ലീഗ് വിമതന്‍ പിന്തുണച്ചു; മുക്കം നഗരസഭ വീണ്ടും ഇടതുമുന്നണിയ്ക്ക്

    മുക്കം നഗരസഭയിലെ സ്വതന്ത്ര അംഗം മുഹമ്മദ് അബ്ദുല്‍ മജീദ്മുക്കം: മുക്കം നഗരസഭയുടെ ഭരണം സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമായി. സ്വതന്ത്രന്റെ പിന്തുണയോടെ എല്‍.ഡി.എഫിന് വീണ്ടും ഭരണം ഉറപ്പായിരിക്കുകയാണ്. മുപ്പതാം ഡിവിഷനില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച മുസ്ലിം ലീഗ് വിമതന്‍ മുഹമ്മദ് അബ്ദുല്‍ മജീദ് എല്‍.ഡി.എഫ് നേതാക്കളോടൊപ്പമെത്തി വാര്‍ത്താസമ്മേളനത്തില്‍ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.ഇടതുമുന്നണിയുടെ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ പൂര്‍ണതൃപ്തനാണന്നും പുതുതായി താന്‍ ഉന്നയിച്ച നിര്‍ദ്ദേശങ്ങളെല്ലാം അവര്‍ അംഗീകരിച്ചതോടെയാണ് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്നും മജീദ് പറഞ്ഞു.

    ഇടതു മുന്നണിയ്ക്ക് ഭരിക്കാന്‍ പിന്തുണ നല്‍കുമെങ്കിലും മുസ്ലിം ലീഗുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.മുസ്ലീം ലീഗ് സസ്പെന്‍ഷന്‍ പിന്‍വലിച്ചാല്‍ തിരിച്ചുപോകുമോ എന്നും എല്‍.ഡി.എഫ് അംഗീകരിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമോ എന്നുമുള്ള ചോദ്യങ്ങള്‍ക്ക് സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നായിരുന്നു പ്രതികരണം.

    ആകെ 33 അംഗങ്ങളുള്ള മുക്കം നഗരസഭയില്‍ ഇടതുമുന്നണിയ്ക്കും യു.ഡി.എഫ് – വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിനും 15 വീതം സീറ്റാണ് ലഭിച്ചത്. എന്‍. ഡി. എ യ്ക്ക് രണ്ട് അംഗങ്ങളും.എന്‍.ഡി.എ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലന്ന് നേരത്തേ വ്യക്തമാക്കിയ സാഹചര്യത്തിലാണ് 16 അംഗങ്ങളുടെ പിന്തുണയോടെ എല്‍.ഡി.എഫിന് മുക്കം നഗരസഭ ഭരിക്കാനാവുമെന്നായത്. സി.പി.എം തിരുവമ്പാടി ഏരിയാ സെക്രട്ടറി ടി.വിശ്വനാഥന്‍, എല്‍.ഡി.എഫ് നേതാക്കളായ ഇളമന ഹരിദാസന്‍, കെ.ടി.ബിനു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.