ഒരു പൂവും ദേഹത്തുവെക്കരുത്, മതാചാരങ്ങളും ഔദ്യോഗിക ബഹുമതിയും വേണ്ട’

    മരണശേഷം ഒരു പൂവും ദേഹത്തുവെക്കരുതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നയാളാണ് കവയിത്രി സുഗതകുമാരി. ഔദ്യോഗിക ബഹുമതിയും മതാചാരങ്ങളും ഒന്നും പാടില്ലെന്നും അവര്‍ മാധ്യങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. പൊതുദര്‍ശനങ്ങള്‍, അനുശോചനയോഗങ്ങള്‍, സ്മാരക പ്രഭാഷണങ്ങള്‍ എന്നിവയും താന്‍ മരിക്കുമ്പോള്‍ നടത്തരുതെന്ന് സുഗതകുമാരി പറഞ്ഞു. മരണശേഷം ചെയ്യേണ്ട കാര്യങ്ങള്‍ ഒസ്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

    മരിച്ചു കഴിഞ്ഞാല്‍ ഒരു ആല്‍മരം മാത്രമാണ് തനിക്ക് വേണ്ടത്. ഇപ്പോള്‍ തിരുവനന്തപുരം പേയാട് മനസിന് താളംതെറ്റിയവര്‍ക്കായി നടത്തുന്ന ‘അഭയ’യുടെ പിന്‍വശത്തെ പാറക്കൂട്ടത്തിനടുത്താണ് ആല്‍മരം നടേണ്ടത്. അതില്‍ പൂക്കള്‍വെക്കുകയോ ചിതാഭസ്മം വെക്കുകയോ ചെയ്യരുതെന്നും സുഗതകമാരി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമതും ഹൃദയാഘാതമുണ്ടായി പേസ്‌മേക്കറിന്റെ സഹായത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് സുഗതകുമാരി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

    ‘മരിച്ചാല്‍ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയും വേഗം വീട്ടില്‍ക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്തിന് തന്നെ ദഹിപ്പിക്കണം. ആരേയും കാത്തിരിക്കരുത്. പൊലീസുകാര്‍ ചുറ്റും നിന്ന് ആചാരവെടി മുഴക്കരുത്’- സുഗത കുമാരി പറഞ്ഞിരുന്നു. ശാന്തികവാടത്തില്‍നിന്നും കിട്ടുന്ന ഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കണമെന്ന് മാത്രാമാണ് ആവശ്യം. ഹൈന്ദവാചാര പ്രകാരമുള്ള സഞ്ചയനവും പതിനാറും ഒന്നും വേണ്ടെന്ന് കവിയത്രി വ്യക്തമാക്കിയിരുന്നു.

    കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായിരുന്ന സുഗതകുമാരി ഇന്നു രാവിലെ 11 മണിയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍വെച്ച് അന്തരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ദ്ധ ചികിത്സയ്ക്കായാണ് തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ ഗുരുതരമായ ന്യൂമോണിയ ബാധിക്കുകയും ഹൃദയം, വൃക്ക എന്നിവ തകരാറിലാകുകയും ചെയ്തതോടെയാണ് സുഗതകുമാരിയുടെ ആരോഗ്യനില വഷളായത്. ഭര്‍ത്താവ്: പരേതനായ ഡോ. കെ. വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്ന ഹൃദയകുമാരി, കവിയും അദ്ധ്യാപികയുമായിരുന്ന സുജാത ദേവി എന്നിവര്‍ സഹോദരിമാരാണ്.