ആരോപണം ഉന്നയിക്കുന്നത് എങ്ങനെയെന്ന് രാഹുല്‍ ഉമ്മന്‍ചാണ്ടിയെ കണ്ടുപഠിക്കുക

ഭൂകമ്പമല്ല, കാര്യങ്ങൾ വ്യക്തമായി പഠിച്ച് പറയണമെന്ന് രാഹുലിനെ പരോക്ഷമായി ഓർമ്മിപ്പിച്ച് ഉമ്മൻ ചാണ്ടി

ദേശീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നത് ഹൈക്കമാണ്ടിനെ ലക്ഷ്യമിട്ടു തന്നെ

നോട്ട് അസാധുവാക്കലിൽ മോദിയോട് ഉമ്മൻ ചാണ്ടിയുടെ മൂന്നു ചോദ്യങ്ങൾ

-സി.ടി.  തങ്കച്ചന്‍-

കൊച്ചി: സാധാരണ ഗതിയിൽ സംസ്ഥാന രാഷ്ട്രിയത്തിന് പുറത്ത് ഇടപെടൽ നടത്തുക എന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പതിവല്ല. ഇത്തവണ നോട്ട് പിൻവലിക്കൽ പ്രശ്നം ഉണ്ടായപ്പോൾ ഉമ്മൻ ചാണ്ടി പ്രതിഷേധം അറിയിച്ചിരുന്നത് കേരളത്തിലെ അനുഭവങ്ങളുടെയും പരാതികളുടെയും പശ്ചാത്തലത്തിൽ കൂടിയായി തന്നു. കേരളത്തിലെ വിഷയങ്ങളായിരുന്നു അദ്ദേഹം അന്ന് ഉദാഹരിച്ചിരുന്നത്. എന്നാൽ ഇന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇതെല്ലാം മറികടന്ന് ദേശീയ രാഷ്ട്രിയത്തിൽ കൂടി തന്റെ ഇടപെടൽ ഉണ്ടാകുമെന്ന സന്ദേശം നൽകുകയാണ് ഉമ്മൻ ചാണ്ടി. കേന്ദ്ര ആഭ്യന്തര വകുപ്പ് കരിമ്പട്ടികയിൽ പെടുത്തിയ ഡിലാർയു കമ്പനിയുമായുള്ള ഇന്ത്യൻ സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബന്ധം വ്യക്തമാക്കണമെന്ന ആരോപണവുമായിട്ടാണ് ഉമ്മൻ ചാണ്ടിയുടെ വരവ്.

ഈ ആരോപണമുന്നയിക്കലിലൂടെ ഉമ്മൻ ചാണ്ടി മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾ പലതാണ്. നിലവിൽ കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പുപോരിൽ എ ഗ്രൂപ്പിന്റെ ആവേശം നിലനിർത്തുക. തന്നെ അവഗണിക്കുന്ന ഹൈക്കമാൻഡ് വിശേഷിച്ച് രാഹുൽ ഗാന്ധിക്ക് തന്റെ മികവ് ബോധ്യപ്പെടുത്തുക, ദേശീയ വിഷയങ്ങളിലെ ഇടപെടലിലൂടെ തന്റെ സാന്നിധ്യം നിരന്തരം ചർച്ചയാക്കുക എന്നിവയാണ് ഇത്.

കൂടാതെ നോട്ട് വിഷയത്തിൽ മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ അഴിമതി ആരോപണം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. നോട്ട് പിൻവലിക്കൽ വിഷയവുമായി നേരിട്ടു ബന്ധമില്ലാത്ത ആരോപണമായിരുന്നു അത്. ഇക്കാര്യത്തിൽ രാഹുലിന്റെ വിശ്വാസ്യത പോലും ചോദ്യo ചെയ്യപ്പെടുന്നതിനിടെയാണ് അതേ വിഷയത്തിൽ ഒരു പുതിയ ആരോപണ പുമായി ഉമ്മൻ ചാണ്ടിയുടെ രംഗ പ്രവേശം. ഭൂകമ്പമോ വീമ്പു പറച്ചിലോ അല്ല കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുക എന്നതാണ് വേണ്ടെതെന്നും ഉമ്മൻ ചാണ്ടി രാഹുലിനെ പരോക്ഷമായി ഓർമ്മപ്പെടുത്തുന്നു.

ഉമ്മൻ ചാണ്ടിയുടെ ആരോപണങ്ങളും ചോദ്യങ്ങളും

കറൻസി അസാധുവാക്കൽ പ്രഖ്യാപനം കഴിഞ്ഞിട്ട് 50 ദിവസം കഴിയുമ്പോഴും ദുരിതങ്ങൾക്ക് അവസാനം വന്നിട്ടില്ല. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പാഴായിരിക്കുന്നു.
97-98 കാലഘട്ടത്തിൽ ഒരു ലക്ഷം കോടിയുടെ നോട്ട് അച്ചടിക്കാൻ 3 വിദ്ദേശ കമ്പനികളെ ചുമതലപ്പെടുത്തി. ഇതിൽ ക്രമക്കേട് നടന്നതായി പാർലമെന്ററി കമ്മറ്റി കണ്ടെത്തി തുടർന്ന് ഡീലാർയു എന്ന കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി. ആ കമ്പനിയെ നിലവിൽ പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യാ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിന് പുറമെ 2016ൽ പ്രധാനമന്ത്രി ഉൽഘാടനം ചെയ്ത ഇന്ത്യ _ഇംഗ്ലണ്ട് ഉച്ചകോടിയുടെ പ്ലാറ്റിനം സ്പോൺസറും ഡിലാർയു തന്നെ ആയിരുന്നു. ഇത്തവണ പ്ലാസ്റ്റിക്ക് നോട്ട് അടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാർ ഈ കമ്പനിക്കാണ് ലഭിക്കാൻ പോകുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങൾ

1. കേന്ദ്ര ആഭ്യന്തര വകുപ്പ് കരിമ്പട്ടികയിൽ പെടുത്തിയ ഡിലാർയു കമ്പനിയുമായുള്ള ഇന്ത്യ സർക്കാരിന്റെ ബന്ധം ?

2 . കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിയുമായി സഹകരിച്ച് വിദ്ദേശത്ത് കറൻസി അച്ചടിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ ?

3. 2016 ന് മുൻപ് ഇന്ത്യയിൽ പ്രവർത്തനം ഇല്ലാത്ത ഡി ലാർ യു എന്ന കമ്പനിക്ക് എങ്ങനെ 2016 ഇന്ത്യയിലെ ഓഹരി പങ്കാളിത്തം എങ്ങനെ വർദ്ധിച്ചു ?