മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചുവരുന്നു. എംപി സ്ഥാനം രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയെടുത്ത തീരുമാനം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗീകരിക്കുകയായിരുന്നു.
പി.കെ.കുഞ്ഞാലിക്കുട്ടിയും നിയമസഭാ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. പാര്‍ട്ടിക്കെതിരായ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സംസ്ഥാന വ്യാപകമായി ക്യാംപെയ്ന്‍ നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍, ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പറഞ്ഞു.
മതനിരപേക്ഷകരായി സ്വയം അവകാശപ്പെടുന്ന സിപിഎം മറുഭാഗത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള കക്ഷികളുമായി ചേര്‍ന്നാണ് മത്സരിച്ചതെന്ന് നേതാക്കള്‍ ആരോപിച്ചു. സിപിഎമ്മിന്റെ ഈ വര്‍ഗീയ കൂട്ടുകെട്ടാണ് തിരഞ്ഞെടുപ്പില്‍ അവര്‍ പറയുന്ന നേട്ടമുണ്ടാക്കിക്കൊടുത്തത്. എസ്ഡിപിഐയുമായി അവരുണ്ടാക്കിയ കൂട്ടുകെട്ടിനെ കണക്കു നിരത്തി തുറന്നുകാണിക്കും. മതനിരപേക്ഷ പാര്‍ട്ടിയായ മുസ്ലിം ലീഗിനെ തളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വര്‍ഗീയ കക്ഷികളാണ് വളരുന്നതെന്ന് ബോധ്യപ്പെടുത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എംപിയായിരുന്ന ഇ.അഹമ്മദിന്റെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പി.കെ.കുഞ്ഞാലിക്കുട്ടി 2017 ഏപ്രില്‍ 17ന് ആദ്യമായി ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. വേങ്ങര മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ആയിരിക്കെ ഈ സ്ഥാനം രാജിവച്ചാണ് എംപി ആയത്. 2019ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും മലപ്പുറത്തുനിന്ന് എംപിയായി. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംപി സ്ഥാനം രാജിവയ്ക്കും.