നെതന്യാഹൂ സര്‍ക്കാര്‍ വീണു; രണ്ടുവര്‍ഷത്തിനിടെ നാലാം തെരഞ്ഞെടുപ്പിലേക്ക് ഇസ്രായേല്‍

    ടെല്‍ അവീവ്: ബജറ്റ് പാസാക്കുന്നതില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഇതോടെ രണ്ടുവര്‍ഷത്തിനിടെ നാലാമത്തെ തെരഞ്ഞെടുപ്പിലേക്കാണ് രാജ്യം പോകുന്നത്. നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ മുന്‍ തിരഞ്ഞെടുപ്പ് എതിരാളിയായ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സിന്റെയും നേതൃത്വത്തിലുള്ള സഖ്യം കഴിഞ്ഞ ആഴ്ചകളില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിട്ടുവരികയായിരുന്നു. ഇരുവരും തമ്മിലുള്ള പരസ്പര വൈരാഗ്യവും അവിശ്വാസവും സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തി.

    2019 ഏപ്രിലിലും സെപ്തംബറിലും ഇസ്രായേലില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഈ തെരഞ്ഞെടുപ്പികളില്‍ ലഭിച്ചില്ല. ഇതോടെ കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. അനിശ്ചിതത്വം ഒഴിവാക്കാന്‍ ഏപ്രിലില്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിയും പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സിന്റെ പാര്‍ട്ടിയും സഖ്യമുണ്ടാക്കിയാണ് ഭരണം തുടങ്ങിയത്. ആദ്യ 18 മാസം നെതന്യാഹു പ്രധാനമന്ത്രിയാകും. ശേഷം ഗാന്റ്സ് പ്രധാനമന്ത്രിയാകും എന്നായിരുന്നു ധാരണ. ഒമ്പത് മാസം തികയും മുമ്പേയാണ് ഇപ്പോള്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടിരിക്കുന്നത്.

    നെതന്യാഹുവിന്റെ വലതുപക്ഷ ലികുഡിന്റെയും ഗാന്റ്‌സിന്റെ സെന്‍ട്രിസ്റ്റ് ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെയും നേതൃത്വത്തിലുള്ള സഖ്യത്തിന് 2020 ബജറ്റ് പാസാക്കാന്‍ കഴിഞ്ഞ അര്‍ദ്ധരാത്രി വരെ സമയമുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ പരാജയപ്പെട്ടതോടെ പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു.

    താന്‍ ഒരിക്കലും നെതന്യാഹുവിനെ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ നാലാമത്തെ തിരഞ്ഞെടുപ്പിനെ ഒഴിവാക്കാന്‍ ഇസ്രയേലികള്‍ ആഗ്രഹിക്കുന്നുവെന്നുമാണ് ഏപ്രിലില്‍ ഭരണമേല്‍ക്കുമ്പോള്‍ ഗാന്റ്‌സ് പറഞ്ഞത്. 2020 ഉം 2021 ഉം ഉള്‍ക്കൊള്ളുന്ന ഒരു ബജറ്റ് സര്‍ക്കാര്‍ പാസാക്കണമെന്ന് ഗാന്റ്‌സ് ആവശ്യപ്പെട്ടു, ഇസ്രയേലിനും സഖ്യത്തിനും സ്ഥിരത ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ 2021 ലെ ബജറ്റ് അംഗീകരിക്കാന്‍ നെതന്യാഹു വിസമ്മതിച്ചു.

    ബജറ്റ് പാസാക്കാന്‍ കൂടുതല്‍ സമയം വാങ്ങുന്നതിനുള്ള ബില്ലില്‍ ലികുഡുമായി ധാരണയുണ്ടെന്ന് ഞായറാഴ്ച വൈകി ബ്ലൂ ആന്‍ഡ് വൈറ്റ് അറിയിച്ചു. ലിക്കുഡില്‍ നിന്നുള്ള നിയമനിര്‍മ്മാതാക്കള്‍, ബ്ലൂ ആന്‍ഡ് വൈറ്റ് എന്നിവര്‍ സഖ്യ നിര്‍ദ്ദേശത്തിനെതിരെ വോട്ട് ചെയ്തു.

    കൈക്കൂലി, വഞ്ചന, വിശ്വാസലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി വിചാരണയ്ക്കായി ഫെബ്രുവരിയില്‍ നെതന്യാഹു കോടതിയില്‍ ഹാജരാകാനിരിക്കെ, മാര്‍ച്ച് മാസത്തില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നത് അദ്ദേഹത്തിന് തിരിച്ചടിയാകുമെന്ന് ഇസ്രായേലിലെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അനുചിതമായ സമ്മാനങ്ങള്‍ സ്വീകരിച്ചതും പോസിറ്റീവ് കവറേജിന് പകരമായി മാധ്യമമേധാവികളുമായി ചേര്‍ന്ന് കച്ചവടം നടത്താന്‍ ശ്രമിച്ചതായും നെതന്യാഹുവിനെതിരെ ആരോപണമുണ്ട്, പക്ഷേ തെറ്റ് നിഷേധിക്കുന്നു. വലതുപക്ഷക്കാരനായ ഗിദിയോന്‍ സാറില്‍ നിന്നും നെതന്യാഹു പുതിയ വെല്ലുവിളി നേരിടുന്നു,