വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപുണ്ടായ അപകടത്തിൽ വരന് പരിക്കേറ്റു; കാർ കതിർമണ്ഡപമായി

    കട്ടപ്പന: വിവാഹത്തിനു മണിക്കൂറുകൾക്ക് മുമ്പ് നവവരന് അപകടത്തിൽ ഗുരുതര പരിക്ക്. ഒടുവിൽ രൂപേഷ്, അശ്വതിയുടെ കഴുത്തിൽ വരണമാല്യം ചാർത്തികാർ കതിർമണ്ഡപമാക്കി . വിവാഹത്തിനു വേദിയായത് ക്രിസ്ത്യൻ കുടുംബത്തിന്റെ വീട്ടുമുറ്റവും. കട്ടപ്പന വലിയപാറ കാവ്യഭവൻ കെ.ആർ. രാജേന്ദ്രൻ- ഉഷ ദമ്പതികളുടെ മകൻ രൂപേഷ് ചന്ദ്രുവിന്റെയും പാറക്കടവ് സ്വദേശിനി അശ്വതി മനോജിന്റെയും വിവാഹം ഇന്നലെ കട്ടപ്പന പേഴുംകവല പാക്കനാർക്കാവ് മഹാദേവ ക്ഷേത്രത്തിലാണ് നടക്കാനിരുന്നത്.

    രാവിലെ വിവാഹാവശ്യത്തിനുള്ള പൂവ് വാങ്ങാനായി രൂപേഷ് ചന്ദ്രു കട്ടപ്പന ടൗണിലെത്തിയപ്പോഴായിരുന്നു അപകടം. രൂപേഷ് ഓടിച്ചിരുന്ന ബൈക്ക് സെൻട്രൽ ജംഗ്ഷനിൽ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. എന്നാൽ വിവാഹം മുടങ്ങാതിരിക്കാൻ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് വാങ്ങി കാറിൽ ക്ഷേത്രത്തിലേക്ക് പുറപ്പെടുകയായിരുന്നു.

    ഈ സമയം യുവതിയും ബന്ധുക്കളും ക്ഷേത്രത്തിലെത്തിയിരുന്നു. എന്നാൽ ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ കാർ പോകുമായിരുന്നില്ല. കാലിലെ പരിക്ക് ഗുരുതരമായതിനാൽ രൂപേഷിന് നടക്കാനുമായിരുന്നില്ല. ഒടുവിൽ ക്ഷേത്രത്തിനു സമീപത്തെ വീട്ടുടമ ചെമ്പൻകുന്നേൽ അഗസ്റ്റിനെ സമീപിക്കുകയായിരുന്നു. ഇദ്ദേഹം പൂർണ സമ്മതമറിയിച്ചതോടെ ഇവിടത്തെ വീട്ടുമുറ്റം വിവാഹ വേദിയാക്കുകയായിരുന്നു.

    പാക്കനാർക്കാവ് ക്ഷേത്രത്തിലെ മേൽശാന്തി അദ്വൈത് ഇവിടെയെത്തി വീട്ടുമുറ്റത്ത് ഒരുക്കങ്ങൾ നടത്തി. തുടർന്ന് 9.30നുള്ള മുഹൂർത്തത്തിൽ രൂപേഷ് കാറിലിരുന്ന് അശ്വതിയുടെ കഴുത്തിൽ താലി ചാർത്തി. ചടങ്ങ് കഴിഞ്ഞയുടൻ നവവരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അശ്വതി രൂപേഷിന്റെ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കും പോയി.

    എട്ടുവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. കാലിലെ പരിക്ക് ഗുരുതരമായതിനാൽ രൂപേഷിനെ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.