ന്യുഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ ബ്രിട്ടണില്‍ നിന്നെത്തിയ വിമാനത്തില്‍ 22 യാത്രക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇവരെ ബാധിച്ചിരിക്കുന്ന വൈറസ് കണ്ടെത്തുന്നതിനായി സാംപിളുകള്‍ വിശദമായ പരിശോധനയ്ക്കയച്ചിരിക്കുകയാണ്.
ബ്രിട്ടണില്‍ നിന്ന് ഡല്‍ഹിയിലെത്തിയ 11 പേര്‍ക്കും അമൃത്സറിലെത്തിയ എട്ട് പേര്‍ക്കും കൊല്‍ക്കൊത്തയില്‍ രണ്ടു പേരും ചെന്നൈയില്‍ എത്തിയ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വകഭേദം വന്ന കൊറോണ ആര്‍ക്കെങ്കിലും ബാധിച്ചിട്ടുണ്ടോയെന്ന് ഇതുവരെ സ്ഥിരീകരണമില്ല.
ബുധനാഴ്ച മുതല്‍ ബ്രിട്ടണില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടണില്‍ നിന്നെത്തിയ എല്ലാ യാത്രക്കാര്‍ക്കും ആര്.ടി-പിസിആര്‍ പരിശോധനയും നിര്‍ബന്ധമാക്കി. പരിശോധനയുടെ ഫലം അറിയുന്നതുവരെ വിമാനത്താവളത്തില്‍ തങ്ങണം. കൊറോണ പോസിറ്റീവ് കണ്ടെത്തിയ സാംപിളുകള്‍ വകഭേദം വന്ന വൈറസാണോയെന്ന് തിരിച്ചറിയുന്നതിന് പൂനെയിലെ നാഷണല്‍ വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള സ്ഥാപനങ്ങളിലേക്ക് പരിശോധനയ്ക്ക് അയക്കുകയാണ്.
അതേസമയം, ദക്ഷിണാഫ്രിക്കയില്‍ പടര്‍ന്നുപിടിക്കുന്ന കൂടുതല്‍ മാരകമായ വകഭേദം പുതിയ കൊറോണ വൈറസിന്റെ സാന്നിധ്യവും ബ്രിട്ടണില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ആണ് ബുധനാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ചയാണ് ദക്ഷിണാഫ്രിക്കയില്‍ പുതിയ വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ രണ്ടു പേരിലാണ് പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ബ്രിട്ടണ് വ്യക്തമാക്കി.
 
            


























 
				
















