യു.കെ ഓക്സ്ഫഡ് കോവിഡ് വാക്സിന് അംഗീകാരം നല്‍കി

    ലണ്ടന്‍:  ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സിന് യു.കെ അംഗീകാരം നല്‍കി. വിതരണം ഉടന്‍ തുടങ്ങുമെന്നാണ് സൂചന. മെഡിസന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

    ഓക്സ്ഫഡ് വാക്സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് യു.കെ. ഫൈസര്‍ വാക്സിന് യു.കെ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ബ്രിട്ടനില്‍ വ്യാപിക്കുന്ന പുതിയ വകഭേദത്തിനെതിരേയും ഓക്‌സ്ഫഡ് വാക്‌സിന്‍ ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്.

    ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനീകയും ചേര്‍ന്ന വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. ബ്രിട്ടനിലും ബ്രസീലിലും ഇന്ത്യയിലും നടത്തിയ ക്ലിനിക്കല്‍ പഠനറിപ്പോര്‍ട്ടുകളനുസരിച്ച് കോവിഷീല്‍ഡ് വാക്‌സിന്‍ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യു.കെ അനുമതി നല്‍കിയതോടെ ഇന്ത്യയും വാക്സിന് ഉടന്‍ അനുമതി നല്‍കുമെന്നാണ് കരുതുന്നത്. വാക്സിന്‍ വിതരണത്തിനുള്ള എല്ലാ നടപടി ക്രമങ്ങളും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.