രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി മാറ്റിയാല്‍ എന്താണ് കുഴപ്പം? സംവിധായകന്‍ ഡോ. ബിജു

    തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്ര മേള നാലിടങ്ങളില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിലെ സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി സംവിധായകന്‍ ഡോ. ബിജു.സ്ഥിരം വേദി മാറ്റുന്നത് മേളയുടെ അന്താരാഷ്ട്ര അംഗീകാരത്തെ ബാധിക്കാമെന്ന് ഡോ. ബിജു ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നത്. ഫിയാഫ് (FIAPF)  അംഗീകാരമുള്ള മേളകളുടെ സ്ഥിരം വേദി മാറ്റണമെങ്കില്‍ അവരുടെ  അനുമതി ഉണ്ടാകണം . അല്ലെങ്കില്‍ മേളയുടെ അക്രിഡിറ്റേഷന്‍ നഷ്ടമാകും മേള സ്ഥിരമായി തിരുവനന്തപുരത്ത് നടത്തുന്നതില്‍ നിന്ന് മാറ്റാനുള്ള നീക്കമാണോ ഇതെന്ന് സംശയമുണ്ടെന്നും ഡോ. ബിജു പറയുന്നു.

    ‘സാധാരണ രീതിയില്‍ അത്ര ശക്തമായ കാരണങ്ങള്‍ ഇല്ലാതെ മേളയുടെ സ്ഥിരം വേദി മാറ്റാന്‍ ഒരു ചലച്ചിത്ര മേളയ്ക്കും FIAPF അനുമതി നല്‍കാറില്ല . കോവിഡ് പ്രാമാണിച്ചാണ് വേദി നാല് സിറ്റികളില്‍ ആക്കിയത് എന്നത് ശക്തമായ ഒരു കാരണമേ അല്ല . കോവിഡ് കാലത്തു ലോകത്തെ ചലച്ചിത്ര മേളകള്‍ രണ്ടു രീതിയാണ് അവലംബിച്ചിട്ടുള്ളത് . ഒന്നുകില്‍ മേള നടത്താതിരിക്കുക , അല്ലെങ്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു അതെ വേദിയില്‍ നിയന്ത്രണങ്ങളോടെ നടത്തുക . കാന്‍ പോലെയുള്ള പല ചലച്ചിത്ര മേളകളും കഴിഞ്ഞ വര്‍ഷം നിര്‍ത്തലാക്കി . വെനീസ് , ഷാങ്ഹായി , മോസ്‌കോ , താലിന്‍ തുടങ്ങി നിരവധി മേളകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തി . ഇന്ത്യയില്‍ തന്നെ ഗോവ , കൊല്‍ക്കത്ത മേളകള്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു സ്ഥിരം വേദിയില്‍ നടത്തുകയാണ് . കൊല്‍ക്കത്ത ജനുവരിയിലും ഗോവ ഫെബ്രുവരിയിലും. കേരളത്തില്‍ മാത്രം എന്തുകൊണ്ടാണ് നാല് സ്ഥലങ്ങളിലേക്ക് മേള മാറ്റുന്നത് എന്നറിയില്ല. ‘ -ഡോ. ബിജു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

    ഡോ. ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍

    കേരള ചലച്ചിത്ര മേള ഇത്തവണ നാല് സ്ഥലങ്ങളിലായി നടത്തുന്നതുമായി ബന്ധപ്പെട്ടു വിവിധ പ്രതികരണങ്ങളും വിവാദങ്ങളും ഉണ്ടായിരിക്കുക ആണല്ലോ . ഈ വിഷയത്തില്‍ ഒന്നും എഴുതേണ്ടതില്ല എന്ന് വിചാരിച്ചിരുന്നതാണ് . പക്ഷെ നിരവധി മാധ്യമങ്ങളും സുഹൃത്തുക്കളും ഈ വിഷയത്തിലുള്ള ചില സാങ്കേതിക സംശയങ്ങള്‍ ചോദിച്ചത് കൊണ്ട് പ്രധാനപ്പെട്ട ഒരു കാര്യം സൂചിപ്പിക്കാം .
    ആദ്യമേ പറയട്ടെ കലാ മൂല്യ സിനിമകള്‍ തിരുവനന്തപുരത്തും, കൊച്ചിയിലും , തലശ്ശേരിയിലും, പാലക്കാട്ടും മാത്രമല്ല കഴിയുന്നതും ഓരോ പഞ്ചായത്തു തോറും പ്രദര്‍ശിപ്പിക്കണം എന്ന അഭിപ്രായം ഉള്ള ആളാണ് ഞാന്‍ . ലൈബ്രറി പ്രസ്ഥാനങ്ങളും സ്ഥലത്തെ ഫിലിം സൊസൈറ്റിയുമായി ചേര്‍ന്ന് പ്രാദേശിക ചലച്ചിത്ര മേളകള്‍ സംഘടിപ്പിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ട് പദ്ധതി വിഹിതത്തില്‍ തുക വകയിരുത്താന്‍ ബജറ്റ് അനുവദിക്കണം എന്ന നിര്‍ദേശം കഴിഞ്ഞ ദിവസം ബഹു മുഖ്യമന്ത്രിയുടെ പത്തനംതിട്ടയിലെ മീറ്റിങ്ങില്‍ വെച്ച് നല്‍കുകയും ചെയ്തതാണ് . (2016 ല്‍ എല്‍ ഡി എഫ് പ്രകടന പത്രിക തയ്യാറാക്കാന്‍ നടത്തിയ കേരള പഠന കോണ്‍ഗ്രസ്സിലും ഈ നിര്‍ദേശം നല്‍കിയിരുന്നു..പക്ഷെ…)
    ഏതായാലും മികച്ച ഒരു ചലച്ചിത്ര കാഴ്ച സംസ്‌കാരം സൃഷ്ടിക്കുന്നതിനായി സാധ്യമായ എല്ലാ പ്രദേശങ്ങളിലും ചലച്ചിത്ര മേളകള്‍ സംഘടിപ്പിക്കണം എന്നതാണ് എന്റെ അഭിപ്രായം .
    ഇനി കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് വരാം . ഇത്തവണ നാല് സ്ഥലങ്ങളില്‍ ആയാണ് ഐ എഫ് എഫ് കെ എന്ന കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുന്നത് എന്നാണ് അറിയുന്നത് . ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടും . ഈ നീക്കത്തിന് സാങ്കേതികമായി ഒരു പ്രശ്‌നമുണ്ട് . അത് ചലച്ചിത്ര അക്കാദമി പരിഗണിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്തിട്ടുണ്ടാകും എന്നാണ് വിശ്വസിക്കുന്നത് . ഇല്ലെങ്കില്‍ അത് തീര്‍ച്ചയായും വലിയ ഒരു കുഴപ്പം ആണ് .
    ലോകത്തെ ചലച്ചിത്ര മേളകളുടെ അംഗീകാരം നല്‍കുന്നത് FIAPF (International Federation of Film Producers Association ) ആണ് .FIAPF ന്റെ അംഗീകാരം ഉള്ള competitive specialised Feature Film Festivals എന്ന വിഭാഗത്തിലെ 22 ചലച്ചിത്ര മേളകളില്‍ ഒന്നാണ് കേരള ചലച്ചിത്ര മേള . FIAPF അംഗീകാരമുള്ള മേളകളുടെ സ്ഥിരം വേദി മാറ്റണമെങ്കില്‍ FIAPF ന്റെ അനുമതി ഉണ്ടാകണം . അല്ലെങ്കില്‍ മേളയുടെ അക്രിഡിറ്റേഷന്‍ നഷ്ടമാകും . ചലച്ചിത്ര മേളയ്ക്ക് ഒരു സ്ഥിരം വേദി ഉണ്ടായിരിക്കണം എന്നത് FIAPF ന്റെ പ്രധാനപ്പെട്ട നിബന്ധനകളില്‍ ഒന്നാണ് . അതുകൊണ്ടാണ് കേരള മേളയുടെ സ്ഥിരം വേദി തിരുവനന്തപുരം ആയി മാറിയത് .FIAPF ന്റ്‌റെ വെബ്സൈറ്റ് ഒന്ന് നോക്കിയാല്‍ മതി അതില്‍ competitive specialised Feature Film Festivals എന്ന വിഭാഗത്തിനു താഴെ കേരള മേള കാണിച്ചിരിക്കുന്നത് kerala (Trivandrum ) എന്നാണ് . (സ്‌ക്രീന്‍ഷോട്ട് ഇതോടൊപ്പം) .
    സാധാരണ രീതിയില്‍ അത്ര ശക്തമായ കാരണങ്ങള്‍ ഇല്ലാതെ മേളയുടെ സ്ഥിരം വേദി മാറ്റാന്‍ ഒരു ചലച്ചിത്ര മേളയ്ക്കും FIAPF അനുമതി നല്‍കാറില്ല . കോവിഡ് പ്രാമാണിച്ചാണ് വേദി നാല് സിറ്റികളില്‍ ആക്കിയത് എന്നത് ശക്തമായ ഒരു കാരണമേ അല്ല . കോവിഡ് കാലത്തു ലോകത്തെ ചലച്ചിത്ര മേളകള്‍ രണ്ടു രീതിയാണ് അവലംബിച്ചിട്ടുള്ളത് . ഒന്നുകില്‍ മേള നടത്താതിരിക്കുക , അല്ലെങ്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു അതെ വേദിയില്‍ നിയന്ത്രണങ്ങളോടെ നടത്തുക . കാന്‍ പോലെയുള്ള പല ചലച്ചിത്ര മേളകളും കഴിഞ്ഞ വര്‍ഷം നിര്‍ത്തലാക്കി . വെനീസ് , ഷാങ്ഹായി , മോസ്‌കോ , താലിന്‍ തുടങ്ങി നിരവധി മേളകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തി . ഇന്ത്യയില്‍ തന്നെ ഗോവ , കൊല്‍ക്കത്ത മേളകള്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു സ്ഥിരം വേദിയില്‍ നടത്തുകയാണ് . കൊല്‍ക്കത്ത ജനുവരിയിലും ഗോവ ഫെബ്രുവരിയിലും. കേരളത്തില്‍ മാത്രം എന്തുകൊണ്ടാണ് നാല് സ്ഥലങ്ങളിലേക്ക് മേള മാറ്റുന്നത് എന്നറിയില്ല .
    മുന്‍കാലങ്ങളിലെ പോലെ പ്രാദേശിക മേളകള്‍ വിവിധ സ്ഥലങ്ങളില്‍ നടത്താമെന്നിരിക്കെ അതിനു മുതിരാതെ ഇത്തരം ഒരു തീരുമാനം എങ്ങനെ ഉണ്ടായി . കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു പ്രതിനിധികളുടെ എണ്ണം കുറച്ചും തിയറ്ററുകളുടെ എണ്ണം കൂട്ടിയും ഐ എഫ് എഫ് കെ നടത്തിയ ശേഷം തൊട്ടടുത്തുള്ള ആഴ്ചകളില്‍ തന്നെ വിവിധ സിറ്റികളില്‍ പ്രാദേശിക മേളകള്‍ സംഘടിപ്പിക്കാമെന്നിരിക്കെ ഇത്തരത്തില്‍ FIAPF അക്രിഡിറ്റേഷനെ തന്നെ അപകടപ്പെടുത്തുന്ന തരത്തില്‍ മേള നാല് സിറ്റികളില്‍ നടത്താനുള്ള തീരുമാനം ആരുടെ തലയില്‍ ഉദിച്ചതാണ് എന്നറിയില്ല . തിരുവനന്തപുരത്തു നിന്നും മാറി നാല് സിറ്റികളില്‍ ആയി മേള നടത്താന്‍ FIAPF അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് ചലച്ചിത്ര അക്കാദമി ആണ് . അത് ലഭിച്ചിട്ടില്ലെങ്കില്‍ ഇത് തെറ്റായ ഒരു തീരുമാനം ആണ് .
    ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാം കസാക്കിസ്ഥാനിലെ യുറേഷ്യ ചലച്ചിത്ര മേള കേരള ചലച്ചിത്ര മേളയെ പോലെ FIAPF ന്റെ അംഗീകാരം ഉള്ള competitive specialised Feature Film Festivals എന്ന വിഭാഗത്തിലെ 23 ചലച്ചിത്ര മേളകളില്‍ ഒന്നായിരുന്നു . കസാക്കിസ്ഥാനിലെ അല്‍മാട്ടി നഗരം ആയിരുന്നു യുറേഷ്യ മേളയുടെ അംഗീകൃത വേദി . 2017 ല്‍ കസാക്കിസ്ഥാന്‍ സര്‍ക്കാര്‍ മേളയുടെ വേദി തലസ്ഥാന നഗരമായ അസ്താനയിലേക്ക് മാറ്റുവാന്‍ തീരുമാനിച്ചു . ചില കള്‍ച്ചറല്‍ ഇവന്റ്റുമായി ബന്ധപ്പെട്ടാണ് വേദി ആ ഒരു വര്‍ഷത്തേക്ക് മാറുന്നത് എന്നത് ചൂണ്ടിക്കാട്ടി ദീര്‍ഘമായ കത്തിടപാടുകള്‍ നടത്തി FIAPF നെ ബോധ്യപ്പെടുത്തി പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് വേദി മാറ്റിയത് . പക്ഷെ FIAPF മായുള്ള എഗ്രിമെന്റ്റിനു വിരുദ്ധമായി തുടര്‍ വര്‍ഷങ്ങളിലും സര്‍ക്കാര്‍ മേള അസ്താനയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചതോടെ യുറേഷ്യ മേളയ്ക്ക് FIAPF അംഗീകാരം തുടര്‍ വര്‍ഷത്തില്‍ നഷ്ടമായി .
    ഒരു ഉദാഹരണം ചൂണ്ടിക്കാട്ടി എന്നെ ഉള്ളൂ . FIAPF അംഗീകാരം ഇല്ലെങ്കില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ആണ് ഒരു മേളയ്ക്ക് ഉണ്ടാവുക എന്നതൊക്കെ വലിയ രീതിയില്‍ വിശദീകരിക്കേണ്ടതായത് കൊണ്ട് തല്‍ക്കാലം അതിനു മുതിരുന്നില്ല . FIAPF അംഗീകാരം ഉള്ള മേളയായിട്ടു പോലും കേരള ചലച്ചിത്ര മേള ലോകത്തെ പ്രധാനപ്പെട്ട ഒരു മേളയായി ലോക ചലച്ചിത്ര മേള സര്‍ക്യൂട്ടില്‍ ആരും കണക്കാക്കാറില്ല എന്ന സത്യം നമുക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ആണെങ്കിലും യാഥാര്‍ത്ഥ്യം ആണ് . FIAPF അംഗീകാരം കൂടി നഷ്ടപ്പെട്ടാല്‍ പിന്നെ പറയേണ്ടതില്ലല്ലോ .
    ഏതായാലും ഈ നിയമാവലി ഒക്കെ ചലച്ചിത്ര അക്കാദമി അംഗങ്ങള്‍ക്ക് അറിയാം എന്നാണ് കരുതുന്നത് . അതുകൊണ്ട് FIAPF അനുമതി ഒക്കെ കൃത്യമായി നേടിയിട്ട് ആയിരിക്കും മേള നാല് സിറ്റികളില്‍ നടത്താന്‍ തീരുമാനിച്ചത് എന്ന് കരുതാം . ഏതായാലും നാല് സിറ്റികളില്‍ ആയി മേള ഗംഭീരമാകട്ടെ . കേരള ചലച്ചിത്ര മേള കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ ആയി മുഖ്യധാരാ സിനിമാ മേള ആക്കിയ അക്കാദമിയിലെ മുഖ്യധാരാ ഭാരവാഹികള്‍ക്ക് ഈ മേള എറണാകുളത്തേക്കു പറിച്ചു നടനം എന്നൊരു താല്പര്യം ഉണ്ടെന്നു കേട്ടിരുന്നു അതിന്റെ തുടക്കമായുള്ള നീക്കം ആണോ ഇതെന്ന സംശയം ബന്ധപ്പെട്ട പലരും ഉന്നയിക്കുന്നുണ്ട് . അങ്ങനെ ആവില്ല എന്ന് കരുതാം . പിന്നെ ചലച്ചിത്ര അക്കാദമിയുടെ നിലവിലെ രീതി വെച്ച് അതിനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ല ..

    അടിക്കുറിപ്പ് .തിരുവനന്തപുരത്ത് ഉദ്ഘാടന വേദിയിലും പാലക്കാട്ട് സമാപന വേദിയിലും കഴിഞ്ഞ 24 വര്‍ഷമായി മുഖ്യമന്ത്രിമാര്‍ മുടങ്ങാതെ നടത്തുന്ന ആ ആചാര വാഗ്ദാനം ഇത്തവണയും ഉണ്ടാകുമല്ലോ . കേരള ചലച്ചിത്ര മേളയ്ക്ക് സ്ഥിരം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് ദാ ഇപ്പൊ പണിയും ദാ ഇപ്പൊ പണിയും എന്ന ആ സ്ഥിരം വാഗ്ദാനം . കഴിഞ്ഞ വര്‍ഷങ്ങളിലെ തുടര്‍ച്ച ആയി അത് ഇത്തവണയും മറക്കാതെ പറയുമല്ലോ .. ആ വാഗ്ദാനം ഇല്ലാതെ എന്ത് ഫെസ്റ്റിവല്‍ ഉദ്ഘാടനവും സമാപനവും …