പോസിറ്റീവ് പേ സിസ്റ്റം, യുപിഐ, ഫാസ് ടാഗ്… രാജ്യത്ത് ജനുവരി മുതലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍

    2021 ജനുവരി ഒന്നു മുതല്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആറ് സുപ്രധാന മാറ്റങ്ങളാണ് രാജ്യത്ത് നിലവില്‍ വരുന്നത്. ആ മാറ്റങ്ങള്‍ ഏതൊക്കെയാണെന്നും അവ നിങ്ങളെയും നിങ്ങളുടെ വ്യക്തിഗത പണമിടപാടുകളെയും എങ്ങനെ ബാധിക്കുമെന്നുമാണ് ഇവിടെ വിവരിക്കുന്നത്.

    1, പോസിറ്റീവ് പേ സിസ്റ്റം

    ചെക്കുകള്‍ ഉപയോഗിച്ചുള്‌ല സാമ്പത്തിക തട്ടിപ്പുകള്‍ തടയാനും ചെക്കുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ആര്‍.ബി.ഐ ആണ് പോസിറ്റീവ് പേ സിസ്റ്റം ആവിഷ്‌കകരിച്ചത്. ഇതനുസരിച്ച്  50,000 രൂപയ്ക്ക് മുകളിലുള്ള ചെക്കുകളില്‍ ചെക്ക് നല്‍കുന്നയാളുടെ വിശദാംശങ്ങളും നല്‍കണം. എങ്കില്‍ മാത്രമെ ഈ ചെക്കുകള്‍ ബാങ്ക് സ്വീകരിക്കൂ. ഇതനുസരിച്ച് ജനുവരി ഒന്നു മുതല്‍ ചെക്ക് നല്‍കുന്ന വ്യക്തി ചെക്ക് നമ്പര്‍, ചെക്ക് ഡേറ്റ്, ചെക്ക് ഉടമയുടെ പേര്, അക്കൗണ്ട് വിവരങ്ങള്‍, ചെക്കിന്റെ ഫ്രണ്ട്, റിവേഴ്‌സ് ചിത്രങ്ങള്‍ എന്നിവ ബാങ്കില്‍ സമര്‍പ്പിക്കണം.

    2. യു.പി.ഐ പേയ്‌മെന്റ്

    ആമസോണ്‍ പേ, ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ ആപ്പുകല്‍ വഴിയുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് 2021 ജനുവരി 1 മുതല്‍ ഉപയോക്താക്കളില്‍നിന്ന് അധിക നിരക്ക് ഈടാക്കാന്‍ റീട്ടെയില്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ എന്‍.പി.സി.ഐ തീരുമാനിച്ചിട്ടുണ്ട്. യുപിഐ അധിഷ്ഠിത ഇടപാടുകള്‍ പ്രതിമാസം 2 ബില്യണ്‍ എത്തിയോടെയാണ്  പുതിയ നീക്കം. യുപിഐ വഴിയുള്ള അപകടസാധ്യതകള്‍ പരിഹരിക്കുന്നതിനും യുപിഐ ഇടപാടുകള്‍ വിപുലമാക്കുന്നതിനും ഇത് സഹായിക്കും. യുപിഐ പേയ്മെന്റിന്റെ ഭാവി വളര്‍ച്ചയ്ക്കും ഇടപാടുകളിലെ അപകടസാധ്യതയെക്കുറിച്ച് പരിശോധിക്കുന്നതിനും എന്‍പിസിഐ മൂന്നാം കക്ഷി ആപ്ലിക്കേഷനുകളില്‍ യുപിഐ വഴിയുള്ള ഇടപാടിന്റെ അളവ് 30 ശതമാനമായി ഉയര്‍ത്തി.

    3. ആവര്‍ത്തിച്ചുള്ള ഇടപാടുകളില്‍ ഇ-മാന്‍ഡേറ്റില്‍ ഇളവ്

    ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ നിന്നുള്ള ആവര്‍ത്തിച്ചുള്ള ഇടപടുകളില്‍ 2000 രൂപ വരെ ഇ-മാന്‍ഡേറ്റുകള്‍ വേണ്ടെന്ന് റിസര്‍വ് ബാങ്ക് 2020 ഓഗസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. 2020 ജനുവരി 1 മുതല്‍ ഈ പരിധി 5000 രൂപയായി ഉയര്‍ത്തുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.  ഇതിലൂടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ഒരു ഇ-മാന്‍ഡേറ്റിലൂടെ 5,000 രൂപ വരെ പേയ്‌മെന്റ് നടത്താം. ഉപയോക്താക്കള്‍ക്ക് ചെറിയ മൂല്യമുള്ള പേയ്മെന്റുകള്‍ ഡിജിറ്റലായി നടത്തുന്നതും ഇതിലൂടെ എളുപ്പമാകും.

    4. കോണ്‍ടാക്റ്റ്‌ലെസ് ഇടപാടുകളുടെ പരിധി ഉയര്‍ത്തും

    2021 മുതല്‍ കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡ് ഇടപാടുകളുടെ പരിധി ഉയര്‍ത്തും. ഇതനുസരിച്ച് വൈഫൈ സംവിധാനമുള്ള കോണ്‍ടാക്ട്‌ലെസ് പേയ്മെന്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇനി ഒറ്റ തവണ 5,000 വരെയുള്ള ഇടപാടുകള്‍ നടത്താം. ഇടപാടുകള്‍ക്ക് പിന്‍ നല്‍കേണ്ടതില്ല. നേരത്തെ പിന്‍ ആവശ്യമില്ലാത്ത കോണ്‍ടാക്റ്റ്‌ലെസ് ഇടപാടുകളുടെ പരിധി 2,000 രൂപയായിരുന്നു. യുപിഐ പേയ്മെന്റിനും ഇത് ബാധകമാണ്. ഡിജിറ്റല്‍ പേയ്മെന്റ് ഇടപാട് സുരക്ഷിതവുമായ രീതിയില്‍ വിപുലീകരിക്കാനാണ് ഈ നീക്കം.

    5. ഫാസ് ടാഗ് നിര്‍ബന്ധമാക്കും

    2021 ജനുവരി 1 മുതല്‍ എല്ലാ നാല് ചക്ര വാഹനങ്ങള്‍ക്കും ഫാസ് ടാഗ് നിര്‍ബന്ധമാണ്. കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമ പ്രകാരമാണ് ഫോര്‍ വീലറുകള്‍ക്കും ഫാസ് ടാഗ് നിര്‍ബന്ധമാക്കിയത്. 2020 നവംബര്‍ 6 നാണ് ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. 2017 ഡിസംബര്‍ ഒന്നിന് മുമ്പ് വിറ്റുപോയ നാല് ചക്ര വാഹനങ്ങള്‍ക്കും എംആന്റ്എന്‍ കാറ്റഗറി വാഹനങ്ങള്‍ക്കുമാണ് ഫാസ് ടാഗ് നിര്‍ബന്ധമാക്കുക.2021 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മൂന്നാം കക്ഷി ഇന്‍ഷുറന്‍സിനായി സാധുവായ ഫാസ് ടാഗും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട് ഫാസ് ടാഗ് ഉണ്ടെങ്കില്‍ മാത്രമേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ലഭിക്കൂ.

    6. സ്റ്റാന്‍ഡേര്‍ഡ് ടേം ലൈഫ് ഇന്‍ഷുറന്‍സ് പോളിസി

    ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഐഐ) 2021 ജനുവരി 1 മുതല്‍ ഒരു ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളോട് ഒരു സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ടേം ഇന്‍ഷുറന്‍സ് പോളിസി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സരള്‍ ജീവന്‍ ബിമ എന്ന പുതിയ പ്ലാനിലൂടെ അഞ്ച് ലക്ഷം രൂപ 25 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭിക്കും. സാധാരണക്കാര്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.