മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി അന്തരിച്ചു

തിരുവനന്തപുരം: വയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി (86) അന്തരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സുഗതകുമാരിക്ക് ശ്വസന, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.

അരനൂറ്റാണ്ടിലേറെയായി തുടരുന്ന കാവ്യജീവിതത്തിനിടെ നിരാലംബര്‍ക്കിടയിലേക്കും തെരുവിലേക്കും കടന്നുചെന്ന സുഗതകുമാരി പരിസ്ഥിതി, ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളിയുമായിരുന്നു.

പ്രശസ്ത കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വിമന്‍സ് കോളേജില്‍ സംസ്‌കൃതം പ്രൊഫസറായിരുന്ന കാര്‍ത്യായനിയമ്മയുടേയും മകളായി 1934 ജനുവരി 22നാണ് സുഗതകുമാരിയുടെ ജനനം. തത്വശാസ്ത്രത്തില്‍ എം.എ ബിരുദം നേടിയ സുഗതകുമാരി തളിര് എന്ന മാസികയുടെ പത്രാധിപരായും സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയായും തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ മേധാവിയായും സേവനമനുഷ്ഠിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും സാമൂഹിക അനീതികള്‍ക്കെതിരായും പ്രവര്‍ത്തിക്കുകയും തൂലിക പടവാളാക്കി പൊരുതുകയും ചെയ്തു. അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം, അഭയഗ്രാമം എന്നിവയെല്ലാം സുഗതകുമാരിയുടെ സംഭാവനകളാണ്.1961ല്‍ പുറത്തിറങ്ങിയ മുത്തുച്ചിപ്പിയാണ് ആദ്യ കവിത. പിന്നീട് പാതിരാപ്പൂക്കള്‍, ഇരുള്‍ ചിറകുകള്‍, രാത്രിമഴ എന്നീ കവിതകള്‍ പ്രസിദ്ധീകരിച്ചു. രാത്രിമഴയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും സാഹിത്യപ്രവര്‍ത്തക അവാര്‍ഡും ലഭിച്ചു. 1980കള്‍ക്ക് ശേഷമാണ് സുഗതകുമാരിയുടെ തന്റെ കവിതാതലം മാറ്റാന്‍ തുടങ്ങിയത്.

പാലക്കാട് സൈലന്റ് വാലി പ്രക്ഷോഭവും തുടര്‍ന്നുണ്ടായ പരിസ്ഥിതി പ്രസ്ഥാനങ്ങളും സുഗതകുമാരിയുടെ ജീവിതത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ അത് അവരുടെ രചനകളിലും പ്രതിഫലിച്ചു. ജെസ്സി, മരത്തിന് സ്തുതി തുടങ്ങിയ കവിതകളിലൂടെയല്ലാം പ്രകൃതിയേയും മനുഷ്യനേയും കുറിച്ചുള്ള തേങ്ങലുകളാണ് സുഗതകുമാരി കുറിച്ചത്. വാര്‍ദ്ധക്യം എന്ന പേരിലുള്ള കവിതയിലൂടെ മരുഭൂമി ഉച്ച എന്ന കവിതയിലും ഈ വ്യാകുലസംഘര്‍ഷങ്ങളാണ് മുന്നിട്ടുനില്‍ക്കുന്നത്. ഭഗവാന്‍ കൃഷ്ണന്റെ കടുത്ത ഭക്തയായ സുഗതകുമാരി കൃഷ്ണഭക്തി നിറഞ്ഞുനിന്ന കവിതകളും രചിച്ചു. വാഴത്തേന്‍, ഒരു കുല പൂവും കൂടി തുടങ്ങിയ കൃതികള്‍ കുട്ടികള്‍ക്കായ് സുഗതകുമാരി രചിച്ചതാണ്.

സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം, സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ്, കേരള സാഹിത്യ അക്കാഡദമി പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2004ല്‍ കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പ് ലഭിച്ചു. ബാലാമണിയമ്മ അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്നങ്ങള്‍ക്കുള്ള ഇന്ത്യാ സര്‍ക്കാരിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, സരസ്വതി സമ്മാന്‍ എന്നിവയും സുഗതകുമാരിയെ തേടിയെത്തി. 2006ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു.പാവം മാനവഹൃദയം, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, കൃഷ്ണ കവിതകള്‍, ദേവദാസി, വാഴത്തേന്‍, മലമുകളിലിരിക്കെ, മണലെഴുത്ത് എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍. സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണം എന്ന പേരില്‍ ഡി.സി ബുക്സ് ബൃഹത്തായ ഗ്രന്ഥം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാവു തീണ്ടല്ലെ, മേഘം വന്നുതൊട്ടപ്പോള്‍, വാരിയെല്ല് തുടങ്ങിയ ലേഖന സമാഹാരങ്ങളും അമ്പലമണി, രാത്രിമഴ തുടങ്ങി പത്ത് കവിതാ സമാഹാരങ്ങളും മൂന്ന് ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലക്ഷ്മിയാണ് ഏക മകള്‍.