അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടണം; പ്രധാനമന്ത്രിയോട് യാക്കോബായ സഭാ നേതൃത്വം

    ന്യൂഡല്‍ഹി: തങ്ങളുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയില്‍ യാക്കോബായ സഭാ നേതൃത്വം അഭ്യര്‍ഥിച്ചു. സാഹോദര്യം നമ്മുടെ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണെന്നും വിദ്വേഷം ഒഴിവാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞതായി സഭാ നേതൃത്വം വ്യക്തമാക്കി.

    യാക്കോബായ സഭയുടെ മെട്രോപ്പൊലിറ്റന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സിനഡ് സെക്രട്ടറി ഡോ.തോമസ് മാര്‍ തിമോത്തിയോസ്, മാധ്യമ സെല്‍ ചെയര്‍മാന്‍ ഡോ.കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവരാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. മിസോറം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള, വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ എന്നിവരും സന്നിഹിതരായിരുന്നു.

    പ്രശ്‌നങ്ങള്‍ വിശദീകരിച്ചുള്ള നിവേദനം പ്രധാനമന്ത്രിക്കു നല്‍കിയെന്ന് ഡോ.തോമസ് മാര്‍ തിമോത്തിയോസ് പറഞ്ഞു. യാക്കോബായ സമൂഹത്തിന് നീതിയും ആരാധനാസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുകയാണ്. വിശ്വാസികളെ പുറത്താക്കുകയും മൃതദേഹങ്ങള്‍ സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതു തടയുകയും ചെയ്യുന്നു. ഒരു നൂറ്റാണ്ടിലേറെയായുള്ള തര്‍ക്കമാണ്, ഒട്ടേറെ കോടതിവിധികളുമുണ്ട്. തര്‍ക്കം സാമൂഹികവിഷയമായി മാറിയിട്ടുണ്ട്. തുടര്‍നടപടികള്‍ പ്രധാനമന്ത്രി അറിയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

    കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തില്‍ നിന്ന് സഭാ സിനഡ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, ഡോ.തോമസ് മാര്‍ അത്തനാസിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രയോസ് എന്നിവര്‍ മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്നലത്തെ ചര്‍ച്ചയ്ക്കുശേഷം ഇരുകൂട്ടരും ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയ്‌ക്കൊപ്പം മിസോറം ഭവനില്‍ ഉച്ചവിരുന്നില്‍ പങ്കെടുത്തു.

    ഓര്‍ത്തഡോക്‌സ്, യാക്കോബായ തര്‍ക്കപരിഹാരത്തിന് തന്നാലാവുന്നതു ചെയ്തു എന്ന സംതൃപ്തിയിലാണ് മിസോറം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള. ഇരുകൂട്ടര്‍ക്കും താന്‍ നല്‍കിയ ഉച്ചവിരുന്ന് മഞ്ഞുരുകാന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

    പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍, സമന്വയത്തിന് കൂടുതല്‍ ശ്രമമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇരുകൂട്ടരും ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. ഇരുകൂട്ടരും തമ്മില്‍ ആഴത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ട്. കോടതിവിധി നിലവിലുണ്ടെങ്കിലും, ഇച്ഛാശക്തിയുണ്ടെങ്കില്‍ പരിഹാരത്തിനും മാര്‍ഗമുണ്ട്. വിട്ടുവീഴ്ചകളുണ്ടാവണം. നിയമാധിഷ്ഠിതമായി നീതി നടപ്പാക്കാനാവണം. സിറോ മലബാര്‍ സഭാ നേതൃത്വവുമായി അടുത്ത മാസം മൂന്നാംവാരം പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.