ഫാസ്റ്റാഗ് ഇല്ലെങ്കിലും തത്കാലം ടോള്‍ ബൂത്തില്‍ തടയില്ല; ഫെബ്രുവരി 15 വരെ സാവകാശം

    നാഷണല്‍ ഹൈവേയില്‍ ടോള്‍ പിരിവിന് ഫാസ്റ്റാഗ് നിര്‍ബന്ധമാക്കുന്നത് ഫെബ്രുവരി 15-ലേക്ക് നീട്ടി. ജനുവരി ഒന്ന് മുതല്‍ എല്ലാ നാലു ചക്ര വാഹനങ്ങളിലും ഫാസ്റ്റാഗ് നിര്‍ബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഈ നിര്‍ദേശം നടപ്പാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സമയം അനുവദിച്ചിരിക്കുന്നത്.

    നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ (എന്‍.എച്ച്.എ.ഐ) കണക്ക് അനുസരിച്ച് രാജ്യത്തെ 70 മുതല്‍ 80 ശതമാനം വരെയുള്ള നാലു ചക്ര വാഹനങ്ങളില്‍ ഫാസ്റ്റാഗ് നല്‍കിയിട്ടുണ്ട്. എന്നാല്‍, 100 ശതമാനം പണരഹിത ടോള്‍ കളക്ഷന്‍ ഉറപ്പാക്കുന്നതിനായാണ് ഫെബ്രുവരി 15 വരെ സമയം അനുവദിച്ചിരിക്കുന്നതെന്ന് എന്‍.എച്ച്.എ.ഐ അറിയിച്ചു.

    2017 ഡിസംബര്‍ ഒന്ന് മുതല്‍ നിരത്തുകളില്‍ എത്തിയിട്ടുള്ള വാഹനങ്ങളില്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയിരുന്നു. പുതിയ നിര്‍ദേശം അനുസരിച്ച് പഴയ വാഹനത്തില്‍ നല്‍കുന്നതിനൊപ്പം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് പുതുക്കണമെങ്കിലും ഫാസ്റ്റാഗ് വേണം. നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളില്‍ 2019 ഒക്ടോബര്‍ മുതല്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയിരുന്നു.

    ഇതിനൊപ്പം 2021 ഏപ്രില്‍ മാസം മുതല്‍ വാഹനങ്ങള്‍ക്ക് തേഡ് പാര്‍ട്ട് ഇന്‍ഷുറന്‍സ് അനുവദിക്കുന്നതിന് ഫാസ്റ്റാഗ് നിര്‍ബന്ധമാക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിനായി ഫാസ്റ്റാഗ് വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന രീതിയില്‍ ഇന്‍ഷുറന്‍സ് ഫോമില്‍ മാറ്റം വരുത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.