സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി: തോമസ് ഐസക്കിനെ സഭാസമിതി 29ന് വിളിച്ചുവരുത്തും

    തിരുവനന്തപുരം: നിയമസഭയുടെ മേശപ്പുറത്തു വയ്‌ക്കേണ്ട സിഎജി റിപ്പോര്‍ട്ട് അതിനു മുന്‍പു പരസ്യപ്പെടുത്തിയെന്ന പരാതിയില്‍ 29 ന് മന്ത്രി ടി.എം.തോമസ് ഐസക്കിനെ നോട്ടിസ് അയച്ചു വിളിച്ചുവരുത്താന്‍ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചു. മന്ത്രി അവകാശലംഘനം നടത്തിയെന്നു സ്പീക്കര്‍ക്കു പരാതി നല്‍കിയ വി.ഡി.സതീശന്‍ എംഎല്‍എ ഇന്നലെ കമ്മിറ്റിക്കു മുന്‍പില്‍ ഹാജരായി മൊഴി നല്‍കി.
    പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഐസക്കിന്റെ പാത മറ്റു മന്ത്രിമാര്‍ പിന്തുടര്‍ന്നാല്‍ സിഎജി റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവവും പവിത്രതയും നഷ്ടമാകുമെന്നും മൊഴി നല്‍കിയ ശേഷം സതീശന്‍ പറഞ്ഞു.

     കമ്മിറ്റിയില്‍ നല്‍കിയ മൊഴി പരസ്യപ്പെടുത്തില്ല. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമ്പോള്‍ മാത്രമാണു പൊതു രേഖയാകുന്നത്. അതിലെ വിവരങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തി പരസ്യപ്പെടുത്തിയതു ഭരണഘടനാലംഘനമാണ്. ഔദ്യോഗിക രഹസ്യ നിയമപ്രകാരമുള്ള രേഖ പരസ്യമാക്കിയതിലൂടെ മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി. തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാമെന്നു മന്ത്രി തന്നെ പിന്നീടു പറഞ്ഞതു തെറ്റിനെക്കുറിച്ചു ബോധ്യമുള്ളതിനാലാണ്. വിശദമായ വാദങ്ങള്‍ പിന്നീടു രേഖാമൂലം എത്തിക്‌സ് കമ്മിറ്റിക്കു സമര്‍പ്പിക്കുമെന്നും സതീശന്‍ പറഞ്ഞു.

    വി.ഡി.സതീശന്റെ പരാതി സ്പീക്കറാണ് എത്തിക്‌സ് കമ്മിറ്റിക്കു കൈമാറിയത്. മന്ത്രിയുടെ വിശദീകരണം ലഭിച്ച ശേഷം റിപ്പോര്‍ട്ട് കമ്മിറ്റി സ്പീക്കര്‍ക്കു സമര്‍പ്പിക്കും. ഇതു നിയമസഭയില്‍ അവതരിപ്പിക്കാം. എ.പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷനായ സമിതിയില്‍ എല്‍ഡിഎഫിലെ 5 പേരും യുഡിഎഫിലെ 3 പേരും അംഗങ്ങളാണ്.