യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് വിലക്ക് ജനുവരി ഏഴ് വരെ നീട്ടി

    ന്യൂഡല്‍ഹി: ജനിക മാറ്റം വന്ന കോവിഡ് അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഒരാഴ്ച കൂടി നീട്ടി. ജനുവരി ഏഴ് വരെ വിലക്ക് തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

    നേരത്തെ ഡിസംബര്‍ 22 മുതല്‍ ഡിസംബര്‍ 31 വരെയായിരുന്നു യുകെ-ഇന്ത്യ വിമാന സര്‍വീസുകള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയത്. ഇത് ജനുവരി ഏഴ് വരെ നീട്ടുകയാണ്. തുടര്‍ നടപടികള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

    യുകെയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ജനിതക മാറ്റം വന്ന കോവിഡ് ഇന്ത്യയില്‍ 20 പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.

    കോവിഡിനു കാരണമായ സാര്‍സ് കോവ്-2 വൈറസിന്റെ ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വകഭേദമാണ് ഇവരില്‍ കണ്ടെത്തിയത്. പുതിയ വൈറസ് വകഭേദം ബ്രിട്ടനു പുറമേ ഇന്ത്യ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍,യു.എ.ഇ എന്നീ രാജ്യങ്ങളിലാണ് ഇതുവരെ കണ്ടെത്തിയത്