യാദവ കുടുംബത്തില്‍ കൂട്ടയടി; അഖിലേഷ് ദേശീയ പ്രസിഡന്‍റ് ; പിതാവിന്‍െറ പദവി തട്ടിയെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

അച്ഛനെ പുറത്താക്കി മകന്‍ ദേശീയ പ്രസിഡന്‍റ്

അമര്‍സിംഗിനെയും ശിവപാല്‍ യാദവിനെയും അഖിലേഷ് യാദവ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ഭൂരിപക്ഷം എം.എല്‍.എമാരും അഖിലേഷ് യാദവിനൊപ്പം 

 

ഒരുദിവസത്തെ ഇടവേളയ്ക്ക് ശേഷം സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും കലാപം. ഉത്തരപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ് വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തുവെന്ന രാംഗോപാല്‍ യാദവ്. ലക്നൗവില്‍ ചേര്‍ന്ന ദേശീയ കണ്‍വെന്‍ഷനിലാണ് പ്രഖ്യാപനം. ദേശീയ എക്സിക്യൂട്ടീവ് ഐക്യകണ്ഠേനയാണ്  അഖിലേഷിനെ തെര‍ഞ്ഞെടുത്തതെന്നും രാംഗോപാല്‍ യാദവ് പറഞ്ഞു.

പിതാവും പാര്‍ട്ടിയുടെ സ്ഥാപക നേതാവുമായ മൂലായം സിംഗ് അധ്യക്ഷ പദവിയില്‍ തുടരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ശിവപാല്‍ യാദവിനെയും അമര്‍സിംഗിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അതേസമയം, ദേശീയ കണ്‍വെന്‍ഷന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് മൂലായം സിംഗ് പറഞ്ഞു. കഴിഞ്ഞദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ അഖിലേഷ് യാദവിനെ മുലായം തിരിച്ചെടുത്തിരുന്നു.

എം.എല്‍.എമാരില്‍ ബഹുഭൂരിപക്ഷവും അഖിലേഷിനൊപ്പമാണെന്ന് അറിഞ്ഞുകൊണ്ടാണ് തിരിച്ചെടുക്കാന്‍ ഇടയായത്. എന്നാല്‍ ലക്നൗവില്‍ നടന്ന ദേശീയ കണ്‍വെന്‍ഷന്‍ പാര്‍ട്ടി വിരുദ്ധമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും ഇതില്‍ പങ്കെടുക്കരുതെന്നും മുലായംസിംഗ് പറഞ്ഞു. തന്നെയും പിതാവിനെയും തമ്മില്‍ അകറ്റാന്‍ ആരും നോക്കണ്ടെന്നും തുടര്‍ന്നും പിതാവും മകനുമായി കഴിയുമെന്നും അഖിലേഷ് പറഞ്ഞു.

നേതാജിക്കെതിരെ (മൂലായംസിംഗ്) എതിരെ നടക്കുന്ന അട്ടിമറി ശ്രമങ്ങളെ തടയാനുള്ള ബാധ്യത തനിക്കുണ്ട്. താന്‍ അദ്ദേഹത്തിന്‍െറ മകനാണ്. ഞങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ നോക്കണ്ട. പാര്‍ട്ടിയെയും അദ്ദേഹത്തെയും രക്ഷിക്കാന്‍ ഏതറ്റംവരെയും പോകാന്‍ തയ്യാറാണെന്ന് അകിലേഷ് പറഞ്ഞു.

തെര‍ഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴാണ് മൂലായംസിംഗിന്‍െറ പാര്‍ട്ടിയില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസം അഖിലേഷിനെ ആറുവര്‍ഷത്തേക്ക് മുലായംസിംഗ് പുറത്താക്കിയിരുന്നു. പക്ഷേ, പിന്നീട് മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലല്ലു പ്രസാദ് യാദവിന്‍െറയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അസംഘാന്‍െറയും മധ്യസ്ത ശ്രമങ്ങളെത്തുടര്‍ന്ന് അഖിലേഷിനെ തിരിച്ചെടുത്തിരുന്നു.

പാര്‍ട്ടിയിലെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കപ്പെട്ടതായി സംസ്ഥാന അധ്യക്ഷനും മുലായം സിംഗിന്‍െറ സഹോദരനുമായ ശിവപാല്‍ യാദവ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. പക്ഷേ, ഇത്തരം അവകാശവാദങ്ങളെ തകിടം മറിച്ചുകൊണ്ടാണ് അഖിലേഷ് ദേശീയ അധ്യക്ഷനായി ഇന്ന് പ്രഖ്യാപിച്ചത്. ഏതാനും മാസങ്ങളായി മൂലായം സിംഗിന്‍െറ വീട്ടില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന കുടുംബ വഴക്കാണ് പാര്‍ട്ടിയെ പിളര്‍പ്പിന്‍െറ വക്കില്‍ എത്തിച്ചിരിക്കുന്നത്. മകനും പിതാവും രണ്ടുഭാഗത്തായി നിന്നുകൊണ്ടാണ് ചേരിപ്പോരിന് നേതൃത്വം കൊടുക്കുന്നത്. നിയമസഭാകക്ഷിയിലെ 229 എം.എല്‍.എമാരില്‍ ഏതാനും 200 ഓളം പേര്‍ അഖിലേഷിനൊപ്പമാണ്. സമാജ് വാദി പാര്‍ട്ടി പിളര്‍ന്നാല്‍ മായാവതിയുടെ ബി.എസ്.പി ഈ സാഹചര്യം മുതലെടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

സമാജ് വാദി പാര്‍ട്ടി പിളര്‍ന്നാല്‍  മുസ്ലിം – ദളിത് വിഭാഗങ്ങളുടെ വോട്ടില്‍ കനത്ത തോതില്‍ ചോര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. ഈ പിളര്‍പ്പ് ബി.ജെ.പിക്കും ബി.എസ്.പിക്കും തെര‍ഞ്ഞെടുപ്പില്‍ മുന്‍തൂക്കം കിട്ടാന്‍ ഇടയാക്കും. കോണ്‍ഗ്രസുമായി സംഖ്യം വേണമെന്നാണ് അഖിലേഷ് യാദവിന്‍െറ നിലപാട്. എന്നാല്‍ മുലായംസിംഗിനെ ഈ സഖ്യത്തോട് യോജിപ്പില്ല.