ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്കുല്ല വിലക്ക് നീട്ടി ജര്‍മനി

    ബെര്‍ലിന്‍: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജര്‍മനി നീട്ടി. നിയന്ത്രണങ്ങള്‍ നീക്കണമെന്ന യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശം മറികടന്നാണ് ഡിസംബര്‍ 22 മുതല്‍ 2021 ജനുവരി ആറു വരെ ജര്‍മനി യാത്രാ വിലക്ക് നീട്ടിയത്. അതേസമയം, അതിര്‍ത്തി വഴി രാജ്യത്ത് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ജര്‍മന്‍ പൗരന്മാര്‍ക്ക് അനുമതി നിരസിക്കില്ലെന്ന് പുതുക്കിയ ട്രാവല്‍ അഡൈ്വസറിയില്‍ വ്യക്തമാക്കുന്നു. വിമാനങ്ങള്‍ക്ക് ഫെഡറല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നും ട്രാവല്‍ അഡൈ്വസറി ശുപാര്‍ശ ചെയ്യുന്നു. ബ്രിട്ടനിലേക്കും തിരിച്ചുമുള്ള യാത്രകളെ നിരുത്സാഹപ്പെടുത്തണമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കൊവിഡ് പരീക്ഷണം അടക്കമുള്ള കാര്യങ്ങള്‍ക്ക് വിധേയരായവരെ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, കാനഡ എന്നീ രാജ്യങ്ങള്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിച്ചിരുന്നു. ഫ്രാന്‍സും ഇറ്റലിയും സമാനമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടനില്‍ നിലവില്‍ ആയിരത്തിലധികം രോഗികളിലാണ് പുതിയ ഇനം വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ലണ്ടനിലും തെക്ക്-കിഴക്കന്‍ ഇംഗ്ലണ്ടിലും വൈറസ് അതിവേഗം വ്യാപിച്ചിട്ടുണ്ട്. ജനിതക വ്യതിയാനമുള്ള പുതിയ ഇനം വൈറസിനെ കണ്ടെത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ കൊവിഡിന് കാരണമായ വൈറസിനെക്കാള്‍ ഗുരുതരമാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.