ഇന്ന് പ്രശസ്ത ചിത്രകാരന്‍ ചിക്കുവിന്റെ ഓർമ്മ ദിവസം

-സി.ടി. തങ്കച്ചന്‍-

2005 ജനുവരി ഒന്നിനാണ് ചിക്കു നിറങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായത്. മികച്ച ചിത്രകാരൻ എന്നതിലുപരി കളങ്കരഹിതനായ മനുഷ്യനായിരുന്നു. സൗകര്യം കിട്ടുമ്പോഴെല്ലാം കാട്ടിലേക്ക് ചേക്കേറാൻ കൊതിക്കുന്ന മനസ്. ചിക്കു മനുഷ്യരോടെന്ന പോലെ തന്നെ പക്ഷികളേയും മൃഗങ്ങളേയും മരങ്ങളേയും ഒരുപാട് സ്നേഹിക്കുകയും അവരോടൊക്കെ ചങ്ങാത്തം കൂടുകയും ചെയ്തിരുന്ന മനസ്സിനുടമ.

യഥാതഥമല്ലാത്ത ഒരു ചിത്രരചനാരീതിയോടായിരുന്നു. ചിക്കുവാനുകമ്പം. സർറിയലിസത്തോട് അടുത്തു നിൽക്കുന്ന ഒരു ചിത്രണ രീതിയിലാണ് ചിക്കു ചിത്രങ്ങൾ വരച്ചിരുന്നത്. ലോക പ്രസിദ്ധ സർറിയലിസ്റ്റ് ചിത്രകാരനായ സാൽവദോർ ദാലി മരിച്ചയന്ന് രണ്ടിഞ്ചു നീളത്തിലുള്ള ഒരു കരിങ്കൊടി മാറിൽ പതിച്ചാണ് ചിക്കു പുറത്തിറങ്ങിയത്. അന്ന് കൊച്ചി നഗരത്തിലൂടെ സ്വന്തം സൈക്കിളിൽ അസ്വസ്ഥനായി പാഞ്ഞു നടന്നിരുന്ന ചിക്കുവിന്റെ ചിത്രം ഇന്നും മനസ്സിലുണ്ട്.

ജിക്കുവിന്റെ ചിത്രം

വയനാട്ടിലെ തിരുനെല്ലി ക്യാമ്പിലും പിന്നെ പഴയ വിജയനഗര സാമ്രാജ്യമായിരുന്ന ഹംപിയിലെ ക്യാമ്പിലിരുന്നു ചിത്രങ്ങൾ വരച്ചപ്പോഴും ചിക്കുവാനോടും
മറ്റു ചിത്രകാരൻമാരോടുമൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു . ഭൂമിയിലും ആകാശത്തും ഒരിക്കലും കാണാനിടയില്ലാത്ത അപൂർവ്വ ജീവികളെ ചിക്കു തന്റെ കാൻവാസിൽ സൃഷ്ടിക്കുമായിരുന്നു.

സ്വപ്നത്തിനും യഥാർത്ഥ്യത്തിനുമിടയിലായിരുന്നു ചിക്കുവിനെപ്പോലെ ചിക്കുവാന്റെ ചിത്രങ്ങളും നിലകൊണ്ടിരുന്നത്. അപൂർവ്വമായാണ് ചക്കുവിന്റെ ചിത്രങ്ങളിൽ മനുഷ്യർ കടന്നു വരുന്നത് അത് പലപ്പോഴും സ്വന്തം ഛായയിലുള്ള മനുഷ്യരുമാകും. നിറങ്ങളുടെ സമ്മിശ്രണ സമ്മേളനവും ലയവും കൊണ്ട് മനസ്സിന് കുളിർമ്മ പകരുന്നതാണ് ചിക്കുവിന്റെചിത്രങ്ങൾ’ രേഖാചിത്രങ്ങൾ വരഞ്ഞു വെക്കുന്നതിലുമുണ്ടായിരുന്നു ഒരു മാസ്റ്റർ ടച്ച്.

jicku-painting001

1957ലെ ഒരു മഴക്കാലത്താണ് ചിക്കു ജനിച്ചത്. ജൻമദിനം കൃത്യമായി ചിക്കുവാന്നറിയില്ലായിരുന്നു പ്രസിദ്ധ പത്രപ്രവർത്തകനും ആദ്യകാല ചിത്രകലാനീ രൂപകനുമായിരുന്ന രാംജി യുടെ പുത്രനായിരുന്നു ചിക്കു. കേരളത്തിനകത്തും പുറത്തുമായി ആറേഴു സ്കൂളുകളിൽ പഠിച്ചാണ് ചിക്കു തന്റെ സ്കൂൾ ജീവിതം അവസാനിപ്പിച്ചത് ഒറ്റപ്പാലം, മദിരാശി എറണാകുളം അഴീക്കോട്, തലശ്ശേരി എന്നീ പ്രദേശങ്ങളിലെ പല സ്ക്കൂളുകളിൽ ചിക്കു പഠിച്ചിട്ടുണ്ട് ഇത്രയേറെ സ്കൂളുകളിൽ അലഞ്ഞു തിരിഞ്ഞു പഠിച്ചതുകൊണ്ട് സ്ക്കൂൾ ഫൈനലിനു ശേഷം പഠനം അവസാനിപ്പിച്ചു. ബോറഡിച്ചതുകൊണ്ടാണ് അതവസാനിപ്പിച്ചതെന്ന് ചിക്കു പറയുമായിരുന്നു.

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് തിരുവനന്തപുരത്ത് ഫൈൻ ആർട്സ് കോളേജിൽ പത്തു രൂപയടച്ച് ചിത്രരചനാ പരിശീലനത്തിനു ചേർന്നു. വൈകാതെ അവിടെ നിന്നും വിട്ടു പോന്ന് വീട്ടിലിരുന്ന് ചിത്രരചനാ സാധകം തുടങ്ങി ചിത്രം വരച്ചു തുടങ്ങിയ നാൾ മുതൽ ബ്രഷ് എടുക്കാത്ത ദിവസങ്ങൾ ജീവിതത്തിൽ വിരളമായിരുന്നു. യാത്രയിലായാലും ചിക്കു സ്കെച്ചു ചെയ്തു കൊണ്ടിരിക്കും ചിത്രരചനയ്ക്ക് അക്കാദമി നൽകിയ സർട്ടിഫിക്കറ്റ് കുറച്ചു നാൾ സൂക്ഷിച്ചു വെച്ചിരുന്നു.

ഉപയോഗശൂന്യമാണെന്നു മനസിലായതു കൊണ്ട് അത് പിന്നീട് വെയ്സ്റ്റ് ബോക്സിലിട്ടു എന്നു പറഞ്ഞ് ചിക്കു ഒരു ചിരി ചിരിച്ചത് ഇന്നും മനസിലുണ്ട് കേരളത്തിനകത്തും പുറത്തും നിരവധി പ്രദരശനങ്ങൾ നടത്തിയിട്ടുള്ള ചിക്കു. 1988 ൽ നടത്തിയ ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനച്ചടങ്ങ് പലരേയും ഞെട്ടിച്ചു. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ പ്രവർത്തിച്ചിരുന്ന കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലായിരുന്നു ആ പ്രദർശനം. ഉദ്ഘാടകനായി എത്തിയത് ബെൻ എന്നു പേരുള്ള ഒരു നായക്കുട്ടി’ ക്ഷണപത്രത്തിൽ ഉദ്ഘാടകൻ മാസ്റ്റർ ബെൻ എന്നു മാത്രമാണ് ചേർത്തിരുന്നത്. ആശംസ പ്രസംഗങ്ങളും ഒഴിവാക്കിയിരുന്നു.. ഉദ്ഘാടന ചടങ്ങുകളിലെ മുഖസ്തുതികളോടും വിരസ പ്രസംഗങ്ങളോടുമുള്ള പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു ചിക്കു.

ചിത്രമെഴുത്തിലും ജീവിതത്തിലും വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ഈ മനുഷ്യൻ വരഞ്ഞുവെച്ച ചിത്രങ്ങൾ ഇന്ന് തലശ്ശേരിയിലെ ഇദ്ദേഹത്തിന്റെ കുടുംബ വീട്ടിലുണ്ടാകും ആ ചിത്രങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ ലളിതകലാ അക്കാദമി മുന്നോട്ടുവരണമെന്നാണ് ചിക്കുവിനേയും ചിക്കുവിന്റെ ചിത്രങ്ങളേയും സ്നേഹിക്കുന്ന കൂട്ടുകാർ അക്കാദമിയോട് ആവശ്യപ്പെടുന്നത്. ചിക്കുവിനെക്കുറിച്ച് ഒരു പുസ്തകം ഇതിനകം അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ അതിലധികം ഈ ചിത്രകാരൻ അർഹിക്കുന്നു.