EXCLUSIVE: 150 കോടി കൊയ്ത് പുലിമുരുകന്‍: നിര്‍മ്മാതാവിന്റെ കീശയില്‍ എത്ര വന്നു ?

-ക്രിസ്റ്റഫര്‍ പെരേര-

തിരുവനന്തപുരം : മലയാളത്തില്‍ ആദ്യമായി 100 കോടി കളക്ട് ചെയ്ത പുലിമുരുകന്‍ ഡിസംബര്‍ 30-ന് തിയേറ്റര്‍ വിടുമ്പോള്‍ ഗ്രോസ് കളക്ഷന്‍ 150 കോടിയാണ്. എന്നാല്‍ നിര്‍മ്മാതാവിന്റെ കീശയില്‍ എത്ര വീണു എന്നറിയുമ്പോള്‍ ഞെട്ടും. പ്രിന്റ് ആന്റ് പബ്ലിസിറ്റിയടക്കം 32 കോടിയായിരുന്നു നിര്‍മ്മാണ ചെലവ്. 150 കോടി കളക്ഷന്‍ കിട്ടിയപ്പോള്‍ 20 ശതമാനം വിനോദനികുതി അടയ്ക്കണം. അതായത് 30 കോടി. ഇത്രയും തുക ഖജനാവിലേക്ക് കിട്ടിയിട്ടും സിനിമാ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് വേറെ കാര്യം.

60% കളക്ഷനില്‍ വിനോദനികുതി കഴിഞ്ഞ 40 ശതമാനമാണ് നിര്‍മ്മാതാവിന്റെ പോക്കറ്റിലെത്തിയത്. അതായത് 60 കോടി. (ഗ്രോസ് കളക്ഷന്റെ 40 ശതമാനം തീയേറ്ററുകാര്‍ക്കാണ്). ഈ അറുപത് കോടിയില്‍ മുതല്‍ മുടക്കിയ 32 കോടി മാറ്റിയാല്‍ 28 കോടി. ഈ 28 കോടിക്ക് 33 ശതമാനം നികുതി നല്‍കണം. ബാക്കി എത്രയുണ്ട്. ഒമ്പത് കോടി 24 ലക്ഷം ! ഇതാണ് മലയാള സിനിമയുടെ യഥാര്‍ത്ഥ അവസ്ഥ. മൊത്തം കളക്ഷന്റെ 20 ശതമാനം വിനോദനികുതി ടിക്കറ്റ് നിരക്കില്‍ നിന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. അതിന് പുറമേയാണ് നിര്‍മ്മാതാവിന്റെ കീശയിലെത്തിയ ലാഭത്തിന് 33 ശതമാനം നികുതി. സാറ്റലൈറ്റ് അവകാശത്തില്‍ 5 കോടി 40 ലക്ഷം രൂപ പുലിമുരുകന് കിട്ടിയിരുന്നു. പക്ഷെ അതിന് 10 ശതമാനം നികുതി നല്‍കണം. അതായത് 54 ലക്ഷം. പടം നഷ്ടമാണെങ്കില്‍ റിട്ടേണ്‍സ് സമര്‍പ്പിച്ചാല്‍ അടച്ച നികുതി തിരികെ കിട്ടും.

150 കോടി ഗ്രോസ് കളക്ഷനില്‍ 60 കോടിയാണ് തീയേറ്ററുകാര്‍ വാരിയത്. അതില്‍ നികുതിയും വൈദ്യുതി ചാര്‍ജ്ജും അടക്കമുള്ളവ കഴിഞ്ഞ് ഓരോ തീയേറ്ററിനും നല്ല തുക ലഭിച്ചിട്ടുണ്ട്. പാര്‍ക്കിംഗ്, റിസര്‍വേഷന്‍ ഇനത്തില്‍ ഒരു ഷോയ്ക്ക് മിനിമം 7000 രൂപയും ഒരു ദിവസം 28,000 രൂപ ഒന്നുമറിയാതെ കിട്ടുകയാണ്. എന്നിട്ടാണ് ലാഭവിഹിതത്തിന്റെ 10 ശതമാനം കൂടി വേണമെന്ന് പറഞ്ഞത് സമരം നടത്തുന്നത്.