എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട; എം.പിമാർക്കും സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാമെന്ന് ഹൈക്കമാൻഡ്

    ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കേരളത്തിൽ നിന്നുള്ള എം.പിമാരുടെ നീക്കത്തിന് തടയിട്ട് കോൺഗ്രസ് ഹൈക്കമാൻഡ്. എംപിമാർ രാജിവച്ച് മത്സരരംഗത്തിറങ്ങുന്നതിനോടു യോജിപ്പില്ലെന്നാണ് നേതൃ്ത്വം വ്യക്തമാക്കിയിരിക്കുന്നത്. ജയസാധ്യത കണക്കിലെടുത്ത് ഏതാനും എംപിമാരെ മത്സരിപ്പിക്കണമെന്ന ആവശ്യം നിലവിൽ പരിഗണനയിലില്ല. ഇക്കാര്യം കേരളത്തിലെ പാർട്ടി നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കുന്നു.

    2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 52 സീറ്റ് മാത്രമാണ് കോൺഗ്രസിനുള്ളത്. ഈ സാഹചര്യത്തിൽ എംപിമാരെ തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അയയ്ക്കാനാകില്ലെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ പറയുന്നു. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഇതേ നിലപാടാകും കോൺഗ്രസ് ദേശീയ നേതൃത്വം സ്വീകരിക്കുക.

    ഏതെങ്കിലും മണ്ഡലത്തിൽ ജയസാധ്യതയുള്ള സ്ഥാനാർഥിയെ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ, സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടാൽ മാത്രം എംപിമാരെ മത്സരിപ്പിക്കുന്ന കാര്യം പിന്നീട് പരിഗണിക്കും. എന്നാൽ ഒരാൾക്ക് ഇളവ് നൽകിയാൽ സമാന ആവശ്യവുമായി കൂടുതൽ പേർ രംഗത്തുവരുമെന്നാണു വിലയിരുത്തൽ. അതിനാൽ ഈ സാഹചര്യം ഒഴിവാക്കണമെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശിക്കുന്നത്.

    തങ്ങളുടെ മണ്ഡലത്തിലുൾപ്പെട്ട ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാർഥിയാക്കാവുന്ന 2 പേരുകൾ വീതം നൽകാൻ എംപിമാരോട് ആവശ്യപ്പെടും. ഗ്രൂപ്പ് താൽപര്യങ്ങൾ മാറ്റിവച്ച് ജയസാധ്യതയ്ക്കു മുൻതൂക്കം നൽകണമെന്ന നിർദേശവും നൽകും.