതു സ്ഥാനാര്‍ഥി ‘സംപൂജ്യ’നായത് എങ്ങനെ?

    കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച 15 ാം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് പൂജ്യം വോട്ട് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്‍ ഇപ്പോഴും സംശയം വിട്ടിട്ടില്ല. ആദ്യമായിട്ടായിരിക്കും പ്രധാനമുന്നണിയുടെ സ്ഥാനാര്‍ത്ഥി പൂജ്യം വോട്ടില്‍ ഒതുങ്ങുന്നത്. പൂജ്യം വന്ന വഴി എങ്ങനെയെന്ന് നോക്കാം.

    ഇവിടെ സിപിഐഎമ്മിന് മൂന്ന് അംഗങ്ങളും 38 അനുഭാവികളുമാണ് ഉള്ളത്. ആ മൂന്ന് അംഗങ്ങളുടെ വോട്ട് പോലും എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചില്ല. ഐഎന്‍എല്‍ നേതാവും കൊടുവള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒപി അബ്ദുള്‍ റഷീദായിരുന്നു ഒരു വോട്ട് പോലും ലഭിക്കാത്ത പാര്‍ട്ടി സ്ഥാനാര്‍ത്ഥി.

    റഷീദിന്റെ വോട്ട് മറ്റൊരു വാര്‍ഡിലാണ് എന്നതാണ് കൗതുകമുള്ള മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ സ്വന്തം വോട്ടും കിട്ടിയിട്ടില്ല. നാമനിര്‍ദേശ പത്രികയെ പിന്തുണച്ച് ഒപ്പിട്ട വാര്‍ഡിലുള്ള ആളുകള്‍ പോലും വോട്ട് ചെയ്തില്ല.

    ലീഗ് വിമതനായ കാരാട്ട് ഫൈസലിനെ ആയിരുന്നു എല്‍ഡിഎഫ് ആദ്യം സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തതേടെ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയായിരുന്നു.

    പകരം അബ്ദുള്‍ റഹ്മാനെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായും കാരാട്ട് ഫൈസലിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും നിര്‍ത്തുകയായിരുന്നു. 568 വോട്ടുകള്‍ നേടി കാരാട്ട് ഫൈസല്‍ വിജയിക്കുകയും ചെയ്തു. ഫൈസലിന്റെ അപരന് ഏഴ് വോട്ടുകളാണ് ലഭിച്ചത്. മിനികൂപ്പര്‍ കാറിലേറിയായിരുന്നു ഫൈസലിന്റെ ആഹ്ലാദ പ്രകടനം. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട മിനികൂപ്പര്‍ യാത്ര വിവാദം ഈ തെരഞ്ഞെടുപ്പ് കാലത്തും സജീവമായി ചര്‍ച്ച ചെയ്തിരുന്നു.