സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ നല്ലതെന്ന് മുഖ്യമന്ത്രി;

    മുഖ്യമന്ത്രി പദവിക്കു നിരക്കാത്ത പക്ഷപാതം കാട്ടുന്നെന്ന് ഓര്‍ത്തഡോക്‌സ് സഭ

    തൃശൂര്‍/കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ സഭാ തര്‍ക്കത്തില്‍ ഇടപെടുന്നതില്‍ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നു കരുതുന്നില്ലെന്നും പ്രധാനമന്ത്രി ഇടപെടുന്നതു നല്ലതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും, ചിലയിടത്തെ തര്‍ക്കം ക്രമസമാധാന പ്രശ്‌നം വരെയായി. കേരള പര്യടനത്തിന്റെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.അതേസമയം സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഭരണഘടനാപരമായ ചുമതലയുള്ള മുഖ്യമന്ത്രി ഒരു വിഭാഗത്തിന്റെ വക്താവായി സംസാരിക്കുന്നതു ഖേദകരമാണെന്നും പദവിക്കു നിരക്കാത്ത പക്ഷപാതമാണ് അദ്ദേഹം കാണിച്ചതെന്നും ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്.

    സഭാതര്‍ക്കം നിലനിര്‍ത്തി ലാഭം കൊയ്യാനുള്ള ശ്രമങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കും. ഒരു സഭയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ മറ്റു സഭകള്‍ ഇടപെടുന്ന ശൈലി ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി അതിനും വഴിയൊരുക്കി. ഓര്‍ത്തഡോക്സ് സഭയുടെ വീഴ്ചകള്‍ എന്ന നിലയില്‍ അദ്ദേഹം മലപ്പുറത്തു നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാനാവൂ എന്നും മാര്‍ ദിയസ്‌കോറസ് പറഞ്ഞു.

    വിശ്വാസികളുടെ ഭൂരിപക്ഷം നോക്കി കോടതിവിധികള്‍ നടപ്പാക്കുന്ന ശൈലി സഭാതര്‍ക്കത്തിനു മാത്രം ബാധകമായിട്ടുള്ളതാണോ? മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സഭ  സന്തോഷത്തോടെയാണു സഹകരിച്ചത്. എന്നാല്‍ കോടതിവിധിയിലൂടെ സഭയ്ക്കു ലഭിച്ച എല്ലാ അവകാശങ്ങളും താമസിപ്പിക്കാനും ഇല്ലാതാക്കാനുമുള്ള ഉപാധി മാത്രമായി യാക്കോബായ സഭ അതിനെ കണ്ട സാഹചര്യത്തിലാണു ചര്‍ച്ചകള്‍ വഴിമുട്ടിയത്. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചകളെക്കുറിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യവിരുദ്ധമായ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാന്‍ മുതിരുകയും ചെയ്തു. ഇക്കാര്യം കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതെല്ലാം ചര്‍ച്ചകളുടെ പ്രസക്തി തന്നെ ഇല്ലാതാക്കിയതായി സുന്നഹദോസ് സെക്രട്ടറി പറഞ്ഞു.

    മലങ്കര സഭാതര്‍ക്കം സംബന്ധിച്ചു കോടതി വിധി അംഗീകരിച്ചു നടപ്പാക്കുകയല്ലാതെ മറ്റൊരു വിധത്തിലും പ്രശ്നപരിഹാരത്തിനു ശ്രമിക്കേണ്ടതില്ല എന്നു സുപ്രീംകോടതി തന്നെ നിര്‍ദേശിക്കുന്നുണ്ട്. എങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ച് ചര്‍ച്ചയ്ക്കു സഭ തയാറായി എന്ന വസ്തുതയ്ക്കു നേരെ കണ്ണടച്ചതു നിര്‍ഭാഗ്യകരമാണെന്നു യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു.

    സഭാംഗങ്ങളില്‍ ആരുടെയും സംസ്‌കാരം  സഭ തടഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ ആദരപൂര്‍വ്വം സംസ്‌ക്കരിക്കുന്നതിന്  ഒരുക്കമായിരുന്നു. നിയമപരമായി ചുമതലയുള്ള വികാരിയുടെ സാന്നിദ്ധ്യത്തിലാവണം  എന്നു മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും അദേഹം വ്യക്തമാക്കി.