സൂഫിയും സുജാതയും സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

    കൊച്ചി: യുവസംവിധായകന്‍ ഷാനവാസ് നരണിപ്പുഴ(37) അന്തരിച്ചു. സൂഫിയും സുജാതയും, കരി എന്നീ സിനിമകളുടെ സംവിധായകനാണ്. ശ്രദ്ധേയനായ എഡിറ്ററുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാനവാസിനെ കോയമ്പത്തൂര്‍ കെ.ജി ഹോസ്പിറ്റലില്‍നിന്ന് ഇന്നലെ വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെ കഴിഞ്ഞ പതിനെട്ടിനാണ് ഷാനവാസിന് ഹൃദയാഘാതം ഉണ്ടായത്.
    ഇന്നലെ രാത്രി ഒമ്പതുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയുടെ പ്രവേശനകവാടത്തില്‍ വെച്ച് വീണ്ടും ഹൃദയാഘാതം ഉണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സ്ഥിരീകരിച്ചു.
    കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി(ഒ.ടി.ടി.) റിലീസായ ആദ്യമലയാള സിനിമയാണ് ഷാനവാസിന്റെ സൂഫിയും സുജാതയും. മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയായ ഷാനവാസ് എഡിറ്ററായാണ് സിനിമാലോകത്ത് സജീവമായത്. ആദ്യസിനിമ നിരൂപകശ്രദ്ധ നേടിയ ജാതീയത പശ്ചാത്തലമാക്കിയ ‘കരി’യാണ്.
    ഇന്നലെ പകല്‍ ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകരുടെ സംഘടന ഫെഫ്കയുടെ ഫെയ്സ്ബുക് പേജില്‍ ഷാനവാസ് മരിച്ചുവെന്ന കുറിപ്പുവന്നതിനെ തുടര്‍ന്ന് മരണവാര്‍ത്ത ചില മാധ്യമങ്ങളില്‍ വാര്‍ത്തവന്നിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും ഷാനവാസ് വെന്റിലേറ്ററിലാണെന്നും നിര്‍മാതാവും നടനുമായ വിജയ്ബാബു അറിയിച്ചിരുന്നു.