വിദ്യാർഥികളുടെ യാത്രാസൗജന്യം തുടരും; കെഎസ്ആർടിസിയെ ആശ്രയിക്കുന്നത് ദിവസേന 12 ലക്ഷം യാത്രക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് ക്ലാസുകാർക്കായി സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ കെഎസ്ആർടിസി ബസുകളിലെ വിദ്യാർഥികളുടെ കൺസഷൻ നിരക്ക് പഴയതു തുടരും. കോവിഡ് കാലത്തിനു മുൻപുള്ള അതേ നിരക്കായിരിക്കും ഈടാക്കുക.

ഇപ്പോൾ ദിവസവും 12 ലക്ഷം യാത്രക്കാർ കെഎസ്ആർടിസി ബസുകളിൽ കയറുന്നുണ്ട്. കോവിഡ് കാലത്തിനു മുൻപ് ശരാശരി 28 ലക്ഷം യാത്രക്കാരായിരുന്നു. ദിവസ വരുമാനം ഇപ്പോൾ 3.12 കോടി വരെയെത്തി. കോവിഡ് കാലത്തിനു മുൻപ് 6 കോടിയായിരുന്നു വരുമാനം. 5100 സർവീസ് നടത്തിയിരുന്നു. ഇപ്പോൾ 3200 സർവീസ് വരെ മാത്രം.

കെഎസ്ആർടിസി ബസുകളിൽ കോവിഡ് കാലത്തു വരുത്തിയ നിരക്കു വർധന കുറയ്ക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും ഗതാഗത മന്ത്രിയുടെ ഓഫിസ് അറിയിച്ചു. എന്നാൽ സൂപ്പർ ക്ലാസ് ബസുകളിൽ കോവിഡ് കാലത്തു വരുത്തിയ വർധനയിൽ 25% കുറച്ചിരുന്നു. ഓർഡിനറി ബസുകളിൽ 49 രൂപ വരെയുള്ള ടിക്കറ്റുകൾക്കു സെസ് നിരക്കും കുറച്ചു. ഇതു പ്രാബല്യത്തിലുണ്ട്.