ഇടതുപക്ഷ അനുഭാവി സ്വാമി വിശ്വഭദ്രാനന്ദയ്ക്ക് ഫോണിലൂടെ വധഭീഷണിയും തെറിവിളിയും.
മോദി തലയ്ക്ക് വെളിവില്ലാത്തവനെന്ന് പ്രസംഗിച്ചതിനാണ് ഭീഷണി.
തൃശൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിക്ക് വധഭീഷണി. ഇടതുപക്ഷ അനുഭാവിയും ഹൈന്ദവ സന്യാസിയുമായ വിശ്വഭദ്രാനന്ദയ്ക്ക് ഇക്കഴിഞ്ഞ ദിവസമാണ് ഫോണിലൂടെ വധഭീഷണി വന്നത്. താന്‍ തൃശൂര്‍ റൂറല്‍ എസ്.പിയ്ക്ക് നേരിട്ട് പരാതി നല്‍കിയതായി സ്വാമി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.
ഇനിയും നരേന്ദ്രമോദിയെ വിമര്‍ശിച്ചാല്‍ ഇന്ത്യയില്‍ എവിടെയായിരുന്നാലും കൊല്ലുമെന്നായിരുന്നു സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിക്ക് ഫോണിലൂടെ വന്ന ഭീഷണി. വെള്ളിയാഴ്ച വൈകീട്ട് 4.56-നാണ് ആലുവയില്‍ നിന്ന് ശ്യാംകൃഷ്ണന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ സ്വാമിയെ വിളിച്ചത്. വളരെ വിനയത്തോടെയായിരുന്നു ഫോണ്‍വിളിയുടെ തുടക്കം. ഇയാളെക്കുറിച്ച് കൂടുതല്‍ തിരക്കിയതോടെ ക്ഷുഭിതനാവുകയും നരേന്ദ്രമോഡിയെ വിമര്‍ശിച്ചാല്‍ നിന്നെ കൊന്നു കളയും എന്നും ആക്രോശിച്ചു. പിന്നീട് തന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും ചേര്‍ത്ത് മുഴുത്ത തെറി വിളിച്ചു കൊണ്ടാണ് ഭീഷണിപ്പെടുത്തിയതെന്ന് സ്വാമി വിശ്വഭദ്രാനന്ദ സ്വാമി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.
000531271442 എന്ന നമ്പറില്‍ നിന്നായിരുന്നു ഫോണ്‍ വന്നത്.അയാള്‍ അര്‍ഹിക്കുന്ന ശൈലിയില്‍ താനും തിരിച്ചു പ്രതികരിച്ചിട്ടുണ്ടെന്നും സ്വാമി പറഞ്ഞു. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ വേദിയില്‍ നടത്തിയ പ്രസംഗമാണ് അയാളെ ചൊടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ തലയ്ക്ക് വെളിവില്ലാത്തവന്‍ എന്നു സ്വാമി പ്രസംഗിച്ചതാണ് വിവാദമായത്. പ്രധാനമന്ത്രി നരേന്ദ്രമോദി തലയ്ക്ക് വെളിവില്ലാത്തവനാണെന്ന് നവംബര്‍ എട്ടിന് നോട്ട് പിന്‍വലിക്കലിലൂടെ തെളിയിച്ചെന്ന് സ്വാമി പറഞ്ഞു.
വധഭീഷണിക്ക് കാരണമായെന്ന് പറയുന്ന പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങിനെ:- ‘മോദി തലയ്ക്ക് വെളിവില്ലാത്തവനാണെന്ന തന്റെ പ്രസ്താവന പലരെയും വിഷമിപ്പിക്കുന്നുണ്ട്. നരേന്ദ്രമോദിക്ക് തലയ്ക്ക് വെളിവില്ലെന്ന് പറഞ്ഞാല്‍ അതിനെ തിരുത്തി മതസൗഹാര്‍ദ്ദമുണ്ടാക്കാന്‍ പോകുന്ന വിശ്വമതപണ്ഡിതന്മാരും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ അവരോട് വര്‍ത്തമാനം പറഞ്ഞ് നില്‍ക്കാനുള്ള സമയം തനിക്കില്ല. ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും ജനവഞ്ചകനായ ആര്‍.എസ്.എസ് പ്രചാരകനാണ് പ്രധാനമന്ത്രി. അദ്ദേഹത്തിന് തലയ്ക്ക് വെളിവില്ലെന്ന് താന്‍ പറഞ്ഞു. ഒരാള്‍ വിവരദോഷിയാണെന്ന് പറയുന്നത് ഒരു തരത്തില്‍ ഗുണമാണ്. കാരണം വിവരമില്ലായ്മ ഒരു കുറ്റമല്ല. എന്നാല്‍ തലയ്ക്ക് വിവരമില്ലാത്തതു കൊണ്ട് മോദി ചെയ്യുന്നതല്ല ഇതൊന്നും. മറിച്ച് എല്ലാം അറിഞ്ഞു കൊണ്ടുള്ള വഞ്ചനയാണ് അദ്ദേഹം ഇപ്പോള്‍ നടത്തുന്നത്. ആര്‍.എസ്.എസ് പ്രചാരകരായ ഗോവിന്ദചാര്യയും വാജ്‌പേയി മന്ത്രിസഭയിലെ പ്രിയങ്കരനായിരുന്ന അരുണ്‍ ഷൂരിയുമൊക്കെ മോഡിക്കെതിരായി ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. അവര്‍ പോലും പറയുന്നു. നരേന്ദ്രമോദി ചെയ്തത് വിഡ്ഡിത്തമാണെന്ന്, ഈ വിഡ്ഡിത്തം ചെയ്ത ആളുടെ തലയ്ക്ക് വെളിവില്ലായെന്ന് താന്‍ പറഞ്ഞതാണ് ഇപ്പോള്‍ പലരെയും വേദനിപ്പിക്കുന്നത്. അവരുടെ തലയ്ക്കകത്ത് എന്താണെന്ന് പടച്ച തമ്പുരാനേ അറിയൂ”.